ADVERTISEMENT

കോട്ടയം ∙ ‘‘ഒരു ആശയം പറഞ്ഞാൽ ആക്രമിക്കുകയെന്നത് അസഹിഷ്ണുതയുടെ അങ്ങേയറ്റമല്ലേ? ആശയം പറയുന്നവരെപ്പോലും തല്ലാൻ വരുന്നവരോട് എന്താണു പറയുക?’’– ചോദിക്കുന്നത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനും വിദേശകാര്യ വിദഗ്ധനുമായ ടി.പി.ശ്രീനിവാസൻ. സ്വകാര്യ സർവകലാശാലകൾക്കും വിദേശ സർവകലാശാലാ ക്യാംപസുകൾക്കുമായി കേരളം വാതിൽ തുറന്നിട്ട ബജറ്റ് നിർദേശങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ നിലപാട് മാറിയതിൽ സന്തോഷമുണ്ടെന്നും പക്ഷേ 15 വർഷം നമുക്കു നഷ്ടമായെന്നും ദുബായിലുള്ള ടി.പി.ശ്രീനിവാസൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനും വിദേശകാര്യ നയതന്ത്ര വിദഗ്ധനുമായിരുന്ന ടി.പി. ശ്രീനിവാസനെ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുന്നു (ഫയൽ ചിത്രം: മനോരമ)
ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനും വിദേശകാര്യ നയതന്ത്ര വിദഗ്ധനുമായിരുന്ന ടി.പി. ശ്രീനിവാസനെ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുന്നു (ഫയൽ ചിത്രം: മനോരമ)

‘‘കേരള ബജറ്റിലെ തീരുമാനം അറിഞ്ഞപ്പോൾ, 2016 ൽ എസ്എഫ്ഐ പ്രവർത്തകർ എന്നെ മർദിച്ച സംഭവമോർത്തു ചിരി വന്നു. ഒരു ആശയം പറഞ്ഞാൽ ആക്രമിക്കുകയെന്നത് അസഹിഷ്ണുതയുടെ അങ്ങേയറ്റമല്ലേ? അന്നു ഞാനൊന്നും ചെയ്തില്ലല്ലോ. മാറ്റം വേണമെന്നു പറയുക മാത്രമാണുണ്ടായത്. ആശയം പറയുന്നവരെപ്പോലും തല്ലാൻ വരുന്നവരോട് എന്താണു പറയുക? അതു വലിയ സങ്കടമായിരുന്നു. ആ നിലപാട് മാറിയതിൽ സന്തോഷം. പക്ഷേ, അതിനുവേണ്ടി 15 വർഷം വേണ്ടിവന്നു, അത്രയും കാലം നമുക്ക് നഷ്ടപ്പെട്ടു. സ്വകാര്യ സർവകലാശാലകൾ വരുമ്പോൾ സാധാരണക്കാർക്കു വിദ്യാഭ്യാസം ലഭിക്കുമോയെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഫീസ്, സ്കോളർഷിപ്, സംവരണം എന്നിവയിലൊക്കെ കർശനമായ ചട്ടക്കൂടുകളുണ്ടാകും.

പൊതുവായ പദ്ധതിയുടെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ പങ്കാളിത്തവും വിദേശ സർകലാശാലകളുടെ കാര്യവും പറഞ്ഞിരുന്നത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷനായിരിക്കെ വിദ്യാഭ്യാസ പരിഷ്കരണത്തിനായി 16 റിപ്പോർട്ടുകൾ നൽകി. പക്ഷേ, ഇടതുപാർട്ടികൾ എതിർത്തതോടെ വിവാദമായി. പലതരത്തിൽ തടസ്സങ്ങളും വൈകലുമുണ്ടായി. സ്വയംഭരണ കോളജുകൾ എന്ന നിർദേശമൊഴികെ യാതൊന്നും അംഗീകരിക്കപ്പെട്ടില്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്വയംഭരണ കോളജുകളുണ്ട്. കേരളത്തിൽ മാത്രമാണ് ഇല്ലാതിരുന്നത്.

ഞങ്ങളുടെ നിർദേശപ്രകാരം യുജിസി കേരളത്തിലെ നിശ്ചിത കോളജുകൾക്കു പിന്നീട് സ്വയംഭരണാധികാരം നൽകി. അത് അന്നത്തെ വലിയ നേട്ടമായിരുന്നു. ധാരാളം പുരോഗമന നിർദേശങ്ങളടങ്ങിയ ബാക്കി റിപ്പോർട്ടുകളെല്ലാം സർക്കാരിന്റെ കയ്യിലുണ്ട്. വിദേശ സർവകലാശാലകളുടെ കാര്യമെടുത്താൽ, അവ കൊണ്ടുവരുന്നതു കേരള സർക്കാരിന്റെ ഉത്തരവാദിത്തമല്ല. കേന്ദ്ര സർക്കാരാണു തീരുമാനവും നടപടിയും എടുക്കേണ്ടത്. വിദേശ സർവകലാശാലകൾ ഇവിടേക്കു കൊണ്ടുവരണം എന്നായിരുന്നില്ല, അവരോടു സഹകരിക്കണം എന്നായിരുന്നു ഞങ്ങളുടെ നിർദേശം. വിദേശ സർവകലാശാല കൊണ്ടുവരണം എന്നാവശ്യപ്പെടുന്ന ബിൽ 5 വർ‌ഷമായി ഇന്ത്യൻ പാർലമെന്റിന്റെ പരിഗണനയിലുണ്ട്.

ടി.പി.ശ്രീനിവാസൻ. (ചിത്രം∙മനോരമ)
ടി.പി.ശ്രീനിവാസൻ. (ചിത്രം∙മനോരമ)

രാജ്യത്തു ധാരാളം സ്വകാര്യ സർവകലാശാലകളും സ്ഥാപിത താൽപര്യക്കാരും ഉള്ളതിനാൽ ബിൽ പാസാകാൻ വൈകുന്നതായാണ് ആരോപണം. എന്നാൽ, 10 കൊല്ലത്തിനകം വിദേശ സർവകലാശാലകൾ സ്ഥാപിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. പൊതുവെ കേരളത്തിലെ വിദ്യാഭ്യാസ രംഗം നല്ലതല്ലെന്ന ചിന്ത സജീവമായ വേളയിലാണു നയം മാറ്റാൻ ഇടതുപക്ഷം തീരുമാനിച്ചത്. രാഷ്ട്രീയപരമായി ഉണ്ടായിരുന്ന എതിർപ്പ് സംസ്ഥാന സർക്കാർ മാറ്റിവച്ചു എന്നു മാത്രമേയുള്ളൂ, അല്ലാതെ മറ്റൊന്നും നിലവിൽ ചെയ്തിട്ടില്ല. ഇപ്പോഴും ഇതേപ്പറ്റി പഠിക്കുകയാണെന്നാണു പറയുന്നത്. അതിനാൽ എത്ര വേഗത്തിൽ നടപ്പാകുമെന്നു പറയാനാവില്ല. ഇതടക്കമുള്ള കാര്യങ്ങളെല്ലാം വിശദമാക്കുന്ന ബിൽ നേരത്തേ സർക്കാരിനു കൈമാറിയിട്ടുള്ളതാണ്. ഉടനെ നടപ്പാക്കുകയാണ് ഉദ്ദേശ്യമെങ്കിൽ, ബില്ലിൽ ആവശ്യമായ മാറ്റം വരുത്തി നിയമസഭയിൽ പാസാക്കാവുന്നതേയുള്ളൂ.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇപ്പോൾ സ്വീകരിച്ച നയങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ കാലത്തിനുള്ളിൽ 50,000 കുട്ടികളെങ്കിലും  കേരളം വിട്ടുകാണും. നാട്ടിൽ തുടരുന്നവർക്കും നല്ല വിദ്യാഭ്യാസത്തിന് അവസരമുണ്ടാകണം. അന്നു ഞാൻ പറഞ്ഞതിനെതിരെ വൈസ് ചാൻസലർമാർ ഉൾപ്പെടെ രംഗത്തെത്തി. സ്വകാര്യ സർവകലാശാലകൾ വരുന്നതോടെ സംസ്ഥാനത്തു വിദ്യാഭ്യാസ മേഖലയിൽ മത്സരം വരും. നമ്മുടെ സർവകലാശാലകളിലും കോളജുകളിലും യാതൊരു സൗകര്യങ്ങളുമില്ലല്ലോ. മാറ്റങ്ങൾക്കു വലിയ തോതിൽ നിക്ഷേപം വേണം. സ്വകാര്യ മേഖലയുടെ വരവോടെ നിക്ഷേപപ്രശ്നം പരിഹരിക്കപ്പെടും.’’– ടി.പി.ശ്രീനിവാസൻ വിശദീകരിച്ചു.

സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലെത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കുന്നു.
സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലെത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കുന്നു.

യുജിസി മാർഗനിർദേശപ്രകാരമാണ് വിദേശ സർവകലാശാലാ ക്യാംപസുകൾ സംസ്ഥാനത്തു സ്ഥാപിക്കുകയെന്നു സംസ്ഥാന സർക്കാർ പറയുന്നു. ഇതിനു കേന്ദ്രാനുമതി വേണം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ജനകീയ സംഭാവനയിലൂടെ ഫണ്ട് ശേഖരിക്കും. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ നിയമം കൊണ്ടുവന്ന ശേഷം അപേക്ഷ സ്വീകരിക്കും. ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കാൻ ഓഗസ്റ്റിൽ ഗ്ലോബൽ കോൺക്ലേവ് നടത്തും. സ്റ്റാംപ് ഡ്യൂട്ടി, ട്രാൻസ്ഫർ ഡ്യൂട്ടി, റജിസ്ട്രേഷൻ ചാർജ് എന്നിവയിൽ ഇളവ്, എല്ലാ അംഗീകാരങ്ങൾക്കും ഏകജാലക ക്ലിയറൻസ്, വൈദ്യുതിക്കും വെള്ളത്തിനും സബ്സിഡി നിരക്ക്, നികുതി ഇളവ്, മൂലധനത്തിനുമേലുള്ള നിക്ഷേപ സബ്സിഡി എന്നിവയും നയത്തിന്റെ ഭാഗമായിരിക്കും.

∙ അന്ന് കരണത്തടിച്ചു വീഴ്ത്തി

2016 ജനുവരിയിൽ ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനു കോവളത്തെത്തിയ മുൻ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായ ടി.പി.ശ്രീനിവാസനെ പൊലീസ് നോക്കി നിൽക്കെയാണ് എസ്എഫ്ഐ ജില്ലാ നേതാവ് കരണത്തടിച്ചു വീഴ്ത്തിയത്. ഉപരോധത്തെ തുടർന്നു മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വിട്ടുനിന്ന സമ്മേളനം രണ്ടു മണിക്കൂർ വൈകി ശ്രീനിവാസന്റെ നേതൃത്വത്തിൽ നടക്കുകയും ചെയ്തു. വിദ്യാഭ്യാസ കച്ചവടത്തിനുള്ള വേദിയാണ് ആഗോള വിദ്യാഭ്യാസ സംഗമമെന്നാരോപിച്ച് സമ്മേളന വേദിയായ കോവളം ലീല ഹോട്ടലിനു മുന്നിൽ തലേന്നു രാത്രി മുതലേ എസ്എഫ്ഐക്കാർ ഉപരോധം തുടങ്ങിയിരുന്നു. സമരം സമാധാനപരമായിരിക്കുമെന്ന വാക്കു വിശ്വസിച്ച പൊലീസ് അവരെ നീക്കം ചെയ്യാൻ കാര്യമായൊന്നും ചെയ്തില്ല.

രാവിലെ ശ്രീനിവാസൻ വന്നപ്പോൾ കാർ കടത്തിവിടില്ലെന്നും നടന്നു പോകണമെന്നും പൊലീസ് നിർദേശിച്ചു. ഇതനുസരിച്ച് അദ്ദേഹം കാറിൽ നിന്നിറങ്ങി ചിരിച്ചുകൊണ്ടു സമരക്കാരുടെ സമീപത്തേക്കു ചെന്നെങ്കിലും ഡിസിപി: സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംരക്ഷണം നൽകിയില്ല. ഇതിനിടെ ആരോ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാണ് ഇതെന്നു വിളിച്ചു പറഞ്ഞു. അതോടെ സമരക്കാർ അദ്ദേഹത്തെ വളഞ്ഞു പിൻകഴുത്തിലും തലയിലും ആഞ്ഞു തള്ളുകയും കോളറിൽ കുത്തിപ്പിടിക്കുകയും ചെയ്തു. മുതുകിൽ മർദനവുമേറ്റു. ഉന്തിലും തള്ളിലും പെട്ട ശ്രീനിവാസനെ കൊടിക്കമ്പു കൊണ്ടു ചിലർ കുത്തി. ഒരു വിധത്തിൽ അദ്ദേഹം ബഹളത്തിൽനിന്നു പുറത്തിറങ്ങി പൊലീസുകാർക്കിടയിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കരണത്തടി.

New Delhi 2020  : Nitheeh Narayanan,  SFI Leader,  JNU Student and native from Kannur @ Rahul R Pattom / Manorama
എസ്‌എഫ്ഐ കൊടി. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

പിന്നാലെ നടന്നു ചെന്ന എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ജെ.എസ്.ശരത് എന്തോ വിളിച്ചുപറഞ്ഞ ശേഷം അദ്ദേഹത്തിന്റെ കരണത്ത് ആഞ്ഞടിക്കുകയായിരുന്നു. നിലത്തു വീണ ശ്രീനിവാസനെ എഴുന്നേൽപിക്കാൻ പോലും പൊലീസ് ശ്രമിച്ചില്ല. മുഖത്തടിച്ച ജില്ലാ നേതാവിനെ കയ്യോടെ പിടികൂടാനും പൊലീസ് മെനക്കെട്ടില്ല. ശ്രീനിവാസനു മർദനം ഏറ്റതിനെ തുടർന്നു സമരക്കാരെ നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പാത്രങ്ങളും കല്ലും ഉപയോഗിച്ച് ഏറു തുടങ്ങി. ഇതോടെ പൊലീസ് കണ്ണീർവാതക ഷെൽ പൊട്ടിച്ചു, പിന്നാലെ ലാത്തിച്ചാർജും. കല്ലേറിൽ സിഐ ഉൾപ്പെടെ 15–ലേറെ പൊലീസുകാർക്കും ലാത്തിച്ചാർജിൽ 17 വിദ്യാർഥികൾക്കും പരുക്കേറ്റു.

∙ ‘ശ്രീനിവാസൻ വിദേശ ഏജന്റ്’

വിദേശ വിദ്യാഭ്യാസം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഏജന്റാണു ടി.പി.ശ്രീനിവാസൻ എന്നായിരുന്നു അന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണനല്ല, മുൻ അംബാസഡർ മാത്രമാണ്. കൗൺസിലിൽ യഥാർഥ വിദഗ്ധരെയാണു നിയമിക്കേണ്ടിയിരുന്നതെന്നും പിണറായി പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയും എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന കാമിനി ശരത് എന്ന ജെ.എസ്.ശരത്തിനെ ആദ്യം പദവിയിൽനിന്നു മാറ്റിയിരുന്നെങ്കിലും വീണ്ടും അതേ സ്ഥാനത്തേക്കു തിരഞ്ഞെടുത്തതു വിവാദമായി. ടി.പി.ശ്രീനിവാസനെ മർദിച്ചത് സംഭവിക്കാൻ പാടില്ലാത്തതാണെന്നും ക്ഷമ ചോദിക്കുന്നെന്നും അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിനു നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. രാജ്യാന്തര തലത്തിലും ആദരിക്കപ്പെടുന്ന വ്യക്തിയെയാണ് എസ്എഫ്ഐക്കാർ അടിച്ചുവീഴ്ത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English Summary:

Kerala opens doors to private universities and foreign university campuses, responds TP Sreenivasan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com