ADVERTISEMENT

മുംബൈ∙ ഏറ്റവും നീളം കൂടിയ കടൽപാലമെന്ന നിലയിൽ ശ്രദ്ധ പിടിച്ച് പറ്റുന്ന ട്രാൻസ്ഹാർബർ ലിങ്കിലൂടെ സഞ്ചരിച്ച വാഹനങ്ങളിൽ നിന്ന് ടോളായി ലഭിച്ചത് 9 കോടി രൂപ. ജനുവരി 13നും 28നും ഇടയിലുള്ള കണക്കാണിത്. നാലര ലക്ഷം വാഹനങ്ങളാണ് ഇതു വഴി കടന്നു പോയത്. 22 കിലോമീറ്റർ നീളമുള്ള പാലത്തിന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‍പേയിയുടെ സ്മരണാർഥം അടൽ സേതു എന്നാണു പേരിട്ടിരിക്കുന്നത്.

17,843 കോടി രൂപ ചെലവിൽ നിർമിച്ചിരിക്കുന്ന ട്രാൻസ്ഹാർബർ ലിങ്കിന് ജപ്പാനിൽ നിന്നുള്ള കമ്പനിയാണ് വായ്പ അനുവദിച്ചത്. മുടക്കുമുതലിന്റെ 85 ശതമാനവും ഇവരാണ് നൽകിയത്. ടോൾ പിരിവിലൂടെ തുക തിരിച്ച് പിടിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ പന്ത്രണ്ടിനാണ് പാലം തുറന്ന് കൊടുത്തത്.

പ്രതിദിനം 30,000 വാഹനങ്ങൾ

ഉയർന്ന ടോൾ തുക മൂലം സാധാരണക്കാരായ ആളുകൾ പാലത്തിലൂടെ യാത്ര ചെയ്യുന്നത് കുറവാണ്. 250 രൂപ ടോൾ തുകയായി നിശ്ചയിച്ചതിൽ വലിയ വിമർശനം ഉയർന്നിരുന്നു. ദിവസേന 75,000 വാഹനങ്ങൾ കടന്നു പോകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 30000 വാഹനങ്ങൾ മാത്രമാണ് പോകുന്നത്. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പാലത്തിൽ വിലക്കുമുണ്ട്.

ശിവ്‌രി–നാവസേവ കടൽപാലത്തിന്റെ രണ്ട് അറ്റങ്ങളിലും നിന്ന് നഗരത്തിന്റെ മറ്റു മേഖലകളെ ബന്ധിപ്പിക്കുന്ന മൂന്നു ഉപപാതകൾ കൂടി നിർമിക്കുന്നുണ്ട്. ഇതോടെ പ്രതീക്ഷിച്ച രീതിയിലേക്ക് കാര്യങ്ങൾ മാറുമെന്നാണ് മുംബൈ മെട്രോപൊളിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) അധികൃതർ പറയുന്നത്.

കടലിൽ 16.5 കിലോമീറ്റർ

മുംബൈയിലെ ശിവ്‌രി മുതൽ നവിമുംബൈയിലെ നാവസേവ വരെ 22 കിലോമീറ്ററാണ് ദൈർഘ്യം. 16.5 കി.മീ. കടലിനു മുകളിലൂടെയുള്ള പാലം വന്നതോടെ മുംബൈ– നവിമുംബൈ യാത്രാസമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയും. പാലത്തിന്റെ 16.5 കിലോമീറ്ററാണ് കടലിനു മുകളിലൂടെയുള്ളത്. 5.5 കിലോമീറ്റർ ഇരുകരകളിൽനിന്നും കടലിലേക്കു ബന്ധിപ്പിക്കുന്ന പാതയാണ്. 27 മീറ്റർ വീതിയുള്ള പാലം 1089 തൂണുകളിലാണ് സ്ഥിതി ചെയ്യുന്നത്. 100 വർഷം ആയുസ്സു കണക്കാക്കുന്നു. ഭൂകമ്പ, സൂനാമി പ്രതിരോധ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

English Summary:

Mumbai's Atal setu gets 4.5 lakh vehicles in 15 days toll collected shoots past Rs 9 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com