50 സെന്റ് സർക്കാർ ഭൂമി കയ്യേറി; മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ കേസെടുത്ത് റവന്യു വകുപ്പ്

Mail This Article
തിരുവനന്തപുരം∙ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെതിരെ കേസ്. ചിന്നക്കനാലിൽ 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയെന്നു ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്. ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് കുഴൽനാടന് നോട്ടിസ് നൽകി.
അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ചിന്നക്കനാൽ സൂര്യനെല്ലിയിൽ പ്രവർത്തിക്കുന്ന എറ്റേർനോ കപ്പിത്താൻ റിസോർട്ടിനോടു ചേർന്ന് 50 സെന്റ് ഭൂമി കയ്യേറിയെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. ഈ 50 സെന്റ് സർക്കാർ ഭൂമി തിരികെപ്പിടിക്കാൻ ഇടുക്കി കലക്ടർ നിർദേശം നൽകിയിരുന്നു. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ നൽകിയ റിപ്പോർട്ട് അംഗീകരിച്ചാണ് കലക്ടറുടെ നടപടി. ഇതിനിടെയാണ് ഭൂമി കയ്യേറ്റത്തിൽ കേസും റജിസ്റ്റർ ചെയ്തത്.
മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് കഴിഞ്ഞ ദിവസമാണ് റവന്യു വിഭാഗം കലക്ടർക്കു റിപ്പോർട്ട് നൽകിയത്. 2022ൽ മാത്യു കുഴൽനാടനും 2 സുഹൃത്തുക്കളും ചേർന്നാണു സൂര്യനെല്ലിയിൽ ഒരേക്കർ 14 സെന്റ് ഭൂമിയും 3 കെട്ടിടങ്ങളും വാങ്ങിയത്.
അതേസമയം, 2022ൽ ഭൂമി വാങ്ങിയശേഷം ഒരു സെന്റ് പോലും കൂട്ടിച്ചേർത്തിട്ടില്ലെന്നാണ് കുഴൽനാടന്റെ നിലപാട്. പാപ്പാത്തിച്ചോല റോഡിനു സമീപം ഒരു സംരക്ഷണഭിത്തിയുണ്ടായിരുന്നത് കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുക മാത്രമാണു ചെയ്തത്. ചെരിവുള്ള സ്ഥലം ഇടിഞ്ഞു പോകാതിരിക്കാനാണ് അങ്ങനെ ചെയ്തത്. ഏറ്റവും അടുത്ത സുഹൃത്തിനോടാണു ഭൂമി വാങ്ങിയതെന്നതിനാൽ അന്ന് അളന്നു തിട്ടപ്പെടുത്തിയിരുന്നില്ലെന്നും കുഴൽനാടൻ വ്യക്തമാക്കിയിരുന്നു.
ഈ സ്ഥലം മിച്ചഭൂമി കേസിൽ ഉൾപ്പെട്ടതായിരുന്നെങ്കിൽ റജിസ്ട്രേഷൻ നടത്താൻ റവന്യു വകുപ്പ് അനുവദിച്ചത് എങ്ങനെയാണെന്ന ചോദ്യവും കുഴൽനാടൻ ഉന്നയിച്ചിരുന്നു.