ADVERTISEMENT

വടകര ∙ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിതരണത്തിനു സൂക്ഷിച്ച ലഹരി ഗുളികകളും ലഹരി ഉൽപന്നങ്ങളുമായി പിടിക്കപ്പെട്ടയാൾക്ക് 50 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് വടകര എൻഡിപിഎസ് കോടതി. കോഴിക്കോട് കല്ലായി ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദിനെയാണ് (35) ജഡ്‌ജി വി.പി.എം. സുരേഷ് ബാബു ശിക്ഷിച്ചത്.

2022 ഓഗസ്റ്റ് 18ന് മുതലക്കുളത്ത് നടന്ന വാഹന പരിശോധനയിലാണു ഷക്കീൽ ഹർഷാദ് പിടിയിലായത്. ഡിസ്ട്രിക്റ്റ് ആന്റി നർകോട്ടിക്സ് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് (ഡൻസാഫ്), സിറ്റി ക്രൈംസ്ക്വാഡ്, കസബ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണു ലഹരിമരുന്ന് പിടികൂടിയത്. രാത്രി നടത്തിയ വാഹനപരിശോധനയിലും തുടർന്ന് ഇയാളുടെ രഹസ്യ താവളത്തിൽ നടത്തിയ റെയ്ഡിലുമായി 212 ഗ്രാം എംഡിഎംഎയും എൽഎസ്ഡി സ്റ്റാംപുമടക്കം കോടികൾ വിലയുള്ള വിവിധതരം ലഹരിമരുന്നുകളും പിടികൂടി.

രാജ്യാന്തര ഫോൺകോൾ വഴി നിയന്ത്രിക്കപ്പെടുന്ന ശൃംഖലയാണു ലഹരിമരുന്നിന്റെ വിതരണത്തിന്  ഉപയോഗിച്ചിരുന്നതെന്നു കണ്ടെത്തി. രാത്രി പരിശോധനയ്ക്കിടെ ഹർഷാദിന്റെ വാഹനത്തിൽനിന്ന് 112 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മലപ്പുറം ജില്ലയിലെ കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മാരക ലഹരിമരുന്നുകൾ വിൽപന നടത്തുന്നതായി അറിഞ്ഞത്. തുടർന്ന് പ്രതിയുടെ രഹസ്യ താവളത്തിൽ പരിശോധന നടത്തിയ പൊലീസ്, 100 ഗ്രാം എംഡിഎംഎയും 10 ഗ്രാം ഹഷീഷ് ഓയിലും 170 എക്സ്റ്റസി ടാബ്‌ലറ്റുകളും 345 എൽഎസ്ഡി സ്റ്റാംപുകളും പിടിച്ചെടുത്തു.

ലഹരിമരുന്ന് ഉപയോഗിക്കുന്നതിനുള്ള 31 ട്യൂബുകളും കണ്ടെടുത്തു. വിൽപന നടത്തിക്കിട്ടിയ 33,000 രൂപയും പിടികൂടി. 212 ഗ്രാം എംഡിഎംഎയ്ക്ക് മാത്രം 7,42,000 രൂപ വിലയുണ്ട്. എല്ലാ കേസിലും കൂടിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം വീതം ഓരോ കേസിലും അധികതടവ് അനുഭവിക്കണം. കൂട്ടുപ്രതി മുഹമ്മദ് നാജി വിദേശത്തേക്കു കടന്നിരുന്നു. ഇയാൾക്കായി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. അന്നത്തെ കസബ പൊലീസ് ഇൻസ്പെക്ടർ എൻ.പ്രജീഷാണു കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് ഗവ.പ്ലീഡർമാരായ ഇ.വി.ലിജീഷ്, കെ.ഷാജീവ് എന്നിവർ ഹാജരായി. 

English Summary:

Vadakara NDPS Court Issues 50-Year Sentence for Drug Possession

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com