ADVERTISEMENT

ഗുവാഹത്തി ∙ ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പ്രവേശിച്ചതു മുതൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആരംഭിച്ച വിമർശനങ്ങൾ തുടർന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാഹുൽ ഗാന്ധിക്കെന്നല്ല അദ്ദേഹത്തിന്റെ വീട്ടുകാർക്കു പോലും തന്നെ വിലയ്ക്കെടുക്കാൻ സാധിച്ചിട്ടില്ലെന്ന അർഥത്തിലാണ് ഹിമന്തയുടെ ഒളിയമ്പ്. 

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി ഒരു നായ്ക്കുട്ടിയെ താലോലിക്കുന്ന വിഡിയോ വൈറലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിഡിയോ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് പേജിലുൾപ്പെടെ പങ്കുവച്ചിരുന്നു. യാത്രയ്ക്കിടയിൽ കണ്ട ഒരു നായ്ക്കുട്ടിയെ രാഹുൽ‌ താലോലിക്കുന്നതും ബിസ്കറ്റ് നൽകുന്നതുമായിരുന്നു വിഡിയോയുടെ ഉള്ളടക്കം. നായ്ക്കുട്ടി ബിസ്കറ്റ് കഴിക്കാൻ വിസമ്മതിച്ചപ്പോൾ രാഹുൽ അത് നായയുടെ തൊട്ടടുത്ത് നിൽക്കുന്ന ആൾക്കു കൈമാറി. ഇത് വൻ വിമർശനത്തിന് കാരണമായി. നായയ്ക്കു നീട്ടിയ ബിസ്കറ്റ് അണിക്കും നൽകി അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. എന്നാൽ രാഹുൽ ബിസ്കറ്റ് നൽകിയത് നായക്കുട്ടിയുടെ ഉടമസ്ഥനായ പ്രവർത്തകന്റെ കയ്യിലാണെന്നു പലരും ചൂണ്ടിക്കാണിച്ചിരുന്നു.

രാഹുലിനെ വിമർശിച്ച് ബിജെപി നേതാവ് സി.ടി.പല്ലവി ഈ വിഡിയോ പങ്കുവച്ചിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ ടാഗ് ചെയ്തുകൊണ്ടാണ് അവർ രാഹുലിനെതിരെയും കോൺഗ്രസിനെതിരെയും കുറിപ്പ് പങ്കുവച്ചത്. ‘‘രാഹുൽ ആദ്യം തന്റെ വളർത്തുനായയുടെ പ്ലേറ്റിൽനിന്ന് ഹിമന്തയെ ബിസ്കറ്റ് കഴിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് പാർട്ടി അധ്യക്ഷൻ ഖർഗെ അണികളെ പട്ടികളോട് ഉപമിച്ചു. ഇപ്പോഴിതാ നായ നിരസിച്ച ബിസ്കറ്റ് ഒരു പാർട്ടി പ്രവർത്തകനു നേരെ ‘ഷെഹ്സാദ’ നീട്ടിയിരിക്കുന്നു.’’ എന്നായിരുന്നു പല്ലവിയുടെ കുറ്റപ്പെടുത്തൽ.

ഇതിന് മറുപടിയുമായാണ് ഹിമന്ത എത്തിയത്. രാഹുൽ ഗാന്ധിക്കെന്നല്ല ആ കുടുംബത്തിന് പോലും തന്നെ ബിസ്കറ്റ് കഴിപ്പിക്കാനായില്ലെന്നായിരുന്നു ഹിമന്തയുടെ പ്രതികരണം. ‘‘ഞാൻ അഭിമാനമുള്ള അസമിയും ഇന്ത്യനുമാണ്. അതുകൊണ്ടുതന്നെ ബിസ്കറ്റ് തിന്നാൻ വിസമ്മതിച്ചു. കോൺഗ്രസിൽനിന്നു രാജിവച്ചു.’’ ഹിമന്ത പറയുന്നു.

കോൺഗ്രസ് വിടും മുൻപ്, രാഹുലിന്റെ വീട്ടിൽ മറ്റു നേതാക്കൾക്കൊപ്പം സന്ദർശനം നടത്തിയ സമയത്ത് അദ്ദേഹത്തിന്റെ വളർത്തുനായ ബിസ്കറ്റ് കഴിച്ച അതേ പാത്രത്തിൽ നേതാക്കൾക്കു ബിസ്കറ്റ് നൽകിയ കഥ ഹിമന്ത പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇത് സൂചിപ്പിച്ചായിരുന്നു പല്ലവിയുടെ പരാമർശം.

അതേസമയം വിവാദം അനാവശ്യമാണെന്നു രാഹുല്‍ഗാന്ധി പ്രതികരിച്ചു. നായ വിറയ്ക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ബിസ്‌കറ്റ് അതിന്റെ ഉടമയുടെ കൈയില്‍ കൊടുക്കുകയായിരുന്നു. അതുകഴിഞ്ഞ് നായ അതു കഴിക്കുകയും ചെയ്തു. അതിനെന്താണു കുഴപ്പം.- രാഹുല്‍ ചോദിച്ചു.

English Summary:

Assam CM Himanta launched a new attack on Congress Leader Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com