ADVERTISEMENT

സ്വാതന്ത്ര്യാനന്തര ‌ഇന്ത്യയിൽ ദീർഘകാലത്തെ രാഷ്ട്രീയ ചരിത്രമാണ് ഭാരതരത്ന പുരസ്കാരത്തിന് അർഹനായ ലാൽ കൃഷ്ണ അഡ്വാനിയെന്ന അതികായന് അവകാശപ്പെടാനുള്ളത്. ഏഴ് തവണ ലോക്സഭാംഗമായിരുന്ന അ‍ഡ്വാനി, ഉപപ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ വഹിച്ചിരുന്നു. 1990ൽ പാർട്ടി അധ്യക്ഷനായിരിക്കെ, അയോധ്യ രാമക്ഷേത്രനിർമാണത്തിനു പിന്തുണ തേടി അഡ്വാനി നടത്തിയ രഥയാത്രയാണ് ബിജെപിയുടെ അധികാര വഴിയിൽ നിർണായകമായത്.

Read Also: മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനിക്ക് ഭാരതരത്‍ന: അനുമോദിച്ച് പ്രധാനമന്ത്രി

1927 നവംബർ എട്ടിന് അവിഭക്ത ഇന്ത്യയിലെ സിന്ധിലാണ് എൽ.കെ.അ‍ഡ്വാനി ജനിച്ചത്. 1947ൽ വിഭജനത്തോടെ കുടുംബം ഇന്ത്യയിലേക്കു കുടിയേറുകയായിരുന്നു. 1941ൽ കറാച്ചിയിൽ ആർഎസ്എസ് പ്രവർത്തകനായ അദ്ദേഹം, 1947–52 കാലയളവിൽ രാജസ്ഥാനിലെ അൽവാർ, ഭരത്പുർ, കോട്ട, ബുൻഡി, ജലാവർ എന്നിവിടങ്ങളിൽ പ്രചാരകനായിരുന്നു.  മുംബൈയിൽനിന്നുമാണ് അഡ്വാനി നിയമബിരുദം നേടിയത്. 

1951ൽ ശ്യാമ പ്രസാദ് മുഖർജി രൂപീകരിച്ച ബിജെപിയുടെ ആദ്യകാല രൂപമായ ഭാരതീയ ജനസംഘത്തിൽ ചേർന്നു. 1970 – 72 കാലഘട്ടത്തിൽ ഡൽഹി ജനസംഘം അധ്യക്ഷനായി പ്രവർത്തിച്ചു. 1972ൽ ജനസംഘത്തിന്റെ ദേശീയ പ്രസിഡന്റായി. 1970ൽ അഡ്വാനി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1976, 82, 88 വർഷങ്ങളിലും അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977–80 കാലഘട്ടത്തിൽ ജനതാപാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽശിക്ഷയനുഭവിച്ച അ‍ഡ്വാനി, 1977ലെ ജനതാ മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് കൈകാര്യം ചെയ്തു. ആർഎസ്എസിന്റെ മുഖപത്രമായ ഒാർഗനൈസർ വാരികയുടെ മുഖ്യപത്രാധിപരായും സേവനമനുഷ്ഠിച്ചു. 

1980ൽ രാജ്യസഭ പ്രതിപക്ഷ നേതാവായി. 1980ൽ ബിജെപിയുടെ രൂപീകരണത്തിലും പിന്നീടതിന്റെ വളർച്ചയിലും നിർണായക പങ്കുവഹിച്ച അ‍ഡ്വാനി പാർട്ടി സ്ഥാപക ജനറൽ സെക്രട്ടറിയാണ്. അഡ്വാനിയും അടൽ ബിഹാരി വാജ്പേയുമാണ് ബിജെപി രൂപീകരിക്കുന്നതിൽ മുഖ്യപങ്കു വഹിച്ചത്. 1986 - 91, 1993 - 98, 2004- 05 കാലയളവിൽ ബിജെപി അധ്യക്ഷനായി. 90കളിൽ രാമജന്മഭൂമി പ്രസ്ഥാനത്തിലൂടെ വൻ ജനപ്രീതി നേടിയ അഡ്വാനി നേതാവെന്ന നിലയിൽ ഔന്നത്യത്തിലേക്ക് ഉയർന്നു.  

എൽ.കെ.അഡ്വാനി (ഫയൽ ചിത്രം ∙ മനോരമ)
എൽ.കെ.അഡ്വാനി (ഫയൽ ചിത്രം ∙ മനോരമ)

1989ൽ ന്യൂഡൽഹിയിൽനിന്ന് ആദ്യമായി ലോക്സഭാംഗമായി.1991ൽ ലോക്സഭിലേക്ക് രണ്ടാം ജയം (ന്യൂഡൽഹി, ഗാന്ധിനഗർ എന്നീ മണ്ഡലങ്ങളിൽ നിന്നു ജയം. ഗാന്ധിനഗർ നിലനിർത്തി. 5 തവണ കൂടി ഗാന്ധിനഗറിൽനിന്നു വിജയം – 1998, ’99, 2004, 2009, 2014). 1996ൽ ഹവാലകേസിൽ കുറ്റപത്രത്തിൽപെട്ടതിനെത്തുടർന്ന് ലോക്സഭാംഗത്വം രാജിവച്ചിരുന്നു. 1997ൽ ഈ കേസിൽ കുറ്റവിമുക്തനായി.

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു വേണ്ടി രഥയാത്ര നടത്തുകയും ബിജെപിയെ അധികാരത്തിലെത്തിക്കാൻ ചുക്കാൻ പിടിക്കുകയും ചെയ്ത അഡ്വാനി 1996 ലും 1998 ലും 1999 ലും അടൽ ബിഹാരി വാജ്പേയിയെ പ്രധാനമന്ത്രിയാക്കാൻ പൂർണ പിന്തുണ നൽകിയിരുന്നു. 2002ൽ ഉപപ്രധാനമന്ത്രി പദം വരെ എത്തിയ അഡ്വാനി, വാജ്പേയിക്കു ശേഷം പ്രധാനമന്ത്രിയാവും എന്ന് കരുതിയിരുന്നതാണ്. എന്നാൽ 2004ൽ ബിജെപി പരാജയപ്പെട്ടതോടെ അഡ്വാനി പ്രഭാവം മങ്ങിത്തുടങ്ങി. പാക്കിസ്‌ഥാനിൽ 2005ൽ നടത്തിയ സന്ദർശനത്തിനിടയിൽ ജിന്നയെ മതേതരവാദിയായി വിശേഷിപ്പിച്ച് പ്രസ്‌താവന നടത്തിയത് അഡ്വാനിക്ക് തിരിച്ചടിയായി. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയാകുന്നതിനെ എതിർത്ത് പാർട്ടി പദവികളിൽനിന്ന് രാജിവച്ചത് അഡ്വാനിയുടെ മറ്റൊരു പാളിപ്പോയ കരുനീക്കമാവുകയും ചെയ്തു.

2015ൽ പത്മവിഭൂഷൺ ബഹുമതി നൽകി രാജ്യം അഡ്വാനിയെ ആദരിച്ചു. 2019ൽ, 6 തവണ വിജയിച്ച ഗാന്ധിനഗർ സീറ്റിൽനിന്ന് അഡ്വാനിയെ ഒഴിവാക്കി അമിത് ഷാ മത്സരിച്ചതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അഡ്വാനി യുഗത്തിന് അന്ത്യമായി. പിന്നീടദ്ദേഹം പൊതുവേദികളിൽ തന്നെ അപൂർവമായേ പ്രത്യക്ഷപ്പെട്ടിട്ടുളളു. രാജ്യത്തിന്റെ വികസനത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ്, പരമോന്നത സിവിലിയന്‍ ബഹുമതി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഭാര്യ: കമല അഡ്വാനി (വിവാഹം: 1965, കമല 2016ൽ അന്തരിച്ചു) മക്കൾ : ‍ജയന്ത്, പ്രതിഭ.

English Summary:

Bharat Ratna to LK Advani: Politician who catapulted BJP to national reckoning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com