കർണാടകയിലെ സർക്കാർ വിദ്യാലയത്തിൽ ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർഥികളുടെ വിഡിയോ വീണ്ടും

Mail This Article
ബെംഗളൂരു ∙ കർണാടകയിലെ ചിക്കബെല്ലാപൂരിലെ സർക്കാർ വിദ്യാലയത്തിൽ വിദ്യാർഥികൾ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ചിക്കബെല്ലാപൂരിലെ ഗവ.സീനിയർ പ്രൈമറി സ്കൂളിലാണ് സംഭവം. സംസ്ഥാനത്തെ വിവിധ സ്‍കൂളുകളിൽ വിദ്യാർഥികളെ നിർബന്ധിപ്പിച്ച് ശുചിമുറി വൃത്തിയാക്കിപ്പിക്കുന്നു എന്ന വിവാദം ഉയരുന്നതിനിടെയാണ് പുതിയ വീഡിയോയും പ്രത്യക്ഷപ്പെട്ടത്.
വിദ്യാർഥികൾ തന്നെയാണ് ശുചിമുറി വൃത്തിയാക്കുന്ന വീഡിയോ മൊബൈലിൽ പകർത്തിയത്. സംഭവം വിവാദമായതിനു പിന്നാലെ സ്‍കൂളിലെത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർഥികളിൽ നിന്നും മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ കർണാടകയിലെ സ്‍കൂളുകളിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കോലാറിലെ യെലാവല്ലി മൊറാർജി ദേശായി സ്‍കൂളിലും ബെംഗളൂരുവിലെ ആന്ദർഹളളി സർക്കാർ സ്‍കൂളിലും ഇത്തരത്തിൽ വിദ്യാര്‍ഥികളെ നിർബന്ധിപ്പിച്ച് ശുചിമുറി വൃത്തിയാക്കിപ്പിച്ചിരുന്നു.
കഴിഞ്ഞമാസം ശിവമോഗയിലെ സ്‍കൂളിൽ വിദ്യാർഥികളെ നിർബന്ധിപ്പിച്ച് ശുചിമുറി വൃത്തിയാക്കിപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ സ്‍കൂൾ ഹെഡ്‍മിസ്ട്രസിനെ കർണാടക വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. രക്ഷിതാക്കളുടെ അടക്കം പ്രതിഷേധം ശക്തമായതോടെ വിദ്യാർഥികളെ നിർബന്ധിപ്പിച്ച് ഇത്തരത്തിലുളള പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രസ്‍താവന നടത്തിയിരുന്നു