ADVERTISEMENT

ന്യൂഡൽഹി∙ സംവരണ പട്ടിക പുതുക്കുന്നതിന് ആവശ്യമായ ഡേറ്റ കേന്ദ്രത്തിൽനിന്നു ശേഖരിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്നു വ്യക്തമാക്കി കേരള സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പ്രത്യേക ജാതി സർവേ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തമായ സൂചനയോടെയാണിത്. സംസ്ഥാനം കത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ കേളത്തിലെ സാമൂഹിക, സാമൂഹിക പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്താൻ കേരളം കൈമാറിയ റിപ്പോർട്ട് പര്യാപ്തമല്ലെന്നും ചീഫ് സെക്രട്ടറി ഡോ. വി. വേണു സത്യവാങ്മൂലത്തിൽ അറിയിച്ചു.

കേന്ദ്രം കൃത്യമായ ഡേറ്റ കൈമാറാത്തതു കോടതി നിർദേശം നടപ്പാക്കുന്നതിനെ ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് കേരളത്തിന്റെ സത്യവാങ്മൂലം. അനർഹരെ ഒഴിവാക്കി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാൻ സുപ്രീം കോടതി മതിയായ സമയം നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് ചെയർമാൻ വി.കെ. ബീരാനു വേണ്ടി അഭിഭാഷകനായ ഹാരീസ് ബീരാനാണു കോടതിലക്ഷ്യ ഹർജി നൽകിയത്.

Read Also: നിയമസഹായം തേടിയെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; മുൻ ഗവ.പ്ലീഡറോട് കീഴടങ്ങാൻ സുപ്രീം കോടതി

2011ൽ സെൻസസിന്റെ ഭാഗമായി കേന്ദ്രം ഡേറ്റ ശേഖരിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് പിന്നീടു പ്രസിദ്ധീകരിച്ചില്ല. പിന്നീട്, സെൻസസ് വകുപ്പ് ഗ്രാമവികസന വകുപ്പ് വഴിയും വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, ഇവ സംസ്ഥാന സർക്കാരിനു കൈമാറിയിരുന്നില്ല. സംവരണ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്ക് കേരളത്തിലെ സാമൂഹിക–സാമ്പത്തിക–വിദ്യാഭ്യാസ വിവരങ്ങൾ പ്രധാനമാണ്. കേന്ദ്രം വിവരങ്ങൾ ശേഖരിച്ചതു കൂടി പരിഗണിച്ച് ഇതു അവരിൽ നിന്ന് ശേഖരിക്കാമെന്ന അഭിപ്രായമാണ് സംസ്ഥാനത്തിന്.

കോവിഡ്, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ എന്നിവയെ തുടർന്ന് ഉത്തരവു നടപ്പാക്കുന്നതിനു സുപ്രീം കോടതി സമയം നീട്ടി നൽകിയെങ്കിലും മതിയായ ഡേറ്റ കേന്ദ്രം കൈമാറിയിരുന്നില്ല. തുടർന്ന്, റിപ്പോർട്ട് കൈമാറണമെന്ന് ആവശ്യപ്പെട്ട് 2022 നവംബറിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തു നൽകി. കേന്ദ്രം നൽകിയ റിപ്പോർട്ട് കേരള സംസ്ഥാന പിന്നാക്ക കമ്മിഷൻ ചെയർമാനു 2023 മേയ് മാസത്തിൽ കൈമാറി. എന്നാൽ, പര്യാപ്തമായ വിവരങ്ങൾ ഇതിലുണ്ടായിരുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവോ സുപ്രീം കോടതിയുടെ നിർദേശമോ ലംഘിക്കാൻ മനഃപൂർവമായ നടപടിയുണ്ടായിട്ടില്ല. കോടതിയലക്ഷ്യ ഹർജിയോ പുനഃപരിശോധന ഹർജിയോ നിലനിൽക്കുന്നതല്ല. അതുകൊണ്ട് തന്നെ ഇവ പരിഗണനാഘട്ടത്തിൽ തന്നെ തള്ളിക്കളയണം.–കേരളം ആവശ്യപ്പെട്ടു.

മുസ്‍ലിംകൾ, പട്ടികജാതി, പട്ടിക വർഗം, മറ്റ് 70 പിന്നാക്ക സമുദായങ്ങൾ എന്നിവർക്കു സർക്കാർ ജോലിയിൽ ഭരണഘടന നൽകിയിട്ടുള്ള സംവരണത്തിനുള്ള അവകാശം പിന്നാക്കപട്ടികയിൽ ഇപ്പോഴും തുടരുന്ന മുന്നാക്കക്കാർ തട്ടിയെടുക്കുന്നു എന്നാണ് ആക്ഷേപം. നിശ്ചിത ഇടവേളകളിൽ സംവരണ പട്ടിക അവലോകനം ചെയ്തു പുതുക്കൽ വരുത്തണമെന്ന ഇന്ദിര സാഹ്നി കേസിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. പട്ടിക പുതുക്കാതിരിക്കുന്നത് ഈ വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണു ഹർജി. ആഭ്യന്തര സെക്രട്ടറി, കേരള ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹർജി.

English Summary:

Kerala government's affidavit Supreme Court regarding updating Reservation List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com