ADVERTISEMENT

2022 ഓഗസ്റ്റിൽ മഹാസഖ്യ സർക്കാരിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോൾ ആദ്യം വെല്ലുവിളിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ്. 2024ൽ പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ചു പോരാടുമെന്നു പറഞ്ഞ നിതീഷ്, ലോക്സഭാ തിരഞ്ഞെടുപ്പ് മോദിക്ക് അത്ര എളുപ്പമാകില്ല എന്ന മുന്നറിയിപ്പും നൽകി. അന്ന് ബിജെപി സഖ്യം വിട്ട് കോൺഗ്രസും ആർജെഡിയുമായി ചേർന്ന് മഹാസഖ്യം രൂപീകരിച്ച് എട്ടാം തവണയും നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൂടുവിട്ടു കൂടുമാറി അധികാരക്കസേരയിൽ ഇരിപ്പുറപ്പിക്കുന്നത് നിതീഷ് കുമാർ എന്ന രാഷ്ട്രീയക്കാരന് പുത്തരിയല്ലെങ്കിലും മോദിയെ വെല്ലുവിളിച്ച നിതീഷിന്റെ വാക്കുകൾ ഉറച്ചതാണെന്ന് അന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ വിശ്വസിച്ചു.

Read also: ‘ഇന്ത്യ’യിൽ സ്വാധീനമില്ല, പിന്തുണയില്ല, സ്വീകാര്യതയില്ല; നിതീഷിന്റെ രാഷ്ട്രീയക്കളിക്ക് പിന്നിൽ?

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒരു പ്രതിപക്ഷ മുന്നണി എന്ന ആശയം ഉയർന്നപ്പോഴും അതിനായി ഓടിനടന്നു പ്രതിപക്ഷ നേതാക്കളെ കാണാൻ മുൻകൈ എടുത്തതും നിതീഷാണ്. പ്രതിപക്ഷ ഐക്യത്തിന്റെ ‘കിങ് മേക്കർ’ റോൾ ഏറ്റെടുത്ത് ‘ഇന്ത്യ’ മുന്നണി രൂപീകരിക്കാൻ ചുക്കാൻപിടിച്ച നിതീഷ് ഇന്നിതാ ലോക്സഭ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ എതിർചേരിയിലേക്ക്. മഹാരാഷ്ട്രയ്ക്കു പിന്നാലെ സഖ്യത്തെ പിളർത്തി നേട്ടമുണ്ടാക്കാൻ ബിജെപി വിരിച്ച വലയിൽ വീണ നിതീഷ് കുമാർ മുഖ്യമന്ത്രിയായുള്ള തന്റെ ഒൻപതാം സത്യപ്രതിജ്ഞയ്ക്ക് കച്ചകെട്ടുന്നു. 

ആദ്യം മഹാരാഷ്ട്ര ഇപ്പോൾ ബിഹാർ

മഹാരാഷ്ട്രയിൽ എൻസിപിയെ പിളർത്തിയ ബിജെപിയുടെ അടുത്ത ലക്ഷ്യം ബിഹാറിലെ ജെഡിയു ആണെന്ന അഭ്യൂഹം നേരത്തെ തന്നെ ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നിരുന്നു. മഹാരാഷ്ട്രയിലേതിനു സമാനമായ രാഷ്ട്രീയ അട്ടിമറിക്കുള്ള സാധ്യത ബിഹാറിൽ തള്ളിക്കളയാനാവില്ലെന്നു കോൺഗ്രസ് അടക്കമുള്ള സഖ്യകക്ഷികൾ കരുതിയിരുന്നെങ്കിലും അതു പ്രതിരോധിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ അവർക്കായില്ലെന്നു തന്നെ പറയാം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ കടത്തിവെട്ടി മുന്നേറാമെന്നു പ്രതിപക്ഷം കണക്കുകൂട്ടിയ 2 സംസ്ഥാനങ്ങളാണു മഹാരാഷ്ട്രയും ബിഹാറും. മഹാരാഷ്ട്രയിൽ എൻസിപിയെ പിളർത്തിയതോടെ, അവിടത്തെ കോൺഗ്രസ്– ശിവസേന (ഉദ്ധവ് താക്കറെ)– എൻസിപി (ശരദ് പവാർ) സഖ്യം ദുർബലമായി. ബിഹാറിലെ ജെഡിയു – ആർജെഡി – കോൺഗ്രസ് സഖ്യം പൊളിച്ചതോടെ ബിജെപിയുടെ ആ ലക്ഷ്യവും പൂർത്തിയായി. 

ഏക്നാഥ് ഷിൻെഡ, ഉദ്ധവ് താക്കറെ
ഏക്നാഥ് ഷിൻെഡ, ഉദ്ധവ് താക്കറെ

‘ഇന്ത്യ’ക്ക് ഒരു തിരിച്ചടി

ബിജെപിക്കെതിരെ ഒരു പ്രതിപക്ഷ ഐക്യം എന്ന ആശയവുമായി പ്രതിപക്ഷ കക്ഷി നേതാക്കളെ സന്ദർശിക്കാൻ ചുക്കാൻ പിടിച്ചത് നിതീഷ് ആയിരുന്നു. പ്രതിപക്ഷ കക്ഷി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു നിതീഷ് എന്നതുകൊണ്ടു തന്നെ ഏകോപനച്ചുമതല ഏറ്റെടുത്തത് പ്രതിപക്ഷനിരയിലും ദേശീയ രാഷ്ട്രീയത്തിലും നിതീഷ് വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായി. തന്റെ പ്രതിഛായ മിനുക്കിയെടുക്കാനുള്ള മാർഗമായി നിതീഷും അത് ഉപയോഗിച്ചു. പ്രതിപക്ഷത്തെ നീക്കങ്ങൾ കോൺഗ്രസ് നിയന്ത്രിക്കുന്നതിനോടു മമത ബാനർജി (തൃണമൂൽ), അരവിന്ദ് കേജ്‌രിവാൾ (ആം ആദ്മി പാർട്ടി) എന്നിവരടക്കമുള്ള നേതാക്കൾക്കു യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ കോർത്തിണക്കാനുള്ള ദൗത്യം നിതീഷ് ഏറ്റെടുക്കുന്നതു ഗുണം ചെയ്യുമെന്നു കോൺഗ്രസും വിശ്വസിച്ചു.

കോൺഗ്രസിനെ ഒഴിവാക്കിയുള്ള മൂന്നാം മുന്നണി എന്ന ആശയത്തോട് നിതീഷ് യോജിക്കാത്തിടത്തോളം കാലം അദ്ദേഹവുമായി സഹകരിക്കാൻ കോൺഗ്രസിനും എതിർപ്പുണ്ടായിരുന്നില്ല. നിതീഷ് കുമാറാകും ഇന്ത്യ മുന്നണിയുടെ യോഗങ്ങൾ വിളിച്ചു ചേർക്കുകയെന്നും ബിജെപിക്കെതിരെ അവസാനം വരെ അദ്ദേഹം പോരാടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞിരുന്നു. 

ഇന്ത്യ മുന്നണിയുടെ യോഗത്തിൽ നിന്ന്. (Photo: Rahul R Pattom / Manorama)
ഇന്ത്യ മുന്നണിയുടെ യോഗത്തിൽ നിന്ന്. (Photo: Rahul R Pattom / Manorama)

ഇന്ത്യ മുന്നണിയുടെ പ്രധാന മുഖങ്ങളിൽ ഒന്നായി നിതീഷിനെ കോൺഗ്രസ് തന്നെ ഉയർത്തികാട്ടിയതോടെ എങ്ങനെയും നിതീഷിനെ തിരികെ എത്തിക്കാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു ബിജെപി. അതിനിടെയാണ് മമത ബാനർജി മല്ലികാർജുൻ ഖർഗെയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത്. ഇന്ത്യ സഖ്യ രൂപീകരണത്തിനു മുൻപന്തിയിലുണ്ടായിരുന്നെങ്കിലും സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാനുള്ള നീക്കങ്ങൾക്കു കാര്യമായ പിന്തുണ കിട്ടാതായതോടെ നിതീഷിനും രണ്ടു മനസ്സായി. ഇതു തിരിച്ചറിഞ്ഞ അമിത് ഷാ– നഡ്ഡെ ഉൾപ്പെടുന്ന ബിജെപിയുടെ കേന്ദ്ര നേതൃത്വം നീക്കം വേഗത്തിലാക്കി. സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ എതിർപ്പുകളെ വകവയ്ക്കാതെ നിതീഷുമായി ഇവർ നേരിട്ട് ഇടപെട്ടു. ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണു നട്ടിരുന്ന നിതീഷ് ഈ പിടിവള്ളിയിൽ പിടിച്ച് കയറി. നിതീഷിനായി ബിജെപിയുടെ ‘ഓഫർ’ എന്താണെന്ന് കാത്തിരുന്നു തന്നെ കാണാം. 

നിതീഷ് വരുന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലും ബിജെപി നേട്ടം ലക്ഷ്യമിടുന്നുണ്ട്. 40 സീറ്റുള്ള ബിഹാറിൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി (17), ജെഡിയു (16) എൽജെപി (6) എന്നിവയുൾപ്പെട്ട എൻഡിഎ 39 സീറ്റ് നേടിയിരുന്നു. കോൺഗ്രസിന് ആകെ ലഭിച്ചത് ഒരു സീറ്റായിരുന്നു. ആർജെഡി പൂജ്യത്തിലൊതുങ്ങി. എന്നാൽ 2022ലെ നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെ കോൺഗ്രസ്, ആർജെഡി സഖ്യത്തിനൊപ്പം ജെഡിയു ചേർന്നതും റാംവിലാസ് പാസ്വാന്റെ മരണത്തോടെ എൽജെപി ദുർബലമായതും എൻഡിഎയുടെ സീറ്റുകൾ കുറയ്ക്കുമെന്ന ആശങ്ക ബിജെപിക്കുണ്ടായി. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് മഹാരാഷ്ട്ര മോഡൽ നീക്കം ബിഹാറിലും ബിജെപി നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ജനതാദൾ (യു) അധ്യക്ഷൻ രാജീവ് രഞ്ജൻ എന്നിവർ. (PTI Photo/Vijay Verma)
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ജനതാദൾ (യു) അധ്യക്ഷൻ രാജീവ് രഞ്ജൻ എന്നിവർ. (PTI Photo/Vijay Verma)

‘ഇന്ത്യ’യുടെ ഭാവി

ഉപരാഷ്ട്രപതി പദം നൽകാത്തതാണ് 2022ൽ നിതീഷ് ബിജെപി വിടാൻ കാരണമായി കണക്കാക്കുന്നത്. ‘ഇന്ത്യ’ മുന്നണി രൂപീകരിക്കാൻ ഓടിനടന്നപ്പോൾ അവിടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാം എന്നൊരു മോഹവും നിതീഷിന് ഉണ്ടായിരുന്നു. എന്നാൽ സഖ്യ കക്ഷികൾ അതിനു വെല്ലുവിളി ഉയർത്തിയതോടെ നിതീഷ് സംസ്ഥാന സർക്കാരിനെ തന്നെ താഴെയിട്ടു. പഞ്ചാബിലും ബംഗാളിൽ സീറ്റുവിഭജനത്തിന്റെ പേരിൽ വെല്ലുവിളി നേരിടുന്ന ഇന്ത്യ സഖ്യത്തിന് നിതീഷിന്റെ അടി ഇരട്ട ആഘാതമാകുമെന്ന് ഉറപ്പാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ബിജെപിയെ നേരിടാൻ രൂപീകരിച്ച സഖ്യം അധികാര വാക്പോരുകളുടെ പേരിൽ ചീട്ടുകൊട്ടാരം പോലെ തകരുമ്പോൾ കോൺഗ്രസിന് മുന്നിൽ വെല്ലുവിളികൾ ഏറുകയാണ്. 

English Summary:

Why BJP Wants Nitish Kumar Back, Year After 'Doors Have Closed' Jab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com