ADVERTISEMENT

കൊച്ചി∙ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം യുവാക്കളിലേക്ക് പകര്‍ന്ന് നടന്‍ ടൊവിനോ തോമസ്. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃക്കാക്കര ഭാരത മാതാ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണ്‍ കൂടിയായ ടൊവിനോ തോമസ്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ് വോട്ടിങ്ങിലൂടെ സാധ്യമാകുന്നതെന്ന് ടൊവിനോ പറഞ്ഞു. വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. 

Read also: ഭാരത് ജോഡോ യാത്രയിൽ നിതീഷ് പങ്കെടുത്തേക്കില്ല; കോൺഗ്രസ് സഖ്യം വിട്ട് ബിജെപിക്കൊപ്പം ചേർന്നേക്കും

വോട്ട് ചെയ്യാതിരിക്കുന്നത് നമ്മെ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരെയും ബാധിക്കും. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ഭാവിയാണ് വോട്ടിങ്ങിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന, നമ്മെ നയിക്കാന്‍ കഴിയുന്ന വ്യക്തിക്കായിരിക്കും എന്റെ വോട്ട്. വോട്ടവകാശം ലഭിച്ച ശേഷം വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയിട്ടില്ല. ഭാവി തലമുറകള്‍ സുരക്ഷിതരായിരിക്കാനും തുല്യത ഉറപ്പാക്കാനും എല്ലാവരും വോട്ട് ചെയ്യുമെന്ന് ഉറപ്പാക്കണമെന്നും ടൊവിനോ അഭ്യര്‍ഥിച്ചു. 

വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനാണ് ദേശീയ സമ്മതിദാന ദിനം ആഘോഷിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. 30 വയസ് വരെയുള്ളവരുടെ വോട്ടിങ് ശതമാനം കുറവാണെന്നത് വലിയ വെല്ലുവിളിയാണ്. 35 വയസില്‍ താഴെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യയുടെ 60-65%. ജനാധിപത്യത്തിന്റെ ഭാവി യുവാക്കളുടെ കൈകളിലാണ്. ആഗോള തലത്തില്‍ സൂപ്പര്‍ പവറായി ഇന്ത്യ വളരുമ്പോള്‍ നാടിനെ നയിക്കേണ്ട യുവാക്കള്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കരുത്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വോട്ടിങ് ശതമാനം കൂടുതലാണ്. വോട്ടര്‍ പട്ടികയില്‍ പേര് റജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം റജിസ്റ്റര്‍ ചെയ്യണമെന്നും എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

ചടങ്ങില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ ദേശീയ സമ്മതിദാന സന്ദേശ വിഡിയോ പ്രദര്‍ശിപ്പിച്ചു. ടൊവിനോ തോമസ് ദേശീയ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്തു. തൃശൂര്‍ ജില്ലാ കലക്ടര്‍ കൃഷ്ണ തേജ, മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ്, കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. തൃശൂര്‍ കലക്ടര്‍ കൃഷ്ണ തേജയുടെയും കോഴിക്കോട് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെയും അഭാവത്തില്‍ യഥാക്രമം സബ് കലക്ടര്‍മാരായ മുഹമ്മദ് ഷെഫീഖ്, ഹര്‍ഷില്‍ ആര്‍ മീണ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 

English Summary:

My vote will be for the person who can preserve democracy: Tovino Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com