ADVERTISEMENT

ഹൈദരാബാദ് ∙ തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ അഴിമതി വിരുദ്ധ ബ്യൂറോയുടെ (എസിബി) റെയ്ഡിൽ കണ്ടെത്തിയത് 100 കോടി രൂപയിലേറെ മൂല്യമുള്ള സ്വത്തുവകകൾ. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റി മുൻ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വസതികളിലും ഓഫിസുകളിലുമായാണു കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തിയത്.

ശിവ ബാലകൃഷ്ണ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അപ്രതീക്ഷിതമായാണ് എസിബി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കു പെര്‍മിറ്റ് അനുവദിച്ചതിലൂടെ കോടിക്കണക്കിനു രൂപ ഇയാള്‍ കൈക്കൂലി വാങ്ങിയെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി എസിബി അറിയിച്ചു.

സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഒരേ സമയത്തായിരുന്നു റെയ്ഡ്. ശിവ ബാലകൃഷ്ണയ്ക്കു പുറമേ ഇദ്ദേഹത്തിന്റെ ബന്ധുക്കളുടെ വീടുകളിലും ഓഫിസുകളിലും പരിശോധന നടന്നു. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെയും ഓഫിസുകളടക്കം 20 ഇടങ്ങളിൽ പരിശോധിച്ചു. റെയ്ഡ് തുടരുമെന്ന് എസിബി വ്യക്തമാക്കി.

പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ച ശിവ ബാലകൃഷ്ണയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. 40 ലക്ഷം രൂപയുടെ കറൻസി നോട്ട്, രണ്ട് കിലോഗ്രാം സ്വർണാഭരണം, 60 ആഡംബര വാച്ചുകൾ, വസ്തുവിന്റെ പ്രമാണങ്ങൾ, വലിയ തുകകളുടെ ബാങ്ക് നിക്ഷേപ രേഖ, 14 ഫോൺ, 10 ലാപ്‍ടോപ്, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണു പിടിച്ചെടുത്തത്. ഇയാളുടെ ബാങ്ക് ലോക്കറുകളടക്കം വിശദമായി പരിശോധിക്കുമെന്ന് എസിബി അറിയിച്ചു.

English Summary:

Assets Of Over ₹ 100 Crore Found In Searches At Homes, Offices Of Telangana Official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com