ഒഡീഷയിൽനിന്നും ട്രെയിനിൽ കടത്തിക്കൊണ്ടുവന്നത് 12 കിലോ കഞ്ചാവ്: 3 പേർ പിടിയിൽ

Mail This Article
കോഴിക്കോട്∙ ഒഡീഷയിൽനിന്നും കോഴിക്കോട്ടേക്കു ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. കോഴിക്കോട് ഡിസിപി അനൂജ് പരിവാളിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസും ആന്റി നർക്കോട്ടിക് ഷാഡോസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഒഡീഷ സ്വദേശിയായ മാനസ് ദാസ് (25), മഹാരാഷ്ട്ര സ്വദേശികളായ രാകേഷ് (32), സന്ദേശ് (30) എന്നിവരെയാണു വ്യാഴാഴ്ച രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റ് പരിസരത്തുനിന്നു പിടികൂടിയത്. മാനസ് ദാസിനെ മുൻപും കഞ്ചാവ് കൈവശം വച്ചതിനു മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും വൻതോതിൽ കഞ്ചാവ് വിൽപ്പന ആരംഭിച്ച വിവരം പൊലീസിനു ലഭിച്ചു. തുടർന്ന് ഇയാൾ കഴിഞ്ഞ കുറെ നാളുകളായി രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു.
Read Also: വീട്ടുകാരെ മയക്കികിടത്തി കവർച്ച നടത്തിയ നേപ്പാൾ സ്വദേശി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്ടേക്ക് എത്തിക്കുന്ന കഞ്ചാവ് മൊത്തമായും ചില്ലറയായും ഇവരിൽനിന്നു കൈപ്പറ്റുന്ന മയക്കുമരുന്നു മാഫിയകളെ കുറിച്ചു വ്യക്തമായ വിവരം പ്രതികളെ ചോദ്യം ചെയ്തതിൽനിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. മാസത്തിൽ ഒന്നും രണ്ടും തവണയാണ് ഇവർ ഒഡീഷയിൽ പോയി കിലോ കണക്കിന് കഞ്ചാവുമായി തിരിച്ചെത്തുന്നത്. ഇത്തരത്തിൽ കഞ്ചാവു കച്ചവടം ചെയ്യുന്ന ഒട്ടേറെ ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് നിരീക്ഷണത്തിലുണ്ട്. സമീപകാലത്തു പതിനഞ്ചോളം ഇതര സംസ്ഥാന തൊഴിലാളികളിൽനിന്നു 100 കിലോയോളം കഞ്ചാവ് പൊലീസ് പിടിച്ചിട്ടുണ്ട്.