ADVERTISEMENT

കോഴിക്കോട്∙ ദിവസവരുമാനം ശരാശരി 45,000 രൂപ. ഓടുന്നത് 1,100 കിലോമീറ്റർ. ഇതുവരെ ഓടിയത് 13 ലക്ഷം കിലോമീറ്റർ. കേരളത്തിൽ സർവീസ് നടത്തുന്ന ഒരു കെഎസ്ആർടിസി ബസിന്റെ കാര്യമാണിത്. സർവീസ് തുടങ്ങിയിട്ട് ‍അഞ്ചു വർഷം പൂർത്തിയാക്കി. ബത്തേരി–തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന മിന്നൽ ബസാണ് അപൂർവ നേട്ടങ്ങളുമായി ഓട്ടം തുടരുന്നത്.  എന്തുകൊണ്ട് ആളുകൾ ഈ ബസിനെ നെ‍ഞ്ചേറ്റി എന്നു ചോദിച്ചാൽ ‘സമയനിഷ്ഠ’ എന്നു പറയേണ്ടി വരും.

ബത്തേരിയിൽ നിന്ന് ബസ് സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ ഏകദേശം സീറ്റുകൾ നിറഞ്ഞിരിക്കും. ബാക്കി സീറ്റുകൾ കൽപറ്റയും കോഴിക്കോടും എത്തുമ്പോഴേക്കും നിറയും. ഒരാഴ്ച മുൻപെങ്കിലും ബുക്കു ചെയ്താലെ സീറ്റ് കിട്ടു. ഉത്സവകാലമാണെങ്കിൽ രണ്ടാഴ്ച മുന്‍പെങ്കിലും സീറ്റ് ബുക്ക് ചെയ്യണം. കേരളത്തിലെ കെഎസ്ആർടിസിക്ക് നഷ്ടക്കണക്ക് മാത്രം പറയാനുള്ളപ്പോൾ ഈ ബസ് ഒരു മാസം സമ്പാദിക്കുന്നത് 12 ലക്ഷം രൂപയോളമാണ്. രാത്രി പത്തു മണിക്ക് ബത്തേരിയിൽ നിന്ന് എടുക്കുന്ന ബസ് രാവിലെ 7.20ന് തിരുവനന്തപുരത്തെത്തും. ബത്തേരി മുതൽ തിരുവനന്തപുരം വരെയുള്ള 550 കിലോമീറ്റർ ഓടാൻ 9.20 മണിക്കൂറാണ് എടുക്കുന്നത്.

വെറുതെ കിടന്ന ബസ്

2017ൽ എം.ജി.രാജമാണിക്യം കെഎസ്ആർടിസി എംഡി ആയിരുന്ന കാലത്താണ് മിന്നൽ സർവീസ് തുടങ്ങിയത്. കാസർകോട്ടു നിന്നും തിരുവനന്തപുരത്തേക്കായിരുന്നു സർവീസ്. എന്നാൽ പകൽ സമയത്ത് സർവീസ് നടത്തേണ്ടി വന്നതിനാൽ സമയം പാലിക്കാൻ സാധിക്കാതെ വന്നതോടെ സർവീസ് നഷ്ടത്തിലായി. പിന്നീട് ഈ ബസ് തിരുവനന്തപുരത്ത് നിർത്തിയിട്ടു. ബത്തേരിയിൽ നിന്നും ചില ഡ്രൈവർമാർ വോൾവോ ബസ് ഓടിക്കാൻ പരിശീലനം നേടുന്നതിനായി തിരുവനന്തപുരത്ത് എത്തിയപ്പോളാണ് ഈ ബസ് നിർത്തിയിട്ടിരിക്കുന്നത് കണ്ടത്. അവരാണ് മിന്നൽ സർവീസ് ബത്തേരി–തിരുവനന്തപുരം റൂട്ടിൽ ഓടിക്കാമെന്ന അഭിപ്രായം മുന്നോട്ടു വച്ചത്. അങ്ങനെ അഞ്ചു വർഷം മുൻപ് 2019 ഫെബ്രുവരി രണ്ടിന് തുടങ്ങിയ മിന്നൽ കുതിച്ചുകൊണ്ടേയിരിക്കുന്നു. 

കേരളത്തിൽ മറ്റു പല സ്ഥലത്തും മിന്നൽ സർവീസ് തുടങ്ങിയെങ്കിലും ഇന്ന് അഞ്ചെണ്ണം മാത്രമാണുള്ളത്. കോവിഡിനു മുൻപ് വരെ വലിയ കുഴപ്പമില്ലാതെ കേരളത്തിൽ പലയിടത്തും മിന്നൽ സർവീസ് നടത്തിയിരുന്നു. എന്നാൽ കോവിഡിനു ശേഷം ബസ് സർവീസ് ആരംഭിച്ചെങ്കിലും ലാഭകരമായില്ല. മിക്ക സർവീസുകൾക്കും ജില്ലയിൽ ഒന്നോ രണ്ടോ സ്റ്റോപ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആളുകൾ ദീർഘയാത്ര കുറവായിരുന്ന സമയമായതിനാൽ പല ബസുകളും കനത്ത നഷ്ടത്തിലായി. ഇതോടെ ഈ ബസുകൾ ഡീലക്സ് ആയി മാറ്റി സർവീസ് നടത്തുകയായിരുന്നു. ആ സമയത്തും ബത്തേരി–തിരുവനന്തപുരം മിന്നൽ കുതിച്ചു. ബത്തേരിയിൽ നിന്ന് രാത്രി 10.02ന് എടുക്കുന്ന ബസ് രാവിലെ 7.20ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് രാത്രി എട്ടിനെടുക്കുന്ന ബസ് പുലർച്ചെ 5.20ന് ബത്തേരിയെത്തും. 

പ്രത്യേക നിയമ സംരക്ഷണം

ഒരു കിലോമീറ്റർ 1 മിനിറ്റ് 5 സെക്കൻഡ് കൊണ്ട് ഓടിയെത്തിയാലേ കൃത്യസമയത്ത് ലക്ഷ്യ സ്ഥാനത്തെത്തൂ. അതായത്. ഒരു മണിക്കൂറിൽ ചുരുങ്ങിയത് 62 കിലോമീറ്റർ ഓടണം. ഇടയ്ക്ക് നിർത്തേണ്ടതായും ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും നഷ്ടപ്പെടുന്ന സമയം ഓടിപ്പിടിക്കണം. അപ്പോൾ വേഗത പിന്നെയും കൂടും. വേഗപരിധി ഉൾപ്പെടെ ഒഴിവാക്കുന്നതിന് ഹൈക്കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു. ആകെ 11 സ്റ്റോപ്പാണ് മിന്നലിനുള്ളത്. ഇതിനിടയ്ക്ക് ഒരിടത്തും നിർത്തില്ല. സ്ത്രീകളും പ്രായമായവരും നിർത്തണമെന്നാശ്യപ്പെട്ടാൽ പോലും നിർത്തില്ല. അതിനും കോടതിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നു. സ്റ്റോപ്പുകളില്ലാത്ത സ്ഥലത്ത് ഏറ്റവും എളുപ്പത്തിൽ എത്താവുന്ന റോഡിലൂടെ ബസിന് സഞ്ചരിക്കാം. എടിസി 122, 123 എന്നിങ്ങനെ രണ്ടു ബസുകളാണ് സർവീസ് നടത്തുന്നത്. ഡ്രൈവർ കം കണ്ടക്ടർ രീതിയിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍ രണ്ടുപേരും മാറി മാറി ബസ് ഓടിക്കും. ഇടയ്ക്ക് ചായ കുടിക്കാൻ പോലും നിർത്താറില്ല. ബസ് സർവീസ് തുടങ്ങിയ കാലത്ത് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. പ്രത്യേക താൽപര്യമുള്ളവരെയാണ് ഈ ബസിൽ നിയോഗിക്കുന്നത്. നിലവിൽ എട്ടു പേരാണ് ഡ്രൈവർമാരായുള്ളത്. 

ഏഴു വർഷം, 15 ലക്ഷത്തോളം കിലോമീറ്റർ

ബത്തേരി –തിരുവനന്തപുരം സർവീസ് ആരംഭിച്ചതിനുശേഷം മാത്രം 12 ലക്ഷം കിലോമീറ്ററാണ് ബസ് ഓടിയത്. അതിന് മുൻപ് സർവീസ് നടത്തിയ രണ്ടു വർഷം കൂടി ചേർത്താൽ 15 ലക്ഷം കിലോമീറ്ററോളം വരും. ഈ കാലപ്പഴക്കം സർവീസിനെ സാരമായി ബാധിച്ചിട്ടുണ്ട്. വാഹനം ഓടിക്കുമ്പോഴുള്ള ആത്മവിശ്വാസത്തെ കാലപ്പഴം ബാധിക്കുന്നുണ്ടെന്ന് അ‍ഞ്ച് വർഷമായി മിന്നൽ ബസ് ഓടിക്കുന്ന ഡ്രൈവർ ജമാലുദ്ദീൻ പറഞ്ഞു. മുൻപ് അരമണിക്കൂർ നേരത്തെ എത്തിയിരുന്ന ബസ് ഇപ്പോൾ അരമണിക്കൂർ താമസിക്കുന്ന സാഹചര്യത്തിലേക്കെത്തി. 230 ലീറ്റർ ഡീസൽ അടിച്ചിരുന്നത് ഇപ്പോൾ 270 ലീറ്ററോളം വേണ്ടി വരുന്നു. കാലപ്പഴക്കം മൂലം ബസിന്റെ സീറ്റിനും വിൻഡോകൾക്കും കേടുപാടുകൾ സംഭവിച്ചു. മഴക്കാലത്ത് വെള്ളം തെറിക്കുന്ന സാഹചര്യവുമുണ്ട്. 

മൂന്നു വർഷമാണ് ഡീലക്സ് ബസുകളുടെ കാലാവധി. അതു കഴിഞ്ഞാൽ പിന്നെ ഗ്രേഡ് താഴ്ത്തി ഹ്രസ്വദൂര സർവീസുകൾക്കാണ് ഉപയോഗിക്കുക. എന്നാൽ ഇപ്പോൾ ഓടുന്ന മിന്നൽ ഉൾപ്പെടെയുള്ള ഡീലക്സ് ബസുകൾക്ക് ഏഴു വർഷം പഴക്കമുണ്ട്. പലപ്പോഴും നിലംതൊടാതെയാണ് ബസ് പോകുന്നതെങ്കിലും ഇതുവരെ കാര്യമായ അപകടങ്ങളൊന്നുമുണ്ടായില്ല. സർവീസ് ആരംഭിച്ച കാലത്ത് കരുനാഗപ്പള്ളിയിൽ വച്ചുണ്ടായ അപകടത്തിൽ ചിലർക്ക് പരുക്കേറ്റതു മാത്രമാണ് പറയത്തക്ക അപകടം. 70 ശതമാനം ആൾക്കാരും സ്ഥിരം യാത്രക്കാരാണ്. ഇതിൽ പലരും ബസ് ജീവനക്കാരുമായി വ്യക്തി ബന്ധം സൂക്ഷിക്കുന്നവരാണ്. കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നും തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവരാണ് ഈ ബസിലെ സ്ഥിരം യാത്രക്കാർ. 

വരുമോ പുത്തൻ ബസ് ?

പുതിയ കെഎസ്ആർടിസി ബസ് വാങ്ങാൻ 92 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. അടുത്തിടെ പുതുതായി വാങ്ങിയ ബസുകളെല്ലാം സ്വിഫ്റ്റിനുേവണ്ടിയാണ്. കെഎസ്ആർടിസിക്ക് വേണ്ടി ഇനി പുതിയ ബസ് വാങ്ങുമോ എന്ന കാര്യവും സംശയമാണ്. മിന്നൽ പോലുള്ള ഡീലക്സ് ബസുകൾ പലതും കാലപ്പഴക്കം കൊണ്ട് കിതയ്ക്കുകയാണ്. 

നല്ല രീതിയിൽ സർവീസ് നടത്തിയാൽ കെഎസ്ആർടിസി ബസിൽ കയറാൻ ധാരാളം ആളുകളുണ്ടെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ബത്തേരി–തിരുവനന്തപുരം മിന്നൽ സർവീസ്. എന്നാൽ ഒരു ബസിന് ഓടാവുന്നതിലും അപ്പുറം ഓടിക്കഴിഞ്ഞു. ബസിന്റെ കാലപ്പഴക്കം യാത്രക്കാരെയും സാരമായി ബാധിക്കുന്നു. കീറിയ സീറ്റിൽ മഴവെള്ളം നനഞ്ഞ് ഇരിക്കേണ്ടി വരുന്നു. സസ്പെൻഷനും തകരാറിലാകുന്നതോടെ പലർക്കും നടവേദന ഉൾപ്പെടെ ഉണ്ടാകുന്നു. പോരാത്തതിന് പലയിടത്തും റോഡുപണിയും നടക്കുന്നു. 

ജനകീയവും ലാഭത്തിൽ ഓടുന്നതുമായ ഇത്തരം മിന്നൽ, ഡീലക്സ് സർവീസുകളോട് ആളുകൾക്കുള്ള താൽപര്യം കാത്തുസൂക്ഷിക്കണമെങ്കിൽ പുതിയ ബസ് വേണ്ടി വരും. ബജറ്റിൽ തുക നീക്കിവച്ചതോടെ പുതിയ ബസുകൾ വാങ്ങാനുള്ള നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരും. 

English Summary:

Five Years for Bathery-Thiruvananthapuram KSRTC Minnal Bus Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com