ADVERTISEMENT

ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള കരട് റിപ്പോർട്ട് സർക്കാർ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് കൈമാറി. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി തയാറാക്കിയ റിപ്പോർട്ട് ശനിയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും. തിങ്കളാഴ്ച ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ അധികാരമേറ്റതിനു പിന്നാലെ ഇതിനായി പ്രത്യേകം സമിതിയെ നിയോഗിക്കുകയും ചെയ്തു. ബിൽ പാസായാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഗോവയിൽ പോർച്ചുഗീസ് ഭരണകാലം മുതൽക്കുതന്നെ ഏക സിവിൽ കോഡ് നിലവിലുണ്ട്.

വിവാഹമോചനം, പൈതൃകസ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലെല്ലാം ജാതി, മത, സാമുദായിക വേർതിരിവില്ലാതെ എല്ലാ പൗരന്മാർക്കും ഒരേ രീതിയിൽ നിയമം ബാധകമാവുന്ന സംവിധാനമാണ് ഏക സിവിൽ കോഡ്. തിങ്കളാഴ്ച മുതൽ നാലു ദിവസത്തേക്ക് ബില്ലിൽ ചർച്ച നടത്താനും പാസാക്കാനുമായാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിരിക്കുന്നത്. പൊതുജനങ്ങളിൽനിന്ന് ലഭിച്ച 2.33 ലക്ഷം നിർദേശങ്ങൾ ഉൾ‌പ്പെടെ പരിഗണിച്ചാണ് അന്തിമ റിപ്പോർട്ട് തയാറാക്കിയത്. 

വിവാഹവുമായി ബന്ധപ്പെട്ട മതങ്ങളുടെ ആചാരങ്ങളെയോ, അനുഷ്ഠാനങ്ങളെയോ സിവിൽ കോഡ് നിയന്ത്രിക്കില്ലെന്നാണ് സൂചന. അതേസമയം വിവാഹമോചനം, പരിപാലനം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമങ്ങളാവുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ബഹുഭാര്യത്വം, ഏകപക്ഷീയമായ വിവാഹമോചനം തുടങ്ങിയവയെ എതിര്‍ക്കുന്ന നിയമ സമിതിയുടെ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നും വിവരമുണ്ട്.

English Summary:

Uniform civil code (UCC) in Uttarakhand: Panel hands over final report to CM Pushkar Singh Dhami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com