ADVERTISEMENT

മംഗളൂരു∙ കർണാടകയിൽ മലയാളി യുവാവിനും വനിതാ സുഹൃത്തിനും നേരെ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം. മംഗളൂരുവിലെ പനമ്പൂർ ബീച്ചിൽ ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മംഗളൂരുവിൽവച്ച് ഹിന്ദു യുവതി മുസ്‍ലിം യുവാവിനോടു സംസാരിക്കുന്നത് തെറ്റാണെന്നും അതിനെ ചോദ്യം ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും പറഞ്ഞായിരുന്നു ആക്രമിക്കാനുള്ള ശ്രമം. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തെട്ടുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ബൽത്തങ്ങാടി സ്വദേശികളായ ഉമേഷ് (23), സുധീർ (26), കീർത്തൻ പൂജാരി (20), ബണ്ടാൾ സ്വദേശി പ്രശാന്ത് ഭണ്ടാരി (38) എന്നിവരാണ് അറസ്റ്റിലായത്.

ബണ്ടാൽ സ്വദേശിയായ മലയാളി യുവാവിനും ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിക്കും നേരെയാണ് സദാചാര ഗുണ്ടായിസം അരങ്ങേറിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30നായിരുന്നു സംഭവം. പനമ്പൂർ ബീച്ചിൽ സന്ദർശനത്തിനെത്തിയ ഇവരെ ഒരു സംഘം ആളുകൾ തടഞ്ഞുവയ്ക്കുകയായിരുന്നു.

ഇരുവരും ബീച്ചിലൂടെ നടക്കുമ്പോഴാണ്, കാവി ഷാൾ അണിഞ്ഞെത്തിയ സംഘം തടഞ്ഞ് ചോദ്യം ചെയ്തത്. ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് മനസ്സിലായതോടെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മുസ്‍ലിം വിഭാഗക്കാരനായ യുവാവിനൊപ്പം നടക്കുന്നത് എന്തിനാണെന്നു ചോദിച്ചാണ് യുവതിയെ കയ്യേറ്റം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സംഘത്തിൽപ്പെട്ടവർ തന്നെ പകർത്തുകയും ചെയ്തു.

പിന്നീട് യുവതി വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പനമ്പൂർ പൊലീസ് സംഘത്തിലെ നാലു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ മൂന്നു പേർ ശ്രീരാമസേനാ പ്രവർത്തകരാണ്. 

English Summary:

4 men arrested over questioning Hindu woman for ‘talking to a Muslim’ in Mangaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com