ADVERTISEMENT

ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി സർക്കാർ പ്രതീക്ഷിക്കുന്ന വർഷമാണു വരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പും അടുക്കുന്നു. പരമാവധി വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യം ഒരു വശത്ത്. ഒട്ടേറെ ജനകീയ പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പാക്കേണ്ട സാഹചര്യം മറുവശത്ത്. അടുത്ത മാസം 5ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇൗ വെല്ലുവിളി എങ്ങനെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നേരിടും. അദ്ദേഹം സംസാരിക്കുന്നു.

ഇത്തവണ ബജറ്റിലെ പ്രധാന വെല്ലുവിളി എന്താണ്? 

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. രാജ്യത്തെ ആകെ വരുമാനത്തിന്റെ 63% ആണ് കേന്ദ്ര സർക്കാർ എടുക്കുന്നത്. എന്നാൽ ആകെ ചെലവിൽ 64% സംസ്ഥാനങ്ങളുടെ തലയിലാണ്. നികുതി വീതം വയ്ക്കുന്നതിൽ കേരളത്തോടു കടുത്ത അവഗണന കാട്ടുന്നു. 3.8% നികുതി വിഹിതം കിട്ടിയിരുന്നത് 1.9% ആയി കുറച്ചു. 20,000 കോടി രൂപയാണ് ഇതിലൂടെ മാത്രം കുറയുക.  

കേന്ദ്രത്തെ കുറ്റം പറഞ്ഞാൽ‌ പ്രതിസന്ധി തീരുമോ? 

നമ്മുടെ കയ്യിലെ മുഴുവൻ സ്വത്തിന്റെ 70% എടുത്തു കൊണ്ടു പോയിട്ട് നമുക്ക് അവകാശപ്പെട്ടത് തരാതിരിക്കുകയാണ്. ആകെ റവന്യു വരുമാനത്തിൽ 46% നേരത്തെ കേന്ദ്രത്തിൽ‌ നിന്നു കിട്ടിയിരുന്നു. കഴിഞ്ഞ വർഷം ഇതു 35 ശതമാനമായും ഇൗ വർഷം 29 ശതമാനമായും കുറഞ്ഞു. രാജ്യത്ത് ഇത്രയും കുറച്ചു കേന്ദ്ര വിഹിതം കിട്ടുന്ന സംസ്ഥാനം വേറെ ഉണ്ടാകില്ല. ഇൗ കണക്കു കേട്ട് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം എന്നോടു നേരിട്ടു ചോദിച്ചത് ഇൗ അവസ്ഥയിൽ എങ്ങനെ നിങ്ങൾ മുന്നോട്ടു പോകുന്നു എന്നാണ്. സുപ്രീം കോടതി യിൽ അടക്കം കേസുമായി പോകേണ്ടി വന്നത് അതുകൊണ്ടാണ്. എന്നാൽ, സംസ്ഥാന സർക്കാരിന് എങ്ങനെ മുന്നോട്ടു പോകാമെന്നും ചിന്തിക്കും. അതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും. 

കേരളത്തിലെ എല്ലാ മേഖലകളും കടുത്ത പ്രതിസന്ധി നേരിടുന്നതിന്റെ സൂചനകൾ വരുന്നുണ്ട്. ഇൗ മാന്ദ്യം നേരിടാൻ ബജറ്റിൽ എന്തുണ്ടാകും? 

കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക മരവിപ്പ് നേരിടുന്നുണ്ട്. അടുത്ത വർഷം മുതൽ ലോകത്താകെ സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നു. സിമന്റിന്റെ വില കുറഞ്ഞതു തന്നെ നിർമാണ മേഖല നേരിടുന്ന പ്രതിസന്ധിയുടെ സൂചനയാണ്. യുദ്ധം അതിനൊരു കാരണമാണ്. പരമാവധി പണം ജനങ്ങളിലെത്തിച്ചാണ് ഇതിനു പരിഹാരം കാണേണ്ടത്. കേന്ദ്ര സർക്കാരിനാണ് ഇത്തരം ഇടപെടലുകൾ ഫലപ്രദമായി നടത്താൻ കഴിയുക. കേന്ദ്രത്തിന്റെ നിസ്സഹകരണം കാരണം കേരളത്തിനു ലഭിക്കേണ്ട തുകയിൽ 57,000 കോടി രൂപ കുറയുമെന്നാണ് നമ്മുടെ കണക്ക്. 1,70,000 കോടി രൂപ ഒരു വർഷം ചെലവാക്കുന്ന സംസ്ഥാനത്തിന് 57,000 കോടി കുറവു വന്നാൽ എങ്ങനെ പിടിച്ചുനിൽക്കാനാകും? 

മാന്ദ്യ വിരുദ്ധ പാക്കേജ് ബജറ്റിൽ പ്രതീക്ഷിക്കാമോ? 

ഒന്നുകിൽ സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം കേന്ദ്രം നൽകണം. കടമെടുപ്പ് പരിധി ഒരു ശതമാനം വർധിപ്പിച്ചു തന്നാൽ 12,000 കോടി വരെ അധികം കടമെടുക്കാം. മാന്ദ്യ വിരുദ്ധ നടപടികൾക്ക് ആ പണം ഉപയോഗിക്കാനാകും. കടമെടുപ്പ് വെട്ടിക്കുറയ്ക്കുന്നത് ഒഴിവാക്കുകയും വേണം.  മാന്ദ്യം നേരിടുന്നതിനുള്ള എല്ലാ നടപടികളും ബജറ്റിൽ പ്രതീക്ഷിക്കാം. 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബി വഴിയും മറ്റും എടുത്ത കടവും ശമ്പള പരിഷ്കരണം വഴി വന്ന അധികച്ചെലവും ഒക്കെയല്ലേ പ്രതിസന്ധി രൂക്ഷമാക്കാൻ ഒരു കാരണം?  

കിഫ്ബി നല്ല മോഡൽ തന്നെയാണ്. അതിനെ കേന്ദ്ര സർക്കാർ തടഞ്ഞതു കൊണ്ടാണല്ലോ ഇപ്പോൾ പ്രതിസന്ധി ഉണ്ടായത്. 80,000 കോടിയുടെ പദ്ധതികളാണു കിഫ്ബി ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്. ഇൗ തുക ഘട്ടംഘട്ടമായി അടച്ചു തീർക്കാൻ കേരളത്തിനു കഴിയും. പക്ഷേ, വരുമാനം ലഭിക്കുന്ന പദ്ധതികളും വേണം. വ്യവസായ ഇടനാഴികൾ വഴിയൊക്കെ സർക്കാർ വലിയ വരുമാനം പ്രതീക്ഷിക്കുന്നു. കിഫ്ബിയുടെ അതേ മാതൃകയിൽ കേന്ദ്ര സർക്കാർ വായ്പയെടുത്തു പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ശമ്പള പരിഷ്കരണം ആ സമയത്തു വേണ്ടതായിരുന്നു. 

ഒന്നുകിൽ കേന്ദ്രം നിലപാടു മാറ്റണം. അല്ലെങ്കിൽ സുപ്രീംകോടതി വിധി നമുക്ക് അനുകൂലമാകണം. ഇതു രണ്ടും സംഭവിച്ചില്ലെങ്കിൽ എന്താണു സംസ്ഥാന സർക്കാരിന്റെ പ്ലാൻ ബി? 

കേന്ദ്രം എന്തു ചെയ്താലും കേരളം പരാജയപ്പെടുകയോ തകരുകയോ ഇല്ല. എനിക്കു മുൻപു വരെയുള്ള മന്ത്രിമാർക്ക് കേന്ദ്രത്തിൽ നിന്നുള്ള രൂക്ഷമായ അവഗണന നേരിടേണ്ടി വന്നിട്ടില്ല. എന്നുവച്ച് കേരള മോഡൽ ഉപേക്ഷിച്ചു പോകാൻ പറ്റില്ല. സ്വന്തമായി വരുമാനം കണ്ടെത്തി മുന്നോട്ടു പോകും. 

സർക്കാർ ജീവനക്കാർക്കും മറ്റുമായി വിവിധ ഇനങ്ങളിൽ 40,000 കോടി രൂപയുടെ കുടിശികയുണ്ട്. ഇതു കൊടുത്തുതീർക്കാൻ കഴിയുമോ? 

അത്രയും തുക കുടിശിക ഇല്ല. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത എല്ലാ കാലങ്ങളിലും കുടിശികയായിട്ടുണ്ട്. ശമ്പള പരിഷ്കരണ കുടിശികയും മുൻപ് വൈകിയിട്ടുണ്ട്. 

ക്ഷേമ പെൻഷൻ‌ 2,500 രൂപയാക്കുമെന്ന് എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കുന്നില്ലെന്നു മാത്രമല്ല നിലവിലുള്ള പെൻഷൻതുക പോലും നൽകിയിട്ട് 5 മാസമായി. 

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസം ക്ഷേമ പെൻഷൻ കുടിശികയായിരുന്നു. അന്നു 600 രൂപ നൽകിയെങ്കിൽ ഇന്നു 1,600 രൂപ കൊടുക്കുന്നുണ്ട്. പ്രകടനപത്രികയിൽ പറഞ്ഞതു പോലെ 2,500 രൂപയാക്കണമെന്നു തന്നെയാണ് ആഗ്രഹം. 5 മാസത്തെ പെൻഷൻ കൊടുക്കാത്തതിനാൽ ഒരാൾ ആത്മഹത്യ ചെയ്തെന്നു  കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. പക്ഷേ, അദ്ദേഹം പെൻഷൻ ആവശ്യപ്പെട്ട് നവംബറിലാണു കത്തെഴുതിയത്. ഒരു മാസത്തെ പെൻഷൻ നൽകാൻ 900 കോടി രൂപയാണു വേണ്ടത്. ക്ഷേമ പെൻഷൻ സർക്കാരിന്റെ നല്ല മനസ്സു കൊണ്ടു കൊടുക്കുന്നതാണ്. കോടതിയിൽ പോയി വാങ്ങേണ്ടതല്ല.

സ്വന്തമായി വരുമാനം കണ്ടെത്തണമെങ്കിൽ നികുതി കൃത്യമായി പിരിക്കുകയും പുതിയ നികുതികളും ഫീസുകളും ഏർപ്പെടുത്തുകയും ഒക്കെ വേണ്ടി വരുമല്ലോ? 

തരാൻ പറ്റുന്നവരിൽ നിന്നു നികുതി പിരിക്കുക തന്നെ ചെയ്യും. ദീർഘകാലമായി നികുതിയില്ലാത്ത ചില മേഖലകളുണ്ട്. മറ്റു സംസ്ഥാനങ്ങൾ പിരിക്കുന്ന ചില നികുതികൾ ഇപ്പോൾ കേരളത്തിലില്ല. അത്തരം മേഖലകൾ കണ്ടെത്തി വരുമാന വർധനയ്ക്കു ശ്രമമുണ്ടാകും.  താങ്ങാൻ കഴിയാത്ത വർധന ഉണ്ടാകില്ല. 40 വർഷത്തോളമായി നികുതി കൂട്ടാത്ത മേഖലകളുണ്ട്. അവ കണ്ടെത്തി ന്യായമായ നികുതി വർധിപ്പിക്കും. 

സർക്കാർ ജീവനക്കാരുടെ പെൻഷൻ‌ പ്രായം വർധിപ്പിക്കണമെന്ന ശുപാർശ സർക്കാരിനു മുന്നിലുണ്ടല്ലോ?  പങ്കാളിത്ത പെൻഷൻ പിൻവലിക്കുമോ? 

പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. പങ്കാളിത്ത പെൻഷന്റെ കാര്യം പഠിക്കാൻ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

English Summary:

There is recession; The package will come; Finance Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com