ADVERTISEMENT

തിരുവനന്തപുരം∙ റബറിന്റെ താങ്ങുവില 200 കടക്കുമോയെന്ന് ആകാംക്ഷയോടെ കാത്തിരുന്ന റബർ കർഷകർക്ക് നിരാശ. 10 രൂപയുടെ നാമമാത്ര വർധനവു മാത്രമാണ് ബജറ്റിലുള്ളത്. ഇതോടെ നിലവിലെ താങ്ങുവിലയായ 170 രൂപ, 180 ആയി വർധിക്കും. അതേസമയം, 10 രൂപ മാത്രം കൂട്ടിയിട്ട് എന്തു കാര്യമാണ് ഉള്ളതെന്ന് സഭയിലുണ്ടായിരുന്ന കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് ചോദിച്ചു. സാമ്പത്തിക പരിമിതികൾക്കിടയിലും റബറിന്റെ താങ്ങുവില 180 രൂപയായി വർധിപ്പിക്കുന്നു എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി.

റബർ കർഷർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുന്ന ഏക സർക്കാർ കേരളത്തിലേതാണെന്ന അവകാശവാദവും ധനമന്ത്രി ഉയർത്തി. റബറിന്റെ താങ്ങുവില 250 രൂപയാക്കാൻ കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർഥിച്ചെങ്കിലും ഇതുവരെ ചെവിക്കൊണ്ടിട്ടില്ലെന്നും, ഈ സാഹചര്യത്തിലാണ് സാമ്പത്തിക പരിമിതികൾക്കിടയിൽ 10 രൂപ വർധിപ്പിക്കുന്നതെന്നുമാണ് ധനമന്ത്രിയുടെ വിശദീകരണം.

‘‘കേരള റബർ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ വെള്ളൂരിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിൽനിന്ന് ലഭ്യമാക്കിയ സ്ഥലത്ത് 250 കോടി രൂപ ചെലവിട്ട് റബർ വ്യവസായ സമുച്ചയം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു. റബർ മേഖലയിൽ മൂല്യവർധിത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്ന റബർ ലിമിറ്റഡിന് 9 കോടി രൂപ നീക്കിവയ്ക്കുന്നു.

‘‘റബർ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുന്ന ഏക സർക്കാർ കേരളത്തിലേതാണ്. കേന്ദ്രം ഇറക്കുമതി വർധിപ്പിച്ച് വൻകിട റബർ വ്യവസായികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്. ടയർ കമ്പനികൾക്കെതിരെ കോംപറ്റീഷൻ കമ്മിഷൻ പുറപ്പെടുവിച്ച വിധി ഇത് വ്യക്തമാക്കുന്നു. നിലവിൽ കേരളം 170 രൂപ റബറിന് താങ്ങുവില നൽകിവരുന്നു. ഇത് ഉയർത്തി 250 രൂപയാക്കാൻ കേന്ദ്രസർക്കാരിന്റെ സഹായം അഭ്യർഥിച്ചെങ്കിലും ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ സാമ്പത്തിക പരിമിതികൾക്കിടയിലും റബറിന്റെ താങ്ങുവില 180 രൂപയായി വർധിപ്പിക്കുന്നു.’ – ധനമന്ത്രി പറഞ്ഞു.

ഭരണപക്ഷ അംഗങ്ങൾ ഡെസ്കിലടിച്ചാണ് ധനമന്ത്രിയുടെ പ്രഖ്യാപനം സ്വീകരിച്ചത്. എന്നാൽ, പ്രതിപക്ഷാംഗങ്ങൾ 10 രൂപയുടെ നാമമാത്ര വർധനവിനെതിരെ അപ്പോൾത്തന്നെ ചോദ്യമുയർത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇടതുമുന്നണിയുടെ ഭാഗമായ കേരള കോണ്‍ഗ്രസ് എമ്മിനും ബജറ്റിലെ റബറിന്റെ രാഷ്ട്രീയം നിര്‍ണായകമാകുമെന്നിരിക്കെയാണ് 10 രൂപയുടെ വർധനവ്. റബറിന്റെ താങ്ങുവില 300 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു.

English Summary:

Minimal Boost for Kerala's Rubber Growers: Support Price Raised to Rs 180, Far from the Rs 300 Demanded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com