നിയന്ത്രണവുമായി ആർബിഐ; ഫെബ്രുവരി 29ന് ശേഷവും പേയ്ടിഎം പ്രവർത്തിക്കുമെന്ന് സിഇഒ
Mail This Article
ന്യൂഡൽഹി ∙ ചട്ടലംഘനം ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് നടപടി കടുപ്പിച്ചെങ്കിലും പേയ്ടിഎം സേവനങ്ങൾ മുടങ്ങില്ലെന്ന് ഉറപ്പുനൽകി കമ്പനി സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ. ഫെബ്രുവരി 29നു ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ്/കറന്റ് അക്കൗണ്ടുകൾ, വോലറ്റുകൾ, ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാനാകില്ലെന്നു റിപ്പോർട്ടുണ്ടായിരുന്നു.
‘‘പേയ്ടിഎം ഉപയോക്താക്കളെ, നിങ്ങളുടെ പ്രിയപ്പെട്ട ആപ് പ്രവർത്തിക്കുന്നുണ്ട്. ഫെബ്രുവരി 29നു ശേഷവും പതിവുപോലെ പ്രവർത്തിക്കും. നിരന്തരമായ പിന്തുണയ്ക്ക് എല്ലാ പേയ്ടിഎം അംഗങ്ങളെയും സല്യൂട്ട് ചെയ്യുന്നു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. രാജ്യത്തിനായി ആത്മാർഥമായി സേവനം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഡിജിറ്റൽ പേയ്‌മെന്റിൽ ആഗോള രംഗത്തെ ഇന്ത്യയുടെ മുന്നേറ്റം തുടരും. അതിൽ ‘പേയ്ടിഎം കരോ’ ചാംപ്യനാകും’’– വിജയ് ശേഖർ ശർമ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
അതേസമയം, റിസർവ് ബാങ്ക് നിയന്ത്രണങ്ങളെ പേയ്ടിഎം എങ്ങനെ മറികടക്കും എന്ന് വിജയ് ശർമ വിശദീകരിച്ചിട്ടില്ല. നിലവിലെ വിവരമനുസരിച്ച് ഈ മാസം 29നു ശേഷം പേയ്ടിഎം ബാങ്ക് അക്കൗണ്ടുകളിലേക്ക് ആർക്കും പണമയയ്ക്കാനാകില്ല. എന്നാൽ അക്കൗണ്ടിലും വോലറ്റിലുമുള്ള തുകയുടെ പലിശ, ക്യാഷ്ബാക്ക്, റീഫണ്ട് തുടങ്ങിയവ ലഭിക്കുന്നതിനു തടസ്സമില്ല. പേയ്ടിഎം നോഡൽ അക്കൗണ്ടുകൾ നിർത്തലാക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ കടകളിൽ പേയ്ടിഎം ക്യുആർ കോഡ് ഉപയോഗിച്ച് പണം സ്വീകരിക്കുന്നതിനെയും ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്. പേയ്ടിഎം നൽകുന്ന യുപിഐ സേവനത്തെ നിലവിൽ ബാധിച്ചിട്ടില്ല.
മറ്റൊരു ബാങ്കിങ് സേവനവും ഫെബ്രുവരി 29നു ശേഷം പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനു നൽകാനാവില്ലെന്നാണു സൂചന. ഫെബ്രുവരി 29നു ശേഷം പണം സ്വീകരിക്കാനും പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാനാവില്ല. 2022 മാർച്ച് മുതൽ പുതിയ ഉപയോക്താക്കളെ ചേർക്കുന്നത് നിർത്തിവയ്ക്കാൻ ആർബിഐ മുൻപു ഉത്തരവിട്ടിരുന്നു. പേയ്ടിഎം ബാങ്കിൽ പരോക്ഷമായ ഓഹരിയുള്ള ചൈനീസ് കമ്പനികളുമായി ഡേറ്റ പങ്കുവച്ചെന്ന് ആരോപണമുണ്ട്. ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താൻ ഐടി ഓഡിറ്റ് കമ്പനിയെ നിയമിക്കാനും അന്ന് ആർബിഐ നിർദേശിച്ചിരുന്നു. ഈ പരിശോധനയിലും വീഴ്ചകൾ കണ്ടതിനെ തുടർന്നാണ് നടപടി.