ADVERTISEMENT

കാക്കനാട്/പുത്തൻകുരിശ് ∙ കാക്കനാട് കേന്ദ്രമാക്കി ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികൾക്ക് ലഹരിമരുന്ന് ഗുളികകൾ എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. വെണ്ണിക്കുളം വലിയപറമ്പിൽ വീട്ടിൽ വി.എഫ്. ഫ്രെഡി (28), തുപ്പുംപടി മങ്ങാട്ടുപറമ്പിൽ അഖിൽ മോഹനൻ (24) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് (സീസ്) ടീം, എക്സൈസ് ഇന്റലിജൻസ്, മാമല എക്സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു. ഇവരുടെ പക്കൽനിന്ന് 62 ഗ്രാം വരുന്ന 110 ലഹരിമരുന്ന് ഗുളികകൾ പിടിച്ചെടുത്തു. അമിത ഭയം, ഉത്കണ്ഠ, എന്നിങ്ങനെയുള്ള മാസസിക വിഭ്രാന്തികൾ നേരിടുന്നവർക്ക് സമാശ്വാസത്തിനായി നൽകുന്ന അതിമാരകമായ നൈട്രാസെപാം ഗുളികകളാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്. ലഹരിമരുന്ന് ഇടപാടിനായി ഇവർ ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

സമൂഹമാധ്യമങ്ങളിലൂടെ ‘ആസിഡ് ഡ്രോപ്പർ ടാസ്ക് ടീം’ എന്ന ഗ്രൂപ്പ് തുടങ്ങിയശേഷം അതിലൂടെ ‘ചൗ മിഠായി’ എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചാണ് ഇവർ വൻതോതിൽ ലഹരിമരുന്ന് ഗുളികകൾ വിറ്റഴിച്ചിരുന്നത്. ഇത്തരത്തിലുള്ള ലഹരിമരുന്ന് ഗുളികൾ 20 ഗ്രാമിലധികം കൈവശം വയ്‌ക്കുന്നത് 10 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണ്.

ഏറെ നാളുകളായി ലഹരിമരുന്ന് ഗുളികകൾ വിൽപന നടത്തിവന്നിരുന്ന ഇവർ ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്. അടിപിടി, ഭവനഭേദനം, മാരകായുധങ്ങൾ കൈവശം വയ്ക്കൽ, ലഹരിമരുന്ന് കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് ഇരുവരും. കൊച്ചി കാക്കനാട് കേന്ദ്രമാക്കി ലഹരിമരുന്ന് ഗുളികകൾ വിൽപന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള രഹസ്യ വിവരം നേരത്തെ സ്റ്റേറ്റ് എക്സൈസ് എൻഫോസ്മെന്റ് സ്ക്വാഡ് ടീമിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ പ്രത്യേക സംഘവും മാമല റേഞ്ച് എക്സൈസും ചേർന്ന് ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുക്കൾ അടക്കം നിരീക്ഷിച്ച് വരികയായിരുന്നു.

തുടർന്നാണ് ലഹരിമരുന്ന് ഗുളികകൾ വിതരണം ചെയ്യുന്ന പ്രധാനികളെ എക്സൈസ് സംഘം തിരിച്ചറിഞ്ഞത്. ഇവരുടെ നീക്കങ്ങൾ നിരീക്ഷിച്ച് വന്ന എക്സൈസ് സംഘം, എറണാകുളം പുത്തൻ കുരിശിൽ ആവശ്യക്കാരെ കാത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇരുവരെയും കയ്യോടെ പിടികൂടുകയായിരുന്നു. മാരക ലഹരിയിൽ ആയിരുന്ന ഇരുവരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കസ്റ്റഡിയിൽ എടുത്തത്. നാലു രൂപ വിലയുള്ള ഒരു ഗുളിക നൂറു രൂപയ്ക്കാണ് മറിച്ചു വിറ്റിരുന്നത്. ഈ ലഹരിമരുന്ന് ഗുളികകൾ സേലത്തുനിന്ന് കടത്തിക്കൊണ്ടു വന്നതാണെന്നാണ് പ്രാഥമിക നിഗമനം. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇത്രയധികം നൈട്രസെപാം ടാബ്‌ലെറ്റ് പിടിച്ചെടുക്കുന്നത്.

പ്രധാനമായും ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർഥികളാണ് ഇവരുടെ മുഖ്യ ഇരകൾ. ഈ ഗുളികകൾ കഴിച്ചാൽ എച്ച്ഡി വിഷനിൽ, വിവിധ വർണങ്ങളിൽ കാഴ്ചകൾ കാണാൻ കഴിയുമെന്നും കണ്ണുകൾക്ക് കൂടുതൽ തെളിച്ചം കിട്ടുമെന്നും കൂടുതൽ സമയം ഉൻമേഷത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാർഥികൾ അടക്കമുള്ളവരെ ഇതിലേക്ക് ആകർഷിച്ചിരുന്നത്. ഗുളികയുടെ അനാവശ്യമായ ഉപയോഗം അമിത രക്തസമർദ്ദത്തിനും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്കു സാരമായ ക്ഷതമുണ്ടാകാനും മൂകമായ അവസ്ഥയിൽ എത്തിക്കാനും ഇതിനു പിന്നാലെ ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും ലഹരി സംഘങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശനമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും എൻഫോഴ്സ്മെന്റ് അസി. കമ്മിഷണർ ടി.എൻ.സുധീർ അറിയിച്ചു. മാമല റേഞ്ച് ഇൻസ്പെക്ടർ വി.കലാധരൻ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസർ എൻ.ഡി. ടോമി, ഐബി പ്രിവന്റ‌ിവ് ഓഫിസർ എൻ.ജി. അജിത്ത് കുമാർ, മാമല റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സാബു വർഗീസ്, പി.ജി.ശ്രീകുമാർ, ചാർസ് ക്ലാർവിൻ, സിഇഒമാരായ എം.എൻ.അനിൽകുമാർ, ഫെബിൻ എൽദോസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

English Summary:

Two Arrested at Kochi With Drugs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com