ADVERTISEMENT

കോട്ടയം∙ 'മോദിയുടെ ഗ്യാരന്റി' എന്ന പേരിൽ സൈബറിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയർത്തിക്കാട്ടി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സോഷ്യൽ മീഡിയ പ്രചാരണം കൊഴുപ്പിക്കാൻ ബിജെപി. കേന്ദ്ര പദ്ധതികൾക്കൊപ്പം സംസ്ഥാനത്ത് ലഭിച്ച കേന്ദ്ര സഹായങ്ങളും പരാമവധി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കിസാൻ സമ്മാൻ നിധി, ജൽ ജീവൻ മിഷൻ, വന്ദേ ഭാരത്, ജൻഔഷധി ഉൾപ്പെടെയുളള വികസനപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാകും സാമൂഹ്യ മാധ്യമങ്ങളിലെ 'മോദിയുടെ ഗ്യാരന്റി' ക്യാമ്പയിൻ. സംസ്ഥാന തലത്തിലും മേഖലാ തലങ്ങളിലും സോഷ്യൽ മീഡിയ ടീമുകളെ വിപുലീകരിക്കും. ജില്ലാ തലങ്ങളിലുണ്ടായിരുന്ന സോഷ്യൽ മീഡിയ ടീമുകളെ തിരുഞ്ഞെടുപ്പിനോട് മുന്നോടിയായി ലോക്സഭാ മണ്ഡലം തലങ്ങളിലേക്ക് ഉടച്ചുവാർത്തിട്ടുണ്ട്. ബൂത്ത് അടിസ്ഥാനത്തിലുളള വാട്സാപ്പ് ഗ്രൂപ്പുകളെ സജീവമാക്കുകയാണ് പ്രാഥമിക ലക്ഷ്യം. 

യുവാക്കളെ ഒപ്പം കൂട്ടാൻ ഇൻസ്റ്റാഗ്രാമിൽ ശക്തമായ പ്രചാരണം നടത്താനാണ് തീരുമാനം. ഇൻസ്റ്റാഗ്രാമിൽ നിലവിലുളള സാന്നിധ്യം വർധിപ്പിക്കാനുളള നടപടികൾ സ്വീകരിക്കും. ഇതിനായി  പരമാവധി റീൽസ് പ്രോത്സാഹിപ്പിക്കാനാണ് സംഘടനാതലത്തിളള തീരുമാനം. മോദിയുടെ മാസ് വിഡിയോകളും കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളുടെ ഗുണഭോക്താക്കളുടെ വിഡിയോകളുമാകും റീൽസുകളിൽ പ്രധാനമായും ഉൾപ്പെടുത്തുക. സംസ്ഥാനത്ത് മറ്റ് രാഷ്ട്രീയ പാർട്ടികളെക്കാള്‍ ഫെയ്സ് ബുക്ക് ലൈവ് മികച്ച രീതിയിൽ സംപ്രേഷണം ചെയ്യുന്നത് ബിജെപിയാണെന്നാണ് സോഷ്യൽ‌ മീഡിയ ടീം അവകാശപ്പെടുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക പേജിൽ രണ്ടായിരവും മൂവായിരവും പേർ തത്സമയ സംപ്രേഷണം കാണുമ്പോൾ അരലക്ഷം പേർ പലപ്പോഴും ബിജെപിയുടെ ഫെയ്സ്ബുക്ക് ലൈവ് കാണാറുണ്ടെന്നാണ് അവകാശവാദം.

വയനാട്ടിലും തൃശൂരിലും തിരുവനന്തപുരത്തുമൊക്കെ എത്തുന്ന ദേശീയ നേതാക്കളുടെ പ്രസംഗങ്ങൾ പരമാവധി ഫെയ്സ്ബുക്ക് ലൈവ് നൽകി സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലെ പ്രവർത്തകരിലേക്കും എത്തിക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കും.

കോൺഗ്രസും സിപിഎമ്മും തമ്മിൽ സഖ്യത്തിലുളള സംസ്ഥാനങ്ങളിലെ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് ഇരട്ടത്താപ്പ് തുറന്നുകാട്ടുമെന്നാണ് നേതാക്കൾ പറയുന്നത്. സിപിഎം– കോൺഗ്രസ് നേതാക്കളുടെ ഒരുമിച്ചുളള ചിത്രങ്ങളും റീൽസുകളും പരമാവധി പുറത്തിറക്കും. അതിനെ പ്രതിരോധിക്കാൻ‌ ഇരുപാർട്ടികളും ബുദ്ധിമുട്ടുമെന്നാണ്  നിഗമനം. മോദിയെ കേന്ദ്രീകരിച്ചുളള പോസിറ്റീവ് ക്യാമ്പയിനൊപ്പം രാഹുൽഗാന്ധിയെ കേന്ദ്രീകരിച്ച് നെഗറ്റീവ് ക്യാമ്പയിനും നടത്തും. രാഹുൽഗാന്ധിയ്ക്ക് പറ്റിയ അമളികൾ ജനങ്ങളിലേക്ക് തമാശ രൂപേണ എത്തിക്കും. രാഹുൽ‌ അപക്വമതിയാണെന്ന് തുറന്നുകാട്ടുന്ന വീഡിയോകളും കാർട്ടൂണുകളുമാകും പ്രചരിപ്പിക്കുക.  ഇതിന്റെ വലിയൊരു ശേഖരം പാർട്ടിയുടെ പക്കലുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനും രാഹുലിനും ഉണ്ടാകുന്ന പുതിയ അബദ്ധങ്ങൾ തിര‍ഞ്ഞുപിടിക്കാൻ ടീമുണ്ടാകും. 

മോദി കേരളത്തിൽ വരുന്ന സമയത്തൊക്കെ ട്വിറ്റർ ട്രെൻഡിംഗില്‍ ദേശീയ തലത്തിൽ ബിജെപി പലപ്പോഴും ഒന്നാമത് എത്തുന്നുണ്ട്. മറ്റു പാർട്ടികൾക്ക് ഇത് സാധിക്കില്ലെന്നതും സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ടിയ്ക്കുളള കരുത്തായി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ മോദിയ്ക്ക് വമ്പൻ ജനപിന്തുണയുണ്ടെന്നും അതു കേന്ദ്രീകരിച്ചുളള പ്രചാരണമാകും സംസ്ഥാനത്ത് നടത്തുകയെന്നും ബിജെപിയുടെ ഐടി ആന്റ് സോഷ്യൽ മീഡിയ കൺവീനർ എസ്.ജയശങ്കർ മനോരമ ഓൺലൈനിനോട് പറഞ്ഞു. 

English Summary:

Bjp with mass videos of narendra modi in loksabha elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com