ADVERTISEMENT

കൊച്ചി∙ കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജിന്റെ പരാതിയില്‍ പുത്തിൻകുരിശ് പൊലീസ് റജിസ്റ്റ്ർ ചെയ്തിട്ടുള്ള കേസില്‍ ട്വന്റി20 പാര്‍ട്ടി ചീഫ്  കോഓർഡിനേറ്റർ സാബു എം.ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. തന്നെ ജാതീയവും വംശീയവുമായി അപമാനിക്കുന്ന രീതിയിലാണ് സാബു എം.ജേക്കബ് പ്രസംഗിച്ചതെന്ന് കാട്ടി ശ്രീനിജിൻ നൽകിയ പരാതിയിൽ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം അനുസരിച്ചാണ് സാബു എം.ജേക്കബിനെതിരെ കേസെടുത്തിരുന്നത്. ഈ എഫ്ഐആർ റദ്ദാക്കണം എന്നായിരുന്നു സാബു എം.ജേക്കബിന്റെ ആവശ്യം. 

ഇരുവരും തമ്മിൽ‍ നേരത്തെ തന്നെ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സാബു എം.ജേക്കബിനെ ഏതു വിധേനെയും അറസ്റ്റ് ചെയ്യിക്കാനാണ് ശ്രീനിജൻ ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. ട്വന്റി20 പാർട്ടി ജനുവരി 21ന് കോലഞ്ചേരിയിൽ സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന സമ്മേളനം തടയാൻ ശ്രീനിജിൻ ശ്രമിച്ചെന്നും എന്നാല്‍ സമ്മേളനം നടത്താൻ ജനുവരി 19ന് ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നുവെന്നും സാബു എം.ജേക്കബിന്റെ അഭിഭാഷകൻ പറഞ്ഞു. ഇതിന്റെ വിരോധം തീർക്കാനാണ് തന്റെ കക്ഷിക്കെതിെര പരാതി നല്‍കിയത്.

എന്നാല്‍ ശ്രീനിജിന്റെ പരാതിയിൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങള്‍ സാബു എം.ജേക്കബ് ചെയ്തിട്ടുണ്ടെന്നാണ് ശ്രീനിജനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയത്. ശ്രീനിജിനെ മന:പൂർവം അവഹേളിക്കാനും അപമാനിക്കാനുമായിരുന്നു ശ്രമമെന്നും അവര്‍ പറഞ്ഞു. 

മുമ്പും ജാതി അവഹേളനത്തിന്റെ പേരിൽ ശ്രീനിജിൻ സാബു എം.ജേക്കബിനെതിരെ കേസ് കൊടുത്തിരുന്നു. അന്ന് അറസ്റ്റ് തടഞ്ഞ് അന്വേഷണവുമായി സഹകരിക്കാനാണ് സാബു എം.ജേക്കബിനോട് കോടതി നിർദേശിച്ചിരുന്നത്. സമാനമായ സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും എന്നാൽ സാബു എം.ജേക്കബ് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരായി അന്വേഷണവുമായി സഹകരിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സി.എസ്.ഡയസ് നിര്‍ദേശിച്ചു. 

ചോദ്യം ചെയ്യാൻ വിളിപ്പിക്കും മുമ്പ് കൃത്യമായ നോട്ടീസ് നല്‍കിയിരിക്കണമെന്നും ഇതിനിടയില്‍ ഒരു മാസത്തെ എങ്കിലും ഇടവേള ഉണ്ടായിരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ പേരിൽ‍ സാബു എം.ജേക്കബിനെ പീഡിപ്പിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്. 

കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി20 സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് സാബു എം.ജേക്കബിന്റെ വിവാദ പ്രസംഗം ഉണ്ടായത്. . 

English Summary:

Kerala Highcourt Stops arrest of Sabu M Jacob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com