ADVERTISEMENT

മാവേലിക്കര (ആലപ്പുഴ) ∙ ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി പറഞ്ഞു. 15 പ്രതികളിൽ 14 പേരും വിധി കേൾക്കാനായി കോടതിയിൽ എത്തിയിരുന്നു. പത്താം പ്രതി അസുഖബാധിതനായി ആശുപത്രിയിലായതിനാൽ എത്തിയില്ല. കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് ഈ മാസം 20നു വിധിച്ചിരുന്നു. തുടർന്ന് പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ട ശേഷമാണു ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്കു മാറ്റിയത്.

Read More: നിഷ്ഠൂര കൊലപാതകം കുടുംബത്തിന്റെ കണ്‍മുന്നില്‍; 15 പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് കേരളത്തിൽ ആദ്യം

ശിക്ഷ വിധിക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്തു ശക്തമായ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയത്. ചെങ്ങന്നൂർ, കായംകുളം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണു കോടതിയിൽ സുരക്ഷ ഒരുക്കിയത്. കേരളത്തിൽ ഒരു കേസിൽ ഇത്രയധികം പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് ഇതാദ്യമായാണ്. കേസിലെ 15 പ്രതികളും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. പ്രതികളിൽനിന്ന് ഈടാക്കുന്ന പിഴത്തുകയിൽ ആറു ലക്ഷം രൂപ രൺജീത് ശ്രീനിവാസിന്റെ കുടുംബത്തിനു നൽകാനും കോടതി ഉത്തരവിട്ടു. വിധിയിൽ സംതൃപ്തരാണെന്ന് രൺജീത് ശ്രീനിവാസിന്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചു.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ, അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലക്കൽ നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണു കേസിലെ പ്രതികൾ. പത്താം പ്രതി മുല്ലയ്ക്കൽ വട്ടക്കാട്ടുശേരി നവാസ് രോഗബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read also: ‘വായ്ക്കരി പോലും ഇടാൻ പറ്റാത്ത രീതിയിലാണ് അവർ കാണിച്ചു വച്ചത്; അതുകണ്ടത് ഞാനും അമ്മയും എന്റെ മക്കളുമാണ്’

2021 ഡിസംബർ 19 ന് രൺജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂഷൻ കേസ്. ആലപ്പുഴ ജില്ലയിൽ തുടർച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒടുവിലത്തേതായിരുന്നു ഇത്. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ ആർ.നന്ദുകൃഷ്ണയാണ് ആദ്യം കൊല്ലപ്പെട്ടത്. പ്രതികാരമെന്ന പോലെ പിന്നീട് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനെ മണ്ണഞ്ചേരിയിൽ കൊലപ്പെടുത്തി. അതിന്റെ പിറ്റേന്നു രാവിലെയായിരുന്നു രൺജീത് വധം.

സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ ആണു പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. പ്രതികളുടെ സാമൂഹിക അവസ്ഥ സംബന്ധിച്ചു സംസ്ഥാന സർക്കാർ, ജില്ലാ പ്രബേഷൻ ഓഫിസർ, ജയിലിലെ പെരുമാറ്റം സംബന്ധിച്ചു മാവേലിക്കര സ്പെഷൽ സബ് ജയിൽ സൂപ്രണ്ട്, മാനസിക ആരോഗ്യം സംബന്ധിച്ചു സൈക്യാട്രി വിഭാഗം എന്നിവരുടെ റിപ്പോർട്ട് കോടതി വാങ്ങിയിരുന്നു.

English Summary:

Ranjeet Sreenivas Murder Case Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com