പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുതിയ മാനേജിങ് ഡയറക്ടർമാർ; മന്ത്രിസഭാ തീരുമാനങ്ങൾ
Mail This Article
തിരുവനന്തപുരം∙ വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ച് മന്ത്രിസഭായോഗം. കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിൽ പി.രഞ്ജിത്ത് ലാൽ, കേരള ഓട്ടമൊബീൽസ് ലിമിറ്റഡിൽ വി.എസ്.രാജീവ്, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡിൽ സുകുമാർ അരുണാചലം, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ പി.പ്രദീപ് കുമാർ.പി, കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ശ്രീകുമാർ നായർ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ രാജീവ് രാമകൃഷ്ണൻ എന്നിവരെയാണു പുതിയ മാനേജിങ് ഡയറക്ടർമാരായി നിയമിച്ചത്.
തിരുവനന്തപുരം പൂങ്കുളം - കാക്കാമൂല റോഡുകളെ ബന്ധിപ്പിക്കുന്ന വെള്ളായണിപ്പാലത്തിന്‍റെ നിര്‍മാണത്തിനുള്ള ടെൻഡർ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റവന്യു വകുപ്പില്‍ സൂപ്പര്‍ ന്യൂമററിയായി രൂപീകരിച്ച നാല് ഡപ്യൂട്ടി കലക്ടര്‍ (മേഖലാ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍) തസ്തികകള്‍ രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിക്കും. കേരള സ്റ്റേറ്റ് ഹോമിയോപ്പതിക്ക് കോ- ഓപ്പറേറ്റീവ് ഫര്‍മസി ലിമിറ്റഡില്‍ ( ഹോംകോ) താല്‍ക്കാലികമായി അക്കൗണ്ടന്‍റ് തസ്തിക സൃഷ്ടിക്കും.
ദി ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്‍പ്പറേഷന്‍ (ഐഎം) കേരള ലിമിറ്റഡില്‍ (ഔഷധി) ജനറല്‍ വര്‍ക്കര്‍ ഒഴികെയുള്ള സ്ഥിരം ജീവനക്കാര്‍ക്ക് 2019 ജൂലൈ 1 പ്രാബല്യത്തില്‍ പതിനൊന്നാം ശമ്പള പരിഷ്കരണം അനുവദിക്കും. പാലക്കയം വില്ലേജിലെ ലോവര്‍ വട്ടപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി പാലക്കാട് ജില്ലാ പഞ്ചായത്തിന് അനുവദിക്കുന്നതിനുള്ള എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍ ഡയറക്ടറുടെ അഭ്യര്‍ഥന വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിക്കാനും തീരുമാനിച്ചു.