ADVERTISEMENT

കൊൽക്കത്ത∙ ഭാരതത്തിന്റെ ആന്തരിക ശക്തി അതിന്റെ ആത്മീയ സമ്പത്താണെന്ന് ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. അത് ക്ഷയിക്കാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ആത്മീയം, ഭക്തി, പാരമ്പര്യം എന്നിവയിൽ അധിഷ്ഠിതമാണ് നമ്മുടെ കലയും സാഹിത്യവും സംസ്കാരവുമെല്ലാം. ഭാരതത്തിന്റെ ആ മൃദുശക്തി ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത മിഷൻ കലാക്രാന്തിക്ക് ബംഗാളിൽ തുടക്കം കുറിച്ചുകഴിഞ്ഞു. നിർണായകമായ ഒരു കാലഘട്ടത്തിൽ ഭക്തിപ്രസ്ഥാനമായിരുന്നു ഭാരതത്തിൽ സാമൂഹിക പരിവർത്തനങ്ങളുടെ ചാലകശക്തി. അവിടുത്തെ വിഭക്തിയെക്കാൾ എനിക്കിഷ്ടം പൂന്താനത്തിന്റെ ഭക്തിയാണ് എന്ന് മേല്പത്തൂരിനോടു പറഞ്ഞ ഗുരുവായൂരപ്പൻ നമ്മുടെ ആത്മീയപൈതൃകത്തിന്റെ അവിഭാജ്യമായ കണ്ണിയാണെന്നും ആനന്ദബോസ് പറഞ്ഞു.

കൊൽക്കത്തയിൽ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ഇരുപത്തിയൊൻപതാം പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ച് മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, മുൻ ബംഗാൾ ഗവർണർ എം.കെ. നാരായണൻ എന്നിവരുടെ വിശിഷ്ട സാന്നിധ്യത്തിൽ, ഗണപതി - അയ്യപ്പ സ്വാമികളുടെ ശ്രീകോവിലും തിടപ്പള്ളിയും ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ.

കേരളത്തിൽനിന്നുള്ള 65 കലാകാരന്മാർ നാല് മാസം കൊണ്ട് നിർമിച്ചതാണ് ഇരട്ട ശ്രീകോവിലുകൾ. അതിനു നേതൃത്വം നൽകിയ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനും ക്ഷേത്ര തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാടിനും 50,000 രൂപയും കീർത്തിപത്രവുമുൾപ്പെട്ട പുരസ്കാരം നൽകുമെന്ന് ഗവർണർ അറിയിച്ചു. ശ്രീഗുരുവായൂരപ്പൻ സമാജത്തിന് ഒരുലക്ഷം രൂപയുടെ പുരസ്കാരവും ഗവർണർ പ്രഖ്യാപിച്ചു.

ഇതോടനുബന്ധിച്ച് കഥകളിയും ഭരതനാട്യവുമടക്കം ഏഴ് ദിവസത്തെ സാംസ്കാരിക പരിപാടികളുമുണ്ട്.
 

English Summary:

Bengal Governor CV Anandabose said that India's inner strength is its spiritual wealth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com