ADVERTISEMENT

തിരുവനന്തപുരം ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ വിമർശനം. ആരാധനാലയത്തിന്റെ ഉദ്ഘാടനം സർക്കാർ പരിപാടിയായി കൊണ്ടാടുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ട്രസ്റ്റ് പലരെയും ചടങ്ങിനു ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തം സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്തിട്ടുള്ള നാം ചടങ്ങിൽ പങ്കെടുക്കാതെ മതേതര മൂല്യങ്ങളോടുള്ള പ്രതിബന്ധത ഒന്നുകൂടി ഉറപ്പിക്കാന്‍ ഈ പരിപാടിക്ക് കിട്ടിയ ക്ഷണം നിരസിക്കുകയാണ് വേണ്ടത്. 

ഈ അവസരം മതേതരത്വവും സാഹോദര്യവും മതവും ഭാഷകളും പ്രദേശികവുമായ ഐക്യവും ഊട്ടിഉറപ്പിക്കാനുള്ള അവസരമായി കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ ശാസ്ത്രപരതയിലൂടെ, മാനവികതയിലൂടെ പരിഷ്കരണങ്ങൾക്കുള്ള മനസോടെ മുന്നോട്ടു കുതിക്കട്ടെയെന്നും വിഡിയോ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവ്. സ്വാതന്ത്ര്യസമര കാലം മുതൽ അത് രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗം. വിശ്വാസികളും ഏതെങ്കിലും മതത്തിൽ വിശ്വസിക്കാത്തവരും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു. ഈ രാജ്യത്ത് എല്ലാ വിഭാഗക്കാർക്കും തുല്യാവകാശമാണ്. മതവിശ്വാസം സ്വകാര്യകാര്യമാണ്. 

എല്ലാ വിഭാഗക്കാരും തുല്യഅവകാശം അനുഭവിക്കുന്നു എന്ന് ഭരണഘടന അനുസരിച്ച് പ്രതിജ്ഞ എടുത്ത് അധികാരത്തിലേറുന്നവർ ഓർക്കണം. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കരുത്. ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞത് ഇന്ത്യയുടെ മതേതരത്വം എന്നാൽ മതവും രാഷ്ട്രവും വിഭിന്നമാണ് എന്നാണ്. അത് നിലനിർത്തിയ പാരമ്പര്യമാണ് നമുക്കുള്ളത്. രാഷ്ട്രവും മതവും തമ്മിലുള്ള അതിർവരമ്പ് ഇപ്പോൾ ചുരുങ്ങി വരുന്നു. ഭരണഘടനാ സ്ഥാനങ്ങൾ വഹിക്കുന്നവർ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നത് വിലക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കാരണം അത് മതേതരമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന പ്രക്രിയയായിരുന്നു. ആ കാലഘട്ടത്തിൽ നിന്നും നാം പിന്നോട്ടു പോയതായും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Secularism is the soul of our nation: CM Pinarayi Vijayan Criticises Ayodhya Ram Mandir Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com