ADVERTISEMENT

തിരുവനന്തപുരം ∙ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ കൊല്ലം പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ അബ്ദുൽ ജലീല്‍, പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്‍.ശ്യാംകൃഷ്ണ എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. നിയമസഭയിൽ ജി.എസ്.ജയലാലിന്‍റെ സബ്മിഷനുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

കൊല്ലം പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ മരണത്തിൽ പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. കൊല്ലം ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്.

അനീഷ്യ എഴുതിയതെന്നു കരുതുന്ന ഡയറിക്കുറിപ്പിലെയും അനീഷ്യയുടെ ശബ്ദരേഖയിലെയും ആരോപണങ്ങളെ സംബന്ധിച്ചു ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുന്നതിനു ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Pinarayi Vijayan said that the accused were suspended in the case of APP Aneeshya suicide case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com