ADVERTISEMENT

വാഷിങ്ടൻ∙ വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്കു സമീപം യുഎസ് സൈനിക ക്യാംപിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രൂക്ഷപ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈ‍ഡൻ. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നാണു ബൈഡന്റെ ആരോപണം.

ഉത്തരവാദികളെ കണ്ടെത്തുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ബൈഡൻ പറഞ്ഞു. ‘‘വളരെ മോശമായ ദിവസമായിരുന്നു.  ഞങ്ങളുടെ സൈനികത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു കരുത്തരായ സൈനികരെ ഞങ്ങൾക്കു നഷ്ടപ്പെട്ടു. തിരിച്ചടിക്കും’’– സൗത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈ‍ഡൻ പറഞ്ഞു. ആക്രമണത്തിനു പിന്നാലെ റിപ്പബ്ലിക്കൻ സെനറ്റർമാർ ബൈഡൻ ഭരണകൂടത്തെ വിമർശിച്ചു. ഇറാനെതിരെ ശക്തമായ സൈനിക തിരിച്ചടി നൽകണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടു.  ഞങ്ങളുടെ സൈനികരുടെയും രാജ്യത്തിന്റെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും പ്രതിരോധ സെക്രട്ടറി ലോയ്‍ഡ് ഓസ്റ്റിൻ പറഞ്ഞു.

യുഎസ് സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തിൽ 34 സൈനികർക്കാണു പരുക്കേറ്റത്. കൂടുതൽ പേർ ചികിത്സ തേടുന്ന സാഹചര്യത്തിൽ പരുക്കേറ്റവരുടെ എണ്ണം വർധിച്ചേക്കാം. മികച്ച ചികിത്സ നൽകുന്നതിനായി എട്ടു സൈനികരെ ജോർദാനിൽനിന്നും ഒഴിപ്പിച്ചു. ഇസ്രയേൽ–ഹമാസ് യുദ്ധം തുടങ്ങിയതിനു പിന്നാലെ, ഇറാഖിലും സിറിയയിലും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളിൽനിന്നും 150 ഓളം തവണയാണ് യുഎസ് സൈനികർ ആക്രമണം നേരിട്ടിട്ടുള്ളത്. അമേരിക്കൻ യുദ്ധക്കപ്പലുകൾ ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. 

സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന, ഇറാന്റെ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം.  ഇറാഖിലും സിറിയയിലുമുള്ള യുഎസ് സൈനികരെ ഉന്നമിട്ട് ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണു മൂന്നു പേർ കൊല്ലപ്പെട്ടത്. ഡ്രോണുകളും റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് പലതവണ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, അവയൊന്നും യുഎസ് സൈന്യത്തിന് കാര്യമായ നാശമുണ്ടാക്കിയിരുന്നില്ല.

English Summary:

Joe Biden respond to drone attack on US outpost in Jordan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com