ADVERTISEMENT

പട്ന∙ ബിഹാറിൽ ബിജെപി സഖ്യസർക്കാരിന് കളമൊരുക്കി മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജിവച്ചേക്കുമെന്ന് സൂചന. ബിജെപിയുടെ പിന്തുണയോടെ നീതിഷ് ഞായറാഴ്ച വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. അങ്ങനെവന്നാൽ ഇത് ഒൻപതാം തവണയാകും നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. നിതീഷിനൊപ്പം ചില കോൺഗ്രസ് എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറുന്നതായി സൂചനയുണ്ട്. ബിഹാറിൽ 19 എംഎൽഎമാർ കോൺഗ്രസിനുണ്ട്.

Read also: ‘ബിജെപിയെ തിരികെ ഭരണത്തിലേറ്റില്ല എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കണം; വോട്ടുകൾ ഭിന്നിച്ചു പോകരുത്’

അതിനിടെ ലോക്സഭ തിരഞ്ഞെടുപ്പ് ചർച്ചയ്ക്കായി ബിജെപി സംസ്ഥാനത്തെ എംഎൽഎമാരുടെയും എംപിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയനീക്കങ്ങൾ ചർച്ച ചെയ്യാനായി ബിഹാറിലെ ബിജെപി അധ്യക്ഷൻ സമ്രാട്ട് ചൗധരി ഡൽഹിക്ക് തിരിച്ചു. ബിഹാറിലെ സാഹചര്യം വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്‍‍ഡ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരുമായി ചർച്ച നടത്തിയതായും വിവരമുണ്ട്. നിതീഷ് കുമാർ ഇന്ന് ജെഡിയു എംഎൽഎമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ബിജെപി നേതൃയോഗവും കോൺഗ്രസ് നിയമസഭാ കക്ഷിയോഗവും ഇന്ന് ചേരും. ബിഹാറിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് ധാവ്ടെ പറ്റ്നയിലെത്തും.

അതേസമയം, നിതീഷിന്റെ മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ രൂക്ഷമായിരിക്കെ ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം. ഐപിഎസ് തലത്തിലാണ് വൻ അഴിച്ചുപണി. ബിഹാറില്‍ 79 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. 22 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും 45 സംസ്ഥാന സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനചലനമുണ്ടായി. മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ വീഴുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പെട്ടെന്നുള്ള അഴിച്ചുപണി.  

English Summary:

Nitish Kumar Likely To Switch Tomorrow As Bihar Braces For Shake-Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com