യുഡിഎഫ് മാർച്ചിനു നേരെ കണ്ണീർവാതകം; സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി ലോക്സഭാ സെക്രട്ടേറിയറ്റ്
Mail This Article
ന്യൂഡൽഹി∙ കഴിഞ്ഞ ഡിസംബറിൽ എംപിമാരടക്കം പങ്കെടുത്ത തിരുവനന്തപുരത്തെ യുഡിഎഫ് സെക്രട്ടറിയേറ്റ് മാർച്ചിനു നേരെ പൊലീസ് ടിയർഗ്യാസ് ഷെൽ എറിഞ്ഞ സംഭവത്തിൽ കേരള സർക്കാരിൽ നിന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വസ്തുതാന്വേഷണ റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഇതു സംബന്ധിച്ചു നിർദേശം നൽകിയത്.
എംപിമാരും മുതിർന്ന നേതാക്കളും നിരന്നിരുന്ന സ്റ്റേജിലേക്ക് കേരള പൊലീസ് ടിയർ ഗ്യാസ് ഷെൽ വലിച്ചെറിഞ്ഞതായി കെ. മുരളീധരൻ ലോക്സഭാ സ്പീക്കർക്കു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് കേരള സർക്കാരിൽ നിന്ന് 15 ദിവസത്തിനകം റിപ്പോർട്ട് വാങ്ങി ലോക്സഭാ സ്പീക്കർക്കു നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിജിപിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മുരളീധരന്റെ പരാതി. പ്രതിപക്ഷ നേതാവും 7 എംപിമാരും 6 എംഎൽഎമാരും സ്റ്റേജിലുള്ളപ്പോഴായിരുന്നു അതീവ ശേഷിയുള്ള ഷെൽ എറിഞ്ഞതെന്നും അതു മൂലം ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും പരാതിയിൽ പറഞ്ഞിരുന്നു.