ADVERTISEMENT

കൊച്ചി∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും ലഭിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ തീരുമാനമെടുക്കാനും ഏതറ്റം വരെയും പോകാനും സംസ്ഥാന ഐഎൻടിയുസി തീരുമാനം. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ആലപ്പുഴ മണ്ഡലം തങ്ങൾക്ക് ലഭിക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായി അറിയുന്നു. സിറ്റിങ് എംപിമാർ തുടർച്ചയായി മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് എറണാകുളത്ത് നടന്ന ഐഎൻ‍ടിയുസി സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. 

കഴി‍ഞ്ഞ രണ്ടു ദശകത്തിലധികമായി ഐഎൻടിയുസിയോടു കടുത്ത അവഗണനയാണ് കോൺഗ്രസ് നേതൃത്വം പുലർത്തുന്നത് എന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. കെ.കരുണാകരന്റെ കാലശേഷം ഐഎൻടിയുസിക്കു സീറ്റുകൾ ലഭിക്കുന്നില്ല എന്ന കാര്യം സമ്മേളനത്തിൽ ചർച്ചയായി. 2016ൽ സംസ്ഥാന പാർട്ടി നേതൃത്വം ഒറ്റക്കെട്ടായി വാക്കു തന്നിട്ടും 2019ലും 2021ലും പരിഗണിക്കപ്പെട്ടില്ല എന്നാണ് സംഘടന പറയുന്നത്. ‘‘തിരഞ്ഞെടുപ്പിൽ വോട്ടാണ് പ്രധാനമെന്ന് കോൺഗ്രസ് തിരിച്ചറിയണം. 20 ലക്ഷം അംഗങ്ങളുള്ള ഐഎൻടിയുസി മാത്രമാണ് പാർട്ടിക്കു കൃത്യമായി വോട്ട് സമാഹരിച്ച്  പൂൾ ചെയ്യാൻ കഴിയുന്ന ഏക സംഘടന. ഇത്തവണയും അർഹമായ പരിഗണന ലഭിക്കുന്നില്ലെങ്കിൽ ഏതറ്റം വരെയും പോകണമെന്നാണു സംസ്‌ഥാന കമ്മിറ്റിയുടെ അഭിപ്രായം. ഐഎൻടിയുസിയെ പരിഗണിക്കാനുള്ള വിവേകം പാർട്ടി കാണിക്കണം’’ – ആർ.ചന്ദ്രശേഖരൻ പറഞ്ഞു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കഴിഞ്ഞ ദിവസം ഐഎൻടിയുസി സംസ്‌ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. സംഘടനയുടെ ആവശ്യങ്ങൾ അവരെ അറിയിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു. 

എല്ലാ മേഖലകളും തകർച്ചയിലാണ്. അതുകൊണ്ടു തന്നെ തൊഴിലാളി മേഖലകളിലാകെ നിരാശയാണ്. തൊഴിലാളികളുടെ വോട്ട് നേടാൻ കോൺഗ്രസിനും യുഡിഎഫിനും പുതിയ സമീപനവും പുതിയ അജണ്ടയും അനിവാര്യമാണ് എന്നും ചന്ദ്രശേഖരൻ പറഞ്ഞു. ഇത്തവണയും  ഐഎൻടിയുസിയുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നില്ലെങ്കിൽ സ്വന്തം തീരുമാനവുമായി മുന്നോട്ടു പോകും. മുൻവർഷങ്ങളിൽ നൽകിയ വാക്ക് പാലിക്കാൻ കോൺഗ്രസ് നേതൃത്വം ഇതേവരെ തയാറായിട്ടില്ല. ഇതു കൂടി ഉൾക്കൊണ്ടുള്ള തീരുമാനമാകും ഇത്തവണ കൈക്കൊള്ളുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘സിറ്റിങ് എംപിമാർക്കെല്ലാം സീറ്റ് എന്ന കാഴ്ചപ്പാട് കോൺഗ്രസിനുണ്ടെന്ന് ഐഎൻടിയുസിക്ക് ബോധ്യപ്പെട്ടിട്ടില്ല. സീറ്റുകൾക്കെല്ലാം പരിധി നിശ്ചയിക്കേണ്ട കാലം കഴിഞ്ഞു. സീറ്റുകൾ നൽകുന്നതിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണം. പുതിയ ആൾക്കാരും വനിതകളും മുന്നോട്ടു വരണമെന്ന് രാഹുൽ ഗാന്ധി പോലും പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റിങ് എംപിമാർക്ക് സ്‌ഥിരമായി സീറ്റ് നൽകുന്നതിനോട് ഐഎൻടിയുസിക്ക് താത്പര്യമില്ല. 

കർഷകരും തൊഴിലാളിസംഘടനകളും ഒറ്റക്കെട്ടായി കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന സമരത്തിന് ഇന്ന് ചേരുന്ന സംയുക്ത തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി തീരുമാനമെടുക്കും. സംസ്‌ഥാനത്തെ ധനകാര്യ മാനേജ്‌മെന്‍റ്  സമ്പൂർണ പരാജയമാണ്. ക്ഷേമനിധി ബോർഡുകൾ നാമാവശേഷമായി. ഇതിനു പരിഹാരം കാണണമെന്ന് ധനകാര്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പണം മുടക്കി പണം നേടാൻ സർക്കാർ ശ്രമിക്കണം. പുതിയ ഗതാഗത മന്ത്രിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. മന്ത്രിയുടെ ആശയങ്ങൾ സ്വാഗതം ചെയ്യുന്നതായും മുൻപ് മന്ത്രിയായിരുന്നപ്പോൾ തൊഴിലാളികൾക്കു പ്രതീക്ഷ നൽകുകയും കെഎസ്ആർടിസിയിൽ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്ത ആളെന്ന നിലയിൽ മന്ത്രിയെ പ്രതീക്ഷയോടെയാണ് കാണുന്നത്’’ – ചന്ദ്രശേഖരൻ വ്യക്തമാക്കി.

English Summary:

INTUC Pressures Congress for Alappuzha Seat In Loksabha Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com