ADVERTISEMENT

ചെന്നൈ ∙ മന്ത്രിമാർക്കെതിരെയുള്ള അഴിമതിക്കേസുകൾ സ്വമേധയാ പുനഃപരിശോധിക്കാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നീക്കത്തിനു തിരിച്ചടി. സ്വമേധയാ വാദം കേൾക്കുന്ന കേസുകളിൽ ജഡ്ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു.

ഇതോടെ, ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് സ്വമേധയാ പുനഃപരിശോധിക്കാൻ തീരുമാനിച്ച കേസുകൾ അനിശ്ചിതത്വത്തിലാകും. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിന്റെ വിധി പുനഃപരിശോധിക്കാനുള്ള ഹൈക്കോടതി നീക്കത്തിനെതിരെ മന്ത്രിമാരായ കെ.കെ.എസ്.എസ്.ആർ.രാമചന്ദ്രൻ, തങ്കം തെന്നരശ് എന്നിവർ നൽകിയ അപ്പീലിലാണു ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഇരുവരെയും വിട്ടയച്ച ശ്രീവില്ലിപുത്തൂർ കോടതി വിധിക്കെതിരെ വിജിലൻസ് അപ്പീൽ നൽകാത്തതിനാൽ ഹൈക്കോടതി ജഡ്ജി ആനന്ദ് വെങ്കിടേഷ് സ്വയം കേസുകൾ പുനഃപരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അംഗീകാരമില്ലാതെ ജഡ്ജി സ്വമേധയാ കേസെടുത്തത് നിയമവിരുദ്ധമാണെന്നായിരുന്നു അപ്പീലിലെ ആരോപണം. കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി ചീഫ് റജിസ്ട്രാർ റിപ്പോർട്ട് സമർപ്പിച്ചു. ജഡ്ജി സ്വമേധയാ കേസെടുത്തപ്പോൾ ചീഫ് ജസ്റ്റിസിന്റെ അനുവാദം വാങ്ങിയില്ലെങ്കിലും കേസിന്റെ ഫയലുകൾ ചീഫ് ജസ്റ്റിസ് കണ്ടെന്നു റജിസ്ട്രാർ അറിയിച്ചു. 

മുൻ മന്ത്രി കെ.പൊൻമുടി, അണ്ണാഡിഎംകെ മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം, മുൻ മന്ത്രി ബി.വളർമതി എന്നിവർക്കെതിരെയുള്ള അഴിമതിക്കേസുകളും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് പുനഃപരിശോധിക്കുന്നത്.

English Summary:

Madras HC Judge Ought To Have Ideally Obtained Orders From Chief Justice Before Proceeding With Suo Motu Revision:Supreme Court On Order Against TN Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com