ADVERTISEMENT

കൊച്ചി ∙ 'പെഡികോണി'നായി കൊച്ചിയിലെത്തുന്ന ഡോക്ടർമാർക്ക് യാത്ര ഒരു തലവേദനയാകില്ല.എവിടേക്കാണു പോകേണ്ടതെന്നും അതിനുള്ള വാഹനം എവിടെ പാർക്ക് ചെയ്തിട്ടുണ്ട് എന്നുമുള്ള വിവരം സമ്മേളനത്തിൽ പങ്കെടുക്കുന്ന ഡോക്ടർക്ക് ആപ് വഴി ലഭിക്കും. ഇതേ സമയത്തുതന്നെ എവിടെ നിന്നാണു യാത്രക്കാരെ കയറ്റേണ്ടതെന്നും എവിടെയാണു വാഹനം പാർക്ക് ചെയ്യേണ്ടതെന്നുമുള്ള അറിയിപ്പ് ഡ്രൈവർക്കും ലഭിക്കും. അങ്ങനെ താമസിക്കുന്ന സ്ഥലത്തുനിന്നു കൊച്ചിയിലെ മറൈൻ ഡ്രൈവിലെത്തിയാൽ അവിടെ വാട്ടർ മെട്രോ ഉണ്ടാവും. അതിൽ കയറി ബോൾഗാട്ടിയിലേക്ക്. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംഘടിപ്പിക്കുന്ന ശിശുരോഗ വിദഗ്ധരുടെ നാലു ദിവസത്തെ ദേശീയ സമ്മേളനത്തിനായി 7,000 പ്രതിനിധികളടക്കം 10,000 പേരോളമാണു നാലു ദിവസം കൊച്ചിയിൽ ഒത്തുകൂടുന്നത്. വൈകിട്ട് ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രന്‍ ‘പെഡികോൺ– 2024’ ഉദ്ഘാടനം ചെയ്യും. കൊച്ചി കേന്ദ്രീകൃതമായി ‘കേരള പാക്കേജ്’ ടൂറിസത്തിന്റെ കുതിച്ചുചാട്ടത്തിനു കൂടിയാണ് ഇത്തരം സമ്മേളനങ്ങൾ കാരണമാവുന്നത്. 

പെഡികോൺ–2024 സമ്മേളന വേദിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ആറ്റ്‍ലി ഫെർണാണ്ടസ് ∙ മനോരമ
പെഡികോൺ–2024 സമ്മേളന വേദിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ആറ്റ്‍ലി ഫെർണാണ്ടസ് ∙ മനോരമ

Read Also:  ജോസഫിന് മരണക്കുറിപ്പ് എഴുതി നൽകിയത് മാധ്യമപ്രവർത്തകൻ, പരിശോധിക്കണം: ചക്കിട്ടപാറ പഞ്ചായത്ത്

‘‘26 വർഷത്തിനു ശേഷമാണ് കൊച്ചിയിൽ ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കുന്നത്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ തന്നെയായിരുന്നു ഇത്തരമൊരു സമ്മേളനം ഇത്രയും കാലം ഇവിടെ എത്താതിരിക്കാൻ കാരണം. ഇപ്പോൾ കാര്യങ്ങൾ മാറി. ഇത്രയും ആളുകളെ നഗരത്തിൽ പ്രശ്നങ്ങളൊന്നുമില്ലാതെ സംഘടിപ്പിക്കാം എന്ന ധൈര്യം വന്നു’’– സംഘാടക സമിതി പറയുന്നു. സംഘാടകർക്ക് ഈ ധൈര്യം നല്‍കിയതിൽ പ്രധാനപ്പെട്ട ഒന്ന് കൊച്ചിയിലെ വാട്ടർ മെട്രോയാണ്. വാട്ടർ മെട്രോയുടെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണു സംഘാടകർ തീരുമാനിച്ചത്. അതുവഴി നഗരത്തിലെ ഗതാഗത കുരുക്ക് വർധിപ്പിക്കാതിരിക്കാനും സാധിക്കും. 

പെഡികോൺ–2024 സമ്മേളന വേദിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ആറ്റ്‍ലി ഫെർണാണ്ടസ് ∙ മനോരമ
പെഡികോൺ–2024 സമ്മേളന വേദിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ആറ്റ്‍ലി ഫെർണാണ്ടസ് ∙ മനോരമ

1200 പ്രതിനിധികൾ ഉൾപ്പെടെ 7000 ശിശുരോഗ വിദഗ്ധർക്കായി 2500 വാഹനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ 1500 വാഹനങ്ങൾ മറൈൻ ഡ്രൈവിൽ പാർക്ക് ചെയ്യാം. വാട്ടർ മെട്രോയുമായി കരാർ ഉണ്ടാക്കിയതോടെ മറൈൻ ഡ്രൈവിൽനിന്നു ഡോക്ടർമാരുമായി ബോട്ട് ബോൾഗാട്ടി പാലസിലേക്കു പോകും. ‘‘ട്രാഫിക് എങ്ങനെ കൈകാര്യം ചെയ്യും എന്നതായിരുന്നു പ്രധാന ആശങ്ക. വാട്ടർ മെട്രോ വന്നതോടെ ആ സൗകര്യം പൂർണമായി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു അതോടെ റോഡ് വഴിയുള്ള ഗതാഗതം ഒരു പരിധി വരെ ഒഴിവാക്കാനായി. ഓരോ 10 മിനിറ്റിലും നൂറോളം പേരെ മറൈൻ ഡ്രൈവിൽനിന്ന് ബോൾഗാട്ടിയിലേക്ക് കൊണ്ടു പോകും. അവിടെനിന്ന് സമ്മേളന സദസ്സായ ഗ്രാൻഡ് ഹയാത്തിലേക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി 20 ഇ–ഓട്ടോയും ബഗ്ഗികളും ഏർപ്പാടാക്കി’’– സംഘാടക സമിതി ട്രഷറർ ഡോ.എം.ജെ.ജുനൈദ് റഹ്മാൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.  

പെഡികോൺ–2024 സമ്മേളന വേദിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ആറ്റ്‍ലി ഫെർണാണ്ടസ് ∙ മനോരമ
പെഡികോൺ–2024 സമ്മേളന വേദിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ആറ്റ്‍ലി ഫെർണാണ്ടസ് ∙ മനോരമ

വാഹനങ്ങൾ എങ്ങനെ പാർക്ക് ചെയ്യും എന്നതായിരുന്നു തലവേദനകളിലൊന്ന്. അതിന് ആദ്യം ചെയ്തത് പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുകയായിരുന്നു. മറൈൻ ഡ്രൈവ് മുഴുവനായി പാർക്കിങ്ങിനെടുത്തു. ബോൾഗാട്ടിയും മൊത്തമായി പാർക്കിങ്ങിന് ഉപയോഗിക്കും. ബോൾഗാട്ടിയിൽ തന്നെയുള്ള തെങ്ങിൻതോപ്പ് പുല്ലൊക്കെ ചെത്തിമാറ്റി പാർക്കിങ്ങിന് സജ്ജമാക്കി. വല്ലാർപാടം പള്ളിയുടെ മൈതാനം ഉൾപ്പെടെയുള്ള പാർക്കിങ് കേന്ദ്രങ്ങൾ വേറെയുമുണ്ട്. നഗരത്തിലെ ടാക്സികൾ മുഴുവൻ സമ്മേളനത്തിനു വേണ്ടി വാടകയ്ക്ക് എടുത്തു. നാലു ദിവസത്തെ സമ്മേളന ഓട്ടം മാത്രമല്ല ഇവർക്ക് ലഭിക്കുന്നത്. പെഡികോണിന് എത്തിയിരിക്കുന്ന 7000 പേരിൽ 25 ശതമാനം ആളുകളുടെയും കുടുംബാംഗങ്ങളും കേരളത്തിലെത്തിയിട്ടുണ്ട്. സമ്മേളനം രണ്ടു ദിവസം പിന്നിടുന്നതോടെ ഇവരിൽ ഭൂരിഭാഗവും മൂന്നാറും തേക്കടിയും ആലപ്പുഴയും കുമരകവുമൊക്കെ സന്ദർശിക്കാൻ പോകും. ടാക്സിയും ഹോട്ടൽ മുറികളും മാത്രമല്ല, ടൂറിസവുമായി ബന്ധപ്പെട്ടുള്ള എല്ലാ മേഖലകളിലും ഇതിന്റെ ഗുണങ്ങള്‍ ലഭിക്കും.

പെഡികോൺ–2024 സമ്മേളന വേദിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ആറ്റ്‍ലി ഫെർണാണ്ടസ് ∙ മനോരമ
പെഡികോൺ–2024 സമ്മേളന വേദിയിൽ നിന്നുള്ള ദൃശ്യം. ചിത്രം: ആറ്റ്‍ലി ഫെർണാണ്ടസ് ∙ മനോരമ

കൊച്ചി നഗരത്തിൽ ത്രീ സ്റ്റാറിന്റെ മുകളിൽ 4200–4500 മുറികളാണുള്ളത്. അതെല്ലാം സമ്മേളത്തിനെത്തിയവർക്കായി ബുക്ക് ചെയ്തു. കൊച്ചിക്ക് പുറത്തേക്ക് വടക്ക് അങ്കമാലി വരെയും തെക്ക് ആലപ്പുഴ വരെയും മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്. മുൻപ് 50 പേരിൽ താഴെയുള്ള ഐടി കമ്പനികളുടെ വാർഷിക യോഗങ്ങളോ പ്രത്യേക ആഘോഷങ്ങളോ പോലുള്ളവ നടത്തിയിരുന്നത് ഒഴിച്ചാല്‍ വലിയ സമ്മേളനങ്ങൾ കൊച്ചിയിൽ കുറവായിരുന്നു. എന്നാൽ ‘കോൺഫറൻസ് ടൂറിസ’ത്തിന്റെ സാധ്യതകൾ കൊച്ചിയിൽ‍ വർധിക്കുന്നു എന്നതാണ് സമീപകാല ട്രെൻഡുകൾ വ്യക്തമാക്കുന്നത്. അടുത്തിടെ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെയും ഓൾ ഇന്ത്യ ഒക്കുപ്പേഷനൽ തെറപ്പിസ്റ്റ് അസോസിയേഷന്റെയും ദേശീയ സമ്മേളനങ്ങൾ കൊച്ചിയിൽ നടന്നിരുന്നു. 4000 പേരോളം ഈ സമ്മേളനങ്ങൾക്കായി കൊച്ചിയിലെത്തി.

അതിനു പിന്നാലെയാണ് 10,000 പേരോളം വരുന്ന പെഡികോണ്‍–2024ന് വേദിയാകുന്നത്. 100 മുതൽ 150 കോടിയുടെ വരെ സാമ്പത്തിക ഇടപാടുകള്‍ ഈ സമ്മേളനവുമായി ബന്ധപ്പെട്ട് നടന്നേക്കുമെന്നാണു കണക്കുകൾ. ‘ആഗോളതാപനവും കുട്ടികളുടെ ആരോഗ്യവും’ എന്നതാണ് ഇത്തവണ പെഡികോണിന്റെ വിഷയം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ‘ഗ്രീൻ കോൺഫറൻസ്’ എന്ന ആശയമാണു കൊച്ചിയില്‍ പിന്തുടരുന്നതെന്നു സംഘാടക സമിതി ചെയർമാൻ ഡോ. എസ്.സച്ചിദാനന്ദ കാമത്തും ഐഎഎപി പ്രസിഡന്റ് ഡോ. ജി.വി.ബാസവരാജും പറയുന്നു. സമ്മേളനത്തിൽ കടലാസിന്റെ ഉപയോഗം പൂർണമായി ഒഴിവാക്കി. പ്രോഗ്രാം ചാർട്ട്, ഷെഡ്യൂൾ, സമ്മേളനത്തിനുള്ള ക്ഷണം എല്ലാം ഡിജിറ്റലാണ്. സമ്മേളനത്തിന്റെ എല്ലാ വിവരങ്ങളും വെബ്സൈറ്റില്‍ ഉൾക്കൊള്ളിച്ചു. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാത്രമാണു സമ്മേളനത്തിൽ ഉപയോഗിക്കുന്നത്.

English Summary:

Pedicon-2024 will pave the way for a boom in tourism in the Kochi-centric 'Kerala Package'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com