ADVERTISEMENT

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് നീക്കിവെച്ചത് 2744 കോടിയായിരുന്നു. തൊട്ടുപിറകേ ഇത് ചരിത്രത്തിൽ ആദ്യമായിട്ടാണെന്ന അവകാശവാദവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രംഗത്തെത്തുകയും ചെയ്തു. മാത്രമല്ല കേരളത്തിന്റെ രണ്ടറ്റങ്ങളെ മണിക്കൂറുകൾ കൊണ്ട് ബന്ധിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതി സിൽവർലൈൻ കേരളം ഉപേക്ഷിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ‌എന്നാൽ കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം പരിഗണിച്ചില്ലെന്നും പുതുതായി യാതൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ലെന്നും കേരളത്തിൽ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ ചൂണ്ടിക്കാട്ടുന്നു.

  • 2744 കോടിയാണ്  കേരളത്തിലെ റെയിൽവേ വികസനത്തിനായി ഇത്തവണ കേന്ദ്ര ബജറ്റിൽ മാറ്റിവെച്ചത്.  ഇത്രയും തുക കേരളത്തിന് അനുവദിക്കുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടിരിക്കുന്നത്. നിലവിൽ ബജറ്റിൽ വകയിരുത്തിയിരിക്കുന്ന തുക കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് സഹായകമാകുമോ?

2744 കോടി എന്തിനാണ് അനുവദിച്ചതെന്ന് കേന്ദ്രമന്ത്രി തന്നെ പറയണം. കേരളത്തിൽ അനുവദിച്ചു എന്ന് പറയുന്നത് കൊല്ലം റെയിൽവേസ്റ്റേഷൻ പോലുള്ള ചില സ്റ്റേഷനുകൾ കമേഴ്സ്യൽ ആക്കുന്നതുമായി ബന്ധപ്പെട്ട, അല്ലെങ്കിൽ അത്തരം കാര്യങ്ങൾക്കാണ്. കേരളത്തിന് നിലവിൽ പുതുതായി ഒരു പദ്ധതിയുമില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം എറണാകുളം– ഷൊർണൂർ പാത, എത്രയോ വർഷമായി ബ്രൗൺ ബുക്കിൽ ഉള്ളതാണ്. മുമ്പേ അനുവദിച്ചതാണ്. പക്ഷേ അതിന് അലോട്ട്മെന്റില്ല. ശബരിപാത ഇതേപോലെ ചെറിയ പണം അനുവദിക്കും. പക്ഷെ ഒരു പ്രവൃത്തിയും നടന്നിട്ടില്ല. ശബരി പാത കഴിഞ്ഞ തവണ 100 കോടി രൂപ വെച്ചു എന്ന് പറഞ്ഞതാണ്, പ്രഖ്യാപനമായത്. പക്ഷേ ഒരു വർഷമായി ഒരു പ്രവൃത്തിയും നടന്നിട്ടില്ല. അങ്കമാലി –ശബരി പാതയുടെ വികസനത്തിനായി എത്രയോ പാവപ്പെട്ട കുടുംബങ്ങൾ,കർഷകർ താമസിക്കുന്ന ഭൂമി എല്ലാം തന്നെ ഫ്രീസ് ചെയ്തിട്ടതാണ്. പക്ഷേ ഒന്നും നടന്നില്ല. പ്രത്യക്ഷത്തിൽ പറയുന്നത് പോലെയുള്ള ഒന്നും നമുക്ക് ലഭ്യമായിട്ടില്ല. പിന്നെ സ്റ്റേഷനുകളുടെ നവീകരണം, അത് ആറുമാസം മുൻപേ പ്രഖ്യാപിക്കുകയും തിരുവനന്തപുരം പോലുള്ള സ്റ്റേഷനുകളിൽ ആരംഭിച്ചതുമാണ്. കേരളത്തിന്  റെയിൽവേയുമായി ബന്ധപ്പെട്ട പുതിയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒന്നും ബജറ്റിൽ കാണുന്നില്ല. മുൻപ് അനുവദിച്ച ടോക്കൺ തന്നെയാണ് ഇപ്പോഴും ഉള്ളത്. 

  • സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതി കേരളം ഉപേക്ഷിച്ചുവെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. സിൽവർലൈനുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ചിരിക്കുന്ന നിലപാട് എന്താണ്? 

സിൽവർ ലൈൻ കേരളം ഉപേക്ഷിച്ചു എന്ന് അദ്ദേഹം പറയുന്നു. ഹൈസ്പീഡ് റെയിൽ വേണമെന്ന്ആവശ്യപ്പെട്ട ആദ്യ സംസ്ഥാനം കേരളമാണ്. നിരവധി തവണ മുഖ്യമന്ത്രി അടക്കമുള്ള എല്ലാവരും ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ അടക്കം കണ്ട് ചർച്ച നടത്തിയിരുന്നു. ഇക്കാര്യത്തിനായി പ്രധാനമന്ത്രിയെ മൂന്നുതവണ മുഖ്യമന്ത്രി കണ്ടിരുന്നു.റെയിൽവേ ബോർഡുമായി സംസാരിച്ചു. പഴയ റെയിൽവകുപ്പ് മന്ത്രിയുമായും പുതിയ മന്ത്രിയുമായും നിരവധി തവണ സംസാരിച്ചു. ഡിപിആർ വരെ കേരളം സമർപ്പിച്ചു. അപ്പോഴൊന്നും ഇതുമായി ബന്ധപ്പെട്ട ഒരുകാര്യവും പറയാതെ കേരളം പദ്ധതി ഉപേക്ഷിച്ചു എന്നുപറയുന്നതിൽ അർഥമില്ല. ഇന്ന് വന്ദേഭാരത് ട്രെയിനിൽ ധാരാളം യാത്രക്കാർ സഞ്ചരിക്കുന്നുണ്ട്. ഇതുതന്നെയാണ് നമ്മളും പറഞ്ഞത്.ഹൈസ്പീഡ് വരുമ്പോൾ ധാരാളം യാത്രക്കാർ അതിൽ വരും. ലാഭകരമായി ഓടാൻ സാധിക്കും. നിലവിൽ വന്ദേഭാരതിന്റെശരാശരി വേഗത എന്നുപറയുന്നത് 75–80 കിലോമീറ്ററാണ്. ചിലയിടത്ത് 100–110 കിട്ടിയെന്ന് വരും. പക്ഷേ ശരാശരിയെടുക്കുമ്പോൾ അത്രയേ ഉള്ളൂ. ഇതും കേരളം ചൂണ്ടിക്കാട്ടിയതാണ്.അതിലധികം സ്പീഡിൽ പോയാൽ വണ്ടി അപകടത്തിൽ പെടും. 

എറണാകുളം –ഷൊർണൂർ മൂന്നാംപാത ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. കേരളത്തിന് ഏറ്റവും അത്യാവശ്യമായ ഒന്ന്. മദ്രാസ് സെൻട്രൽ, മംഗലാപുരം എന്നിവിടെ നിന്ന് വരുന്ന ട്രെയ്നുകൾ ഒന്നിച്ച് എറണാകുളത്ത് എത്തുന്ന ഏറ്റവും തിരക്കുള്ള പാതയാണ്. അവിടെ ഒരു മൂന്നാംപാത വന്നാൽ കുറേക്കൂടി വേഗത്തിൽ ഓടിക്കാൻ സാധിക്കും. പക്ഷേ ബജറ്റിൽ അതുമായി ബന്ധപ്പെട്ട ഒന്നുമില്ല. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നയന്ന് അത് ബ്രൗൺ ബുക്കിൽ വന്നതാണ്. അതുപോലെ ആലപ്പുഴ വഴിയുള്ള പാതയുടെ ഇരട്ടിപ്പിക്കലിന് 707കോടിയെന്നാണ് പറയുന്നത്. ഇത് എത്രയോ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. എറണാകുളം–കുമ്പളം 105 കോടി, കുമ്പളം –തുറവൂർ 102 കോടി, തുറവൂർ– അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് അഞ്ഞൂറുകോടി.. ഇത്രയും കോടി എന്ന് പറയുന്നതിൽ ഒരു പുതുമയുമില്ല. ഇത് എല്ലാ വർഷവും ബജറ്റിൽ വരുന്നതാണ്. ഒന്നുകിൽ ബ്രൗൺബുക്കിൽ വരുന്നതാണ്, അല്ലെങ്കിൽ ടോക്കണായി ഉണ്ടാകും. പക്ഷേ പ്രാവർത്തികമാകുന്നില്ല.

ദക്ഷിണ റെയിൽവേയിൽ ഓട്ടോമാറ്റിക് സിഗ്നൽ പദ്ധതി വന്നാൽ തന്നെ ട്രെയിനുകൾ കുറേക്കൂടി വേഗത്തിൽ ഓടിക്കാൻ സാധിക്കും. അതിന് എത്രയോ കുറഞ്ഞ പണമാണ് അവർ വെച്ചിരിക്കുന്നത്, 45 കോടി. അതൊന്നും മതിയാകുന്ന കാര്യമല്ല. ഓട്ടോമാറ്റിക് സ്ഗിനലിങ് സിസ്റ്റം വലിയ പണച്ചെലവുള്ളതാണ്. കൃത്യമായുള്ള പണം അവർ വെച്ചിട്ടില്ല. ശബരിപാതയ്ക്ക് 100 കോടിയുണ്ട്. കഴിഞ്ഞ തവണയുമുണ്ട്. പക്ഷേ അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണ ഭൂവുടമകൾക്ക് പണം കൊടുക്കാനുള്ള നടപടികൾ ഒന്നുമെടുത്തിട്ടില്ല. നമ്മൾ ഭൂമി ഫ്രീസ് ചെയ്തു കല്ലിട്ടു. എല്ലാം കഴിഞ്ഞതാണ്. അത് ഡിപിആർ തയ്യാറാക്കി പണം കൊടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ബജറ്റിൽ വെച്ച അതേ തുക തന്നെയാണ് വെച്ചിരിക്കുന്നത്. പക്ഷേ കഴിഞ്ഞ വർഷം ബഡ്ജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കേരളത്തിൽ ചെയ്തില്ല. അതിനുപരകരം ചെങ്ങന്നൂരിൽ നിന്ന് പുതിയ പാത തുടങ്ങണമെന്ന അഭിപ്രായത്തിലാണ് റെയിൽവേ നിൽക്കുന്നത്. അതിലൊരുതീരുമാനമില്ല. അതിലും കേരളത്തെ പഴി പറയുകയാണ് ചെയ്യുന്നത്. 

മറ്റുള്ള സംസ്ഥനങ്ങളിൽ നിന്ന് കേരളം വളരെ വ്യത്യസ്തമാണ്. പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യാൻ ശ്രമിക്കാറുണ്ട്. മേൽപ്പാലം പദ്ധതിക്ക് പണമുണ്ടെന്ന് പറയുന്നു. മേൽപ്പാലം പദ്ധതി വർഷങ്ങളായി പറയുന്നതാണ്. കേരളം തന്നെ പതിനാലോളംമേൽപ്പാലങ്ങൾ പൂർത്തീകരിക്കാൻ പോവുകയാണ്. ഗുരുവായൂർ മേൽപ്പാലം കിഫ്ബി ഫണ്ടാണ്. കിഫ്ബി ഫണ്ടിൽ നിന്നും പണം മുടക്കി പതിനാലോളം മേൽപ്പാലങ്ങൾ  നിർമാണ ഘട്ടത്തിലാണ്. റെയിൽവേ വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ കുറച്ചുകൂടി സത്യസന്ധത പുലർത്തണം. സത്യസന്ധമായി കാര്യങ്ങൾ പറയണം. സിൽവർലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വാർത്ത എത്രയോ തവണ വന്നതാണ്. ഇക്കാര്യം ജനങ്ങൾക്കും പത്രമാധ്യമങ്ങൾക്കും അറിയാം. എന്നിട്ട് കേന്ദ്രമന്ത്രി എന്താണ് പറയുന്നത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു ഞങ്ങളാണ് ഇത് വേണ്ടെന്ന് പറഞ്ഞത് അവർ അതിന്റെ അവകാശ വാദം ഏറ്റെടുത്തുകഴിഞ്ഞു. 

  • ബജറ്റിൽ വകയിരുത്തിയത് പ്രഖ്യാപനങ്ങൾ മാത്രമാണ്. കേരളത്തിലെ അടിസ്ഥാന വികസനത്തിന് ഇതല്ല വേണ്ടതെന്നുമാണ് താങ്കളുടെ അഭിപ്രായം?

തിരുവനന്തപുരത്തെ നേമം ടെർമിനലുമായി ബന്ധപ്പെട്ട് തറക്കല്ലിട്ടതാണ്. ഒന്നും ചെയ്തിട്ടില്ല. എല്ലാം വാഗ്ദാനങ്ങൾ മാത്രമാണ്. അത് നടപ്പിലാകുമ്പോൾ സംസാരിക്കാം. റെയിൽവേയുടെ പ്രഖ്യാപനങ്ങളിൽ വിശ്വാസമില്ല. കാരണം വർഷങ്ങളായികേൾക്കുന്നതാണ്. പാലക്കാട് കോച്ചുഫാക്ടറി റെയിൽവെ പണം അനുവദിച്ചു, കേരളം സ്ഥലം വരെ എടുത്ത് കൊടുത്തതാണ്. ഇക്കാര്യങ്ങളിലൊന്നും കേരളത്തോട് നീതി പുലർത്തുന്ന പ്രവൃത്തി കേന്ദ്രത്തിന്റ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതൽ ആളുകൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ വരുമാനമുള്ളത് കേരളത്തിലാണ്. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ ഏറ്റവും കൂടുതൽ കളക്ഷനുള്ളത് കേരളത്തിലാണ്.  ഇതൊക്കെ ഉണ്ടായിട്ടും ശബരി പാതയ്ക്ക് 100 കോടി എന്ന പ്രഖ്യാപനമാണ് ഉള്ളത്. ശബരി പാതയ്ക്ക് പണം അനുവദിച്ചാൽ പകുതി ചെലവ് കേരളം വഹിക്കണം. കേരളം ആദ്യം തയ്യാറാണെന്ന് പറഞ്ഞിരുന്നു. അന്ന് നിർമാണ ചെലവ് നാല‍ിലൊന്നേ ഉണ്ടായിരുന്നുള്ളൂ. 

  • ചെങ്ങന്നൂർ–പമ്പ പാതയാണ് കേന്ദ്രത്തിന് താല്പര്യം എന്നാണല്ലോ, ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം എന്താണ്? 

തമിഴ്നാട്, കർണാടക, ആന്ധ്ര ഭാഗത്തുനിന്ന് ശബരിമലയിലേക്ക് വരുന്ന തീർഥാടകരാണ് കൂടുതൽ ഉള്ളത്. ചെങ്ങന്നൂരിലേക്ക് എന്നുപറയുമ്പോൾ അങ്കമാലിയിൽ നിന്ന് ഒരു ട്രെയിൻ ചെങ്ങന്നൂരിലേക്ക് എത്താൻ എത്ര മണിക്കൂർ എടുക്കും. ഈ മൂന്ന് സംസ്ഥാനത്ത് നിന്ന് വരുന്ന ആളുകൾക്ക് നേരെ അങ്കമാലിയിൽ നിന്നും ശബരിമലയിൽ പോയി തൊഴുത് വരുന്ന സമയമെടുക്കും ഇത് ചെങ്ങന്നൂരിൽ നിന്ന് വീണ്ടും ശബരിയിലെത്തുമ്പോൾ. അത് പ്രാവർത്തികമല്ല. പ്രാക്ടിക്കലല്ല. തിരുവനന്തപുരത്ത് നിന്ന് വരുന്ന ആളുകൾക്ക്  അത് ഗുണം ചെയ്യും. നീതിപൂർവമായി റെയിൽവേ ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ വിലയിരുത്തണം. 

എത്രയോ വർഷമായുള്ള ആവശ്യമാണ് നിലമ്പൂർ–നഞ്ചൻകോട്. ഒരുവാക്ക് ബജറ്റിൽ പറഞ്ഞിട്ടില്ല. മൈസൂർ –കാഞ്ഞങ്ങാട് പാത, ഇതെല്ലാം ബുദ്ധിമുട്ടില്ലാത്ത സ്ഥലങ്ങളാണ്, പക്ഷേ ഇതേക്കുറിച്ച് പറഞ്ഞിട്ടില്ല. എത്രയോ വർഷമായി ബജറ്റിൽ കാണിക്കുന്ന ടോക്കൺ തുക ഈ ബജറ്റിലും കാണുന്നു എന്നല്ലാതെ കേരളത്തെ സംബന്ധിച്ചിടത്തോളം വിശ്വാസയോഗ്യമായിട്ടുള്ള കാര്യങ്ങൾഅല്ല കേന്ദ്ര മന്ത്രി പറയുന്നത്. കേരളത്തിൽ റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി എന്ന നിലയിൽ നീതിപൂർവമായി പറയുകയാണെങ്കിൽ, അദ്ദേഹം കാര്യങ്ങൾ പഠിക്കാതെയാണ് കാര്യങ്ങൾ പറയുന്നത്.

സിൽവർ ലൈനുമായി ബന്ധപ്പെട്ട് ഞാൻ തന്നെ രണ്ടുതവണ യോഗത്തിന് പോയിട്ടുണ്ട്. അതിലൊന്നും കൃത്യമായ നിലപാട് പറയാനോ എടുക്കാനോ കേന്ദ്രമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ റെയിൽവെ അമിത ചാർജാണ് ഈടാക്കുന്നത്. 50 ശതമാനത്തിൽ അധികം വരുന്ന ടിക്കറ്റുകൾ തല്ക്കാലിൽ കൊടുക്കുകയാണ്. കേരളത്തിൽ സാധാരണ റിസർവേഷൻ ചെയ്തുവരുന്ന യാത്രക്കാർക്ക് 50 ശതമാനം ടിക്കറ്റ് മാത്രമേ യഥാർഥ നിരക്കിൽ കിട്ടുന്നുള്ളൂ. 25 ശതമാനം തൽക്കാലും അടുത്ത 25 ശതമാനംവരുന്നത് പ്രീമിയം തൽക്കാലും ആണെന്ന് പറയുമ്പോൾ വലിയ പണം കൊടുത്ത് യാത്ര ചെയ്യുകയാണ്. യാത്രക്കാരെ കൊള്ളയടിക്കുകയാണ്. അമിതവിലയാണ് റെയിൽവേ ഭക്ഷണത്തിന് ഈടാക്കുന്നത്. 20 രൂപയ്ക്ക് കിട്ടുന്ന സാമ്പാറും ചോറുമാണ് 250 രൂപയ്ക്ക് വന്ദേഭാരതിൽ കൊടുക്കുന്നത്. സാധാരണക്കാരായ യാത്രക്കാരെ കൊള്ളയടിക്കുന്ന രീതിയാണ് ഇത്. 

സാധാരണക്കാരന് ആവശ്യമുള്ള  യാത്ര സൗകര്യം ഏർപ്പെടുത്തേണ്ട റെയിൽവെ അതിലൊന്നും ശ്രദ്ധിക്കാതെ പദ്ധതികൾ പ്രഖ്യാപിക്കുന്നു. കൊല്ലം റെയിൽവേ സ്റ്റേഷന്റെ നവീകരണം കൊണ്ട് സാധാരണ യാത്രക്കാരന് എന്താണ് പ്രയോജനം.പുതിയ പാതകൾ വരണം. വേഗത്തിൽ ഓടാനുള്ള ഇരട്ടപ്പാതകൾ പൂർത്തിയാക്കണം. സിഗ്നലിങ് ശരിയാക്കണം.നിഷ്പക്ഷമായും സത്യസന്ധമായും കാര്യങ്ങളെ വിലയിരുത്തി തീരുമാനങ്ങളുണ്ടാകണം.  കേരളത്തെ സംബന്ധിച്ചിടത്തോളം ഭൂമി കുറവാണ്,ജനസാന്ദ്രത കൂടുതലാണ്. നമുക്ക് ആശ്രയിക്കാൻ പറ്റുന്നത് റെയിൽവേ ആണ്. അതിനാവശ്യമായ വികസനങ്ങൾ നടത്താൻ ശ്രമിക്കണം. ഇരട്ടപ്പാതയുമായി ബന്ധപ്പെട്ട് പത്തോ മുപ്പതോ വർഷമായി ആവശ്യപ്പെടുന്ന കാര്യങ്ങൾക്കാണ് പണം വെച്ചരിക്കുന്നത്. നടന്നാൽ നല്ലത്. ഇരട്ടിപ്പിച്ചില്ലെങ്കിൽ ട്രെയിനുകളുടെ വേഗതയിൽ വലിയ താമസമുണ്ടാകും. 

  • 40,000 നവീകരിച്ച കോച്ചുകൾ നവീകരിക്കുന്നെ പ്രഖ്യാപനം പോസിറ്റീവായ ഒന്നല്ലേ? 

പോസിറ്റീവായ ഒരു കാര്യത്തിനും കേരളം എതിരല്ല. കേരളത്തിലെ കോച്ചുകളുടെ സ്ഥിതിയെന്താണ്. ഏറ്റവും പരിതാപകരമായ കോച്ചുകളാണ് കേരളത്തിനുള്ളത്. കണ്ടം ചെയ്യേണ്ട കോച്ചുകളാണ് നമുക്ക് തരുന്നത്. അത് പുതുക്കുന്നതിൽ വലിയ അദ്ഭുതമൊന്നുമില്ല. റെയിൽവേ പണം ഈടാക്കുന്നുണ്ടെങ്കിൽ യാത്രക്കാർക്ക് സൗകര്യം കൊടുക്കണം. അതിൽ കാലോചിതമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവരണം. അക്കാര്യമാണ് കോച്ചിന്റെ കാര്യത്തിൽഉള്ളത് അത് വലിയ കാര്യമായി എടുത്ത് പറയണം എന്നില്ല. കാരണം അത് ചെയ്യേണ്ട കാര്യങ്ങൾ ഇപ്പോഴെങ്കിലും ചെയ്യാൻ റെയിൽവേ തയ്യാറായി എന്നുള്ളതാണ്. അവിടെയാണ് കേരളത്തിന് കോച്ചുഫാക്ടറി നഷ്ടപ്പെട്ടത് ഓർക്കേണ്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാകുന്ന ഒരു വ്യവസമായി മാറാവുന്ന ഒന്നായിരുന്നു അത്.അതാണ് ഇപ്പോൾ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് നിർമിച്ച് തരുന്നത്. 

നിലവിൽ 45 സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി എന്നുപറയുന്നു. ഇത് ബജറ്റിൽ വരുന്നതിന്റെ ആറുമാസം മുൻപ് പ്രഖ്യാപിച്ചതാണ്. അത് പുതിയ സംഭവമല്ല. മുൻപ്  പ്രഖ്യാപിച്ച പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി പെരുപ്പിച്ച് കാണിക്കുകയാണ്. 2009–14 കാലത്ത് യുപിഎ സർക്കാരിന്റെ കാലത്ത് അനുവദിച്ചതിന്റെ എത്രയോ മടങ്ങെന്നാണ് അവകാശപ്പെടുന്നത്.അന്ന് നടപ്പാക്കിയിരുന്നെങ്കിൽ നാലിലൊന്ന് പൈസക്ക് ചെയ്യാമായിരുന്നു. അതേ പദ്ധതികൾ എടുത്തെഴുതി അതിന്റെ  ഡിപിആർ നോക്കുമ്പോൾ കൂടുതലായി. സംഖ്യ പെരുക്കാൻ കാരണം കാലഘട്ടത്തിന് അനുസൃതമായിട്ടുള്ള വികസനപ്രവർത്തനങ്ങൾ കേരളത്തിന് ലഭ്യമാകാത്തതുകൊണ്ട് തന്നെയാണ്. ഓരോകാലത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ നടത്താത്തുകൊണ്ട് പണം അധികരിച്ചു. അധികം  പണം റെയിൽവെ കണ്ടെത്തേണ്ടി വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 2744 കോടിയിലെത്തിയിരിക്കുന്നത്.

സിഗ്നലിങ്, അമൃത് ഭാരത്, എല്ലാം പഴയത് തന്നെയാണ്. അത് ബജറ്റിൽ കൊണ്ടുവന്ന് ഒരു പുകമറ സൃഷ്ടിക്കുക മാത്രമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ശബരി പാത.കേരളത്തോടുള്ള അവഗണന തുടരുന്നു എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. 

English Summary:

Discussions were held, DPR was submitted, It makes no sense to say that Kerala abandoned Silver Line: Minister V.Abdurahiman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com