ADVERTISEMENT

ചെന്നൈ ∙ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് ‘തമിഴക വെട്രി കഴകം’ എന്നു പേരായി. വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിലെത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

Read also: അനീതിക്ക് മറുപടി; ജനകീയ കോടതിയിൽ ജയിച്ച് മഹുവ വരും: ചേർത്തുനിർത്തി മമത

അതേസമയം, ഇതുവരെ കരാറായിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയശേഷം അഭിനയം ഉപേക്ഷിക്കുമെന്നു വിജയ് പുറത്തുവിട്ട കത്തിൽ പറയുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരത്തിനിറങ്ങും. ജാതിമത ഭിന്നതയും അഴിമതിയും നിലനിൽക്കുന്ന അവസ്ഥയെ പൂർണമായും തന്റെ പാർട്ടി ഇല്ലാതാക്കുമെന്നും വിജയ് വ്യക്തമാക്കി. 


വിജയ്‌യുടെ കത്തിലെ പ്രസക്ത ഭാഗങ്ങൾ:

‘‘തമിഴക വെട്രി കഴകം എന്ന ഞങ്ങളുടെ പാർട്ടി റജസിറ്റർ ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് അപേക്ഷ നൽകി. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച്  ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. രാഷ്ട്രീയം ഒരിക്കലും എനിക്ക് മറ്റൊരു തൊഴിലല്ല. അത് ജനങ്ങൾക്കു വേണ്ടിയുള്ള പുണ്യ  പ്രവൃത്തിയാണ്. കാലങ്ങളായി ഞാൻ അതിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു. രാഷ്ട്രീയം എനിക്കൊരു ഹോബിയല്ല. അതെന്റെ അഗാധമായ ആഗ്രഹമാണ്. പൂർണമായി എനിക്ക് അതിലേക്ക് ഇഴുകിച്ചേരണം.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് നിങ്ങൾക്കെല്ലാം അറിവുള്ളതാണ്. ഭരണപരമായ കെടുകാര്യസ്ഥതയും ദുഷിച്ച രാഷ്ട്രീയ സംസ്കാരവും ഒരു വശത്തും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയ സംസ്കാരം മറു വശത്തും. നിസ്വാർത്ഥവും സുതാര്യവും ജാതിരഹിതവും ദീർഘവീക്ഷണമുള്ളതും അഴിമതി രഹിതവും കാര്യക്ഷമവുമായ ഭരണത്തിലേക്ക് നയിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ മാറ്റത്തിനായി തമിഴ്‌നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നു.

ഇതുവരെ കരാറൊപ്പിട്ട സിനിമകൾ രാഷ്ട്രീയ പ്രവർത്തനത്തെ തെല്ലും ബാധിക്കാതെ  പൂർത്തിയാക്കും. അതിനുശേഷം ജനസേവന രാഷ്ട്രീയത്തിൽ പൂർണമായും മുഴുകും. തമിഴ്നാട്ടിലെ ജനങ്ങൾക്കുള്ള നന്ദിസൂചകമായി ഞാനിതിനെ കാണുന്നു.’’

വിജയയ്‍യുടെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ ഇടയ്ക്കിടെ തലപൊക്കാറുണ്ടായിരുന്നെങ്കിലും നവംബറിൽ ചെന്നൈയിൽ നടന്ന ലിയോ സിനിമയുടെ വിജയാഘോഷത്തിൽ നടൻ അർജുന്റെ പ്രഖ്യാപനത്തോടെയാണ് ഇത് വീണ്ടും സജീവമായത്. ‘2026 ലാണ് തമിഴ്നാട്ടിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. നടൻ ഉടൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നാ’ണ് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നടൻ അർജുൻ വേദിയിൽ പ്രഖ്യാപിച്ചത്. ‘രാജാക്കന്മാരിൽ നിന്ന് ഉത്തരവുകൾ സ്വീകരിക്കുന്ന സൈനികനാണു ദളപതി. ജനങ്ങളാണ് എന്റെ രാജാക്കന്മാർ, അവരെ സേവിക്കുന്ന ദളപതിയാണു ഞാൻ’ എന്ന് മറുപടി പ്രസംഗത്തിൽ വിജയ്‍യും പറഞ്ഞു.

വിജയയ്‍യുടെ ഫാൻസ് അസോസിയേഷന്‍ ആയ ദളപതി വിജയ് മക്കൾ ഇയക്കം (ടിവിഎംഐ) പ്രത്യേക പതാകയോ ചിഹ്നമോ ഇല്ലാതെ, കഴിഞ്ഞ  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 169 അംഗങ്ങൾ മത്സരിച്ചതിൽ 115 പേരും തിരഞ്ഞെടുക്കപ്പെട്ടു. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിനു മുൻപ് കളം അറിയാൻ നടത്തിയ പരീക്ഷണമായിരുന്നു ഇതെന്നാണ് കരുതപ്പെടുന്നത്.

English Summary:

Actor Vijay's political party was named 'Tamilaka Vetri Kazhakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com