ആലപ്പുഴയിലും കണ്ണൂരിലും കോൺഗ്രസിന് പുതുമുഖങ്ങൾ; സ്ഥാനാർഥി നിർണയത്തിന് ഉപസമിതി
Mail This Article
തൃശൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലും കണ്ണൂരിലും പുതുമുഖങ്ങളെ മത്സരിപ്പിക്കാൻ കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ തൃശൂരിൽ ചേർന്ന കെപിസിസി യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്നും സംഘടനാതലത്തിൽ പ്രവർത്തിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടെങ്കിലും, മാവേലിക്കരയിൽ മത്സരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത മറ്റു നേതാക്കൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
കെപിസിസി അധ്യക്ഷനായ കെ.സുധാകരൻ മത്സരരംഗത്തുണ്ടാകില്ലെന്ന് നേരത്തെ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ആലപ്പുഴയിൽ മത്സരത്തിനില്ലെന്ന് സംഘടന ചുതലയുളള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും സംസ്ഥാന നേതാക്കളെ അറിയിച്ചതിനു പിന്നാലെയാണ് കണ്ണൂരിലും ആലപ്പുഴയിലും പുതുമുഖങ്ങളെ കളത്തിലിറക്കാൻ പാർട്ടിയിൽ തീരുമാനമായത്.
സ്ഥാനാർഥി നിർണയത്തിന് മുതിർന്ന നേതാക്കളടങ്ങുന്ന നാലംഗ ഉപസമിതി രൂപീകരിച്ചു. കെ.സുധാകരൻ, വി.ഡി.സതീശൻ, എം.എം.ഹസൻ, രമേശ് ചെന്നിത്തല എന്നിവരാണ് ഉപസമിതി അംഗങ്ങൾ. സിറ്റിങ് എംപിമാരുമായും ഓരോ ലോക്സഭാ മണ്ഡലങ്ങളിലേയും ഭാരവാഹികളുമായും ഉപസമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും. വിജയസാധ്യത കുറവുളള സിറ്റിങ് എംപിമാരുടെ മണ്ഡലങ്ങളിൽ ഉപസമിതിയുടെ നേതൃത്വത്തിലാകും തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുക.