സോണിയ ഗാന്ധി തെലങ്കാനയിൽ മത്സരിക്കണം; ജനങ്ങൾ അമ്മയായാണ് കാണുന്നതെന്ന് രേവന്ത്

Mail This Article
ഹൈദരാബാദ്∙ വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഹൈദരാബാദിൽനിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡി. തിങ്കളാഴ്ച വൈകിട്ട് സോണിയയെ ഡൽഹിയിൽ നേരിട്ടെത്തി കണ്ടാണ് രേവന്തും സംഘവും ആവശ്യം ഉന്നയിച്ചത്. പാർട്ടിയുടെ സംസ്ഥാന ഘടകം ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയതായും രേവന്ത് സോണിയയെ അറിയിച്ചു.
Read also: ഏകവ്യക്തി നിയമ ബില്‍ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ, പാസ്സായാൽ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും
രേവന്തിനൊപ്പം തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, റവന്യു മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി എന്നിവരും സോണിയയെ സന്ദർശിച്ചു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകാൻ പരിശ്രമിച്ച സോണിയയെ ജനങ്ങൾ അമ്മയായാണ് കാണുന്നതെന്ന് രേവന്ത് പറഞ്ഞു. എന്നാൽ വേണ്ട സമയത്ത് കൃത്യമായ തീരുമാനം കൈക്കൊള്ളുമെന്നാണ് സോണിയ മറുപടി നൽകിയതെന്നാണ് വിവരം.
ഖമ്മം മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്നാണ് സംഘം സോണിയയെ അറിയിച്ചതെന്നാണ് വിവരം. തെലങ്കാനയിൽ 17 ലോക്സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പരമാവധി സീറ്റുകളിൽ വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി രേവന്ത് അറിയിച്ചു. നേരത്തെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി റാഞ്ചിയിലെത്തി രാഹുൽ ഗാന്ധിയെ സന്ദർശിച്ചപ്പോഴും രേവന്ത് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. 2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ 17ൽ മൂന്നു സീറ്റുകളിലാണ് കോൺഗ്രസിന് വിജയിക്കാനായത്.