ചിത്ര രാജ്യത്തിന്റെ പൊതുസ്വത്ത്; ഒറ്റപ്പെടുത്തുന്നതിനോട് വിയോജിപ്പെന്ന് എം.വി.ഗോവിന്ദൻ: എംടിക്കും പിന്തുണ
Mail This Article
തിരുവനന്തപുരം∙ ഗായിക കെ.എസ്.ചിത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുൻപ് നടിയും നർത്തകിയുമായ ശോഭന ബിജെപി പരിപാടിയിൽ പങ്കെടുത്തപ്പോൾ സ്വീകരിച്ച അതേ നിലപാടാണ് ചിത്രയുടെ കാര്യത്തിലുമുള്ളതെന്ന് ഗോവിന്ദൻ വ്യക്തമാക്കി. ഒരു നിലപാട് എടുത്തതിന്റെ പേരിൽ ചിത്രയെ ഒറ്റപ്പെടുത്തുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ല. ഇവരെല്ലാം ഈ നാടിന്റെ പൊതു സ്വത്താണ്. നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്ന സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ ഉൾപ്പെടെയുള്ളവരെയെല്ലാം പൊതു സ്വത്തായാണ് കാണേണ്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
‘‘അടുത്തിടെ നമ്മുടെ നാട്ടിൽ ചില വിവാദങ്ങളും ഉയർന്നുവന്നിട്ടുണ്ട്. നമ്മുടെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട, നമ്മളെല്ലാം ഏറെ ഇഷ്ടപ്പെടുന്ന, ലോകം ശ്രദ്ധിക്കുന്ന ഗാനങ്ങൾ രാജ്യത്തിനു നൽകിയ പ്രതിഭയായ ചിത്ര സ്വീകരിച്ച ചില നിലപാടുകളുമായി ബന്ധപ്പെട്ടും വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പക്ഷേ അതിന്റെ പേരിൽ ആകെ ചിത്രയ്‌ക്കെതിരായി നീങ്ങുക എന്നു പറയുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല.
‘‘മുൻപ് ശോഭന ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നുവന്നപ്പോഴും ഞാൻ നിലപാട് വ്യക്തമായിത്തന്നെ പറഞ്ഞതാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട നർത്തകിയും നടിയുമെല്ലാമാണ് ശോഭന. ഇവരെല്ലാം തന്നെ ഈ നാടിന്റെ പൊതുസ്വത്താണ്. അവരെ ഏതെങ്കിലും കള്ളിയിലാക്കി അങ്ങോട്ടും ഇങ്ങോട്ടും മാറ്റേണ്ടതില്ല. അവരുടെ നിലപാടിനെക്കുറിച്ച് വിമർശനാത്മകമായി സംസാരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്.
‘‘മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർ നമ്മൾ ഇഷ്ടപ്പെടുന്ന സിനിമാരംഗത്തെ അതികായരല്ലേ? സാഹിത്യരംഗം എടുത്താൽ ടി.പത്മനാഭൻ, ഇപ്പോൾ നമ്മളെല്ലാം ഏറെ സംസാരിക്കുന്ന വളരെ പ്രമുഖനായ എംടി, എം. മുകുന്ദൻ... ഇവരെയെല്ലാം നമ്മൾ ഏതെങ്കിലും നിലപാടിന്റെയോ പദപ്രയോഗത്തിന്റെയോ പേരിൽ തള്ളിപ്പറയേണ്ട കാര്യമില്ല. അവരെല്ലാം നമ്മുടെ നാടിന്റെ, രാജ്യത്തിന്റെ ഒരു സ്വത്താണെന്ന രീതിയിൽത്തന്നെ നമ്മൾ കാണണം.
‘‘ചിത്രയുടെ വിഷയത്തിലും പാർട്ടിയുടെ നിലപാട് അതു തന്നെയാണ്. എന്തെങ്കിലും കാര്യങ്ങൾ വിമർശനാത്മകമായി ഉണ്ടെങ്കിൽ ആ വിമർശനം നടത്തുന്നതിനോട് ഞങ്ങളാരും എതിരല്ല. പക്ഷേ, അതിലുപരി ഇവരെയെല്ലാം രാജ്യത്തെ പ്രമുഖ പ്രതിഭകളായിട്ടാണ് കാണേണ്ടത്. അതാണ് ഇതേക്കുറിച്ചുള്ള പ്രധാനപ്പെട്ട കാര്യം.’’ – ഗോവിന്ദൻ പറഞ്ഞു.