ADVERTISEMENT

പട്ന∙ ബിഹാറിലെ ജെഡിയു-ബിജെപി സഖ്യം അധികകാലം മുന്നോട്ടുപോകില്ലെന്ന പ്രവചനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ രംഗത്ത്. കോൺഗ്രസും ആർജെഡിയും ഉൾപ്പെടുന്ന മഹാസഖ്യം വിട്ട് ബിജെപി പിന്തുണയോടെ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിലാണ് പ്രശാന്ത് കിഷോറിന്റെ പ്രവചനം. 2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു വരെ ഈ സഖ്യം നീണ്ടുനിൽക്കില്ലെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ഫലത്തിൽ, ജെഡിയു – ബിജെപി സഖ്യ സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽ ആയുസുണ്ടാകില്ലെന്നാണു പ്രവചനത്തിന്റെ അർഥം.

‘‘നിതീഷ് കുമാർ ബിഹാറിൽ എൻഡിഎയുടെ മുഖമായും ബിജെപി അദ്ദേഹത്തിന്റെ പിന്നിൽനിൽക്കുന്നതുമായ ഇപ്പോഴത്തെ ഈ സഖ്യം, അടുത്ത ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു വരെ നീളില്ല. ഇക്കാര്യം ഞാൻ വേണമെങ്കിൽ എഴുതി നൽകാം.’’ – പ്രശാന്ത് കിഷോർ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ആറു മാസത്തിനുള്ളിൽ ജെഡിയു–ബിജെപി സഖ്യത്തിൽ മാറ്റങ്ങളുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. മഹാസഖ്യത്തിൽനിന്ന് പിന്മാറിയ നിതീഷ് കുമാർ, ബിജെപി പിന്തുണയോടെ ഞായറാഴ്ച വൈകിട്ടാണു മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ഒൻപതാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ ആറു തവണ ബിജെപി സഖ്യത്തിലും മൂന്നു തവണ ആർജെഡി സഖ്യത്തിലുമായിരുന്നു സത്യപ്രതിജ്ഞ.

English Summary:

Prashant Kishor says bjp jdu allialnce will not last

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com