ADVERTISEMENT

കൊച്ചി ∙ എസ്എഫ്ഐ പ്രതിഷേധവും തുടർന്ന് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തിയ വിഷയവും കത്തി നില്‍ക്കെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു ദിവസം കൊച്ചിയിൽ. കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തുന്ന ഗവർണർ വ്യാഴാഴ്ച പുണെയ്ക്ക് മടങ്ങും. അതുവരെ കോസ്റ്റ് ഗാർഡ് ഗസ്റ്റ് ഹൗസിലാകും താമസം. വൈകിട്ട് 6.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ഗവർണറുടെ സുരക്ഷ പ്രത്യേക സിആർപിഎഫ് സംഘം ഏറ്റെടുത്തേക്കുമെന്നാണ് കരുതുന്നത്.

കോസ്റ്റ് ഗാർഡിന്റെ 48ാമത് റേസിങ് ഡേ പരേഡിൽ പങ്കെടുക്കുന്നതിനായാണ് ഗവർണർ കൊച്ചിയിലെത്തുന്നത്. ബുധനാഴ്ച രാവിലെ 7.30ന് കോസ്റ്റ് ഗാർഡിന്റെ കപ്പലിൽ വച്ചാണ് ചടങ്ങുകൾ. അതിനു ശേഷം കൊച്ചിയിൽ തങ്ങുന്ന ഗവർണർ മറ്റൊരു പരിപാടിയിൽ കൂടി പങ്കെടുത്ത ശേഷമാകും ഫെബ്രുവരി ഒന്നിന് മടങ്ങുക. 

ഗവർണറുടെ സുരക്ഷ ഏറ്റെടുക്കാനുള്ള സിആർപിഎഫിന്റെ 65 അംഗ പ്രത്യേക സംഘം ഇന്ന് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തും. തുടർന്ന് സുരക്ഷാ ചുമതല ഏറ്റെടുക്കും. ഗവർണർക്ക് സുരക്ഷ ഒരുക്കുന്നതു സംബന്ധിച്ച് സിആർപിഎഫ്, കേരള പൊലീസ്, രാജ്ഭവൻ എന്നിവരുടെ യോഗം ഇന്ന് നടക്കുന്നുണ്ട്. ഏതൊക്കെ വിധത്തിലാണ് സുരക്ഷാ ചുമതലകള്‍ വിഭജിക്കുക എന്ന കാര്യമാണ് യോഗം ചർച്ച ചെയ്യുന്നത്. രാജ്ഭവനുള്ളിലെ സുരക്ഷ സിആർപിഎഫും പുറത്തു പൊലീസുമായിരിക്കും ചെയ്യുക. അതോടൊപ്പം, ഗവർണറുടെ യാത്രാ വ്യൂഹത്തിലും സിആർപിഎഫും പൊലീസും ഉണ്ടാവും. 

ഗവർണർക്ക് സിആർപിഎഫ് സുരക്ഷ ഒരുക്കുന്നതായുള്ള അറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കും സംസ്ഥാന ഡിജിപിക്കും കൈമാറിയിരുന്നു. എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് നിലമേലി‍ൽ വച്ച് ഗവർണർ വാഹനത്തിൽ നിന്നിറങ്ങി റോഡിലിരുന്നത് ഏറെ വിവാദമായിരുന്നു. പിന്നാലെ കേന്ദ്ര സർക്കാരിനെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെയാണ് കേന്ദ്ര സേനയെ സുരക്ഷയ്ക്കായി നിയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

English Summary:

Governor Arif Mohammed Khan at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com