ADVERTISEMENT

ഡെറാഡൂൺ∙ ഗംഗാനദിയിൽ മുങ്ങിയാൽ രക്താർബുദം മാറുമെന്ന അന്ധവിശ്വാസം അഞ്ചുവയസ്സുകാരന്റെ ജീവനെടുത്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. ഡൽഹി സ്വദേശികളാണ് രക്താർബുദ ബാധിതനായ മകനെയും കൊണ്ട് അദ്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിൽ ഹരിദ്വാറിലെത്തിയത്. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ ശ്രമം പക്ഷേ, കുഞ്ഞിന്റെ ജീവനെടുക്കുകയായിരുന്നു.

ഡൽഹിയിലെ ഒരു പ്രമുഖ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അഞ്ചുവസ്സുകാരൻ. രോഗം മൂർച്ഛിച്ചതോടെ കുഞ്ഞിനെ രക്ഷിക്കാനാകില്ലെന്നു ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു. ഇതോടെയാണു രക്ഷിതാക്കൾ അന്ധവിശ്വാസത്തിന്റെ മാർഗത്തിലേക്കു തിരിഞ്ഞത്. ഉത്തരേന്ത്യയിലെ കനത്ത ശൈത്യം വകവയ്ക്കാതെയാണ് ഇവർ കുഞ്ഞുമായി ഹരിദ്വാറിലെത്തിയത്. 

രക്ഷിതാക്കൾക്കൊപ്പം കുട്ടിയുടെ അമ്മായിയെന്നു കരുതുന്ന ഒരു സ്ത്രീയും കുട്ടിയുടെ കൂടെ ഉണ്ടായിരുന്നു. രക്ഷിതാക്കൾ ഉറക്കെ പ്രാർഥന ചൊല്ലുന്നതും ബന്ധുവായ സ്ത്രീ കുട്ടിയെ ഗംഗാ നദിയിൽ മുക്കുന്നതിന്റെയും ദൃശ്യങ്ങളടങ്ങുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ കുറേസമയം വെള്ളത്തിനടിയിൽ താഴ്ത്തിപ്പിടിക്കുന്നതു കണ്ട് ആളുകൾ സംഭവസ്ഥലത്ത് തടിച്ചുകൂടുന്നതും കുട്ടിയെ വേഗം പുറത്തെടുക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ കുട്ടിയെ പുറത്തെടുക്കാൻ ആവശ്യപ്പെടുന്നവരോടു ബന്ധുവായ സ്ത്രീ തട്ടിക്കയറുകയാണ് ചെയ്തത്. ഒടുവിൽ അവിടെകൂടിയവരാണ് കുഞ്ഞിനെ വെള്ളത്തിൽനിന്നു പുറത്തേക്കു വലിച്ചെടുക്കുന്നത്. അനക്കമില്ലാതെ തറയിൽ കിടക്കുന്ന കുഞ്ഞ് തിരിച്ചുവരുമെന്ന് ബന്ധു ആവർത്തിക്കുന്നതും വിഡിയോയിൽ ഉണ്ട്. 

ഡൽഹിയിലെ പ്രമുഖ ആശുപത്രിയിൽ കുഞ്ഞ് ചികിത്സ തേടിയിരുന്നുവെന്നും ഡോക്ടർമാർ കയ്യൊഴിഞ്ഞതോടെ രക്ഷിതാക്കൾ അന്ധവിശ്വാസത്തെ മുറുകെ പിടിച്ച് കുഞ്ഞിനെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിൽ ഹരിദ്വാറിലെത്തുകയാണ് ഉണ്ടായതെന്നും ഹരിദ്വാർ സിറ്റി പൊലീസ് ഓഫിസർ സ്വതന്ത്ര കുമാർ അറിയിച്ചു. രക്ഷിതാക്കളെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

English Summary:

Ganga can cure cancer superstition claimes 5year old's life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com