അനിശ്ചിതത്വത്തിന് വിരാമം; കൽപറ്റ നഗരസഭാ ചെയർമാനായി കോൺഗ്രസിലെ ടി.ജെ.ഐസക്
Mail This Article
കൽപറ്റ∙ കൽപറ്റ നഗരസഭാ ചെയർമാനായി കോൺഗ്രസിലെ ടി.ജെ.ഐസക് തിരഞ്ഞെടുക്കപ്പെട്ടു. 13 ന് എതിരെ 15 വോട്ടുകൾക്ക് എൽഡിഎഫിലെ സി.കെ.ശിവരാമനെ ആണ് ഐസക് പരാജയപ്പെടുത്തിയത്. ഏഴുമാസത്തോളം നീണ്ട കോൺഗ്രസിലെ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് നഗരസഭയുടെ പുതിയ ചെയർമാനായി ടി.ജെ.ഐസക്കിനെ തിരഞ്ഞെടുത്തത്. കെപിസിസിയുടെ നിർദേശപ്രകാരമാണ് ടി.ജെ.ഐസക്കിനെ ആദ്യത്തെ ഒരു വർഷം ചെയർമാനായി തിരഞ്ഞെടുത്തത്.
തുടർന്നുള്ള വർഷം പി.വിനോദ് കുമാറിന് ചെയർമാൻ സ്ഥാനം കൈമാറും. മുൻ ധാരണ പ്രകാരം ഡിസംബർ പതിനെട്ടിനാണ് മുസ്‌ലിം ലീഗിലെ കെയംതൊടി മുജീബ് ചെയർമാൻ പദവിയും കോൺഗ്രസിലെ കെ.അജിത വൈസ് ചെയർമാൻ പദവിയും രാജിവച്ചത്. ഇതിനു പിന്നാലെയാണ് രണ്ട് സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നത്. മുന്നണി ധാരണ അനുസരിച്ച് വൈസ് ചെയർപേഴ്സൻ പദവി ഇനി മുസ്‌ലിം ലീഗിനാണ്.
യുഡിഎഫ് ധാരണ അനുസരിച്ച് ആദ്യ രണ്ടര വർഷം ചെയർമാൻ സ്ഥാനം ലീഗിനും ബാക്കി രണ്ടര വർഷം കോൺഗ്രസിനും നൽകാനായിരുന്നു ധാരണ. ലീഗിന്റെ കാലാവധിക്കുശേഷം ചെയർമാൻ സ്ഥാനത്തേക്ക് ടി.ജെ.ഐസക്കും പി.വിനോദ്കുമാറും രംഗത്തെത്തിയതോടെ പ്രതിസന്ധി ഉടലെടുത്തു. കോൺഗ്രസിന്റെ പുതിയ ചെയർമാൻ ആരെന്ന് തീരുമാനമാകാത്തതിനാൽ ലീഗിന്റെ കെയംതൊടി മുജീബ് മൂന്ന് വർഷം കഴിഞ്ഞാണ് ചെയർമാൻ സ്ഥാനം രാജിവച്ചത്. തുടർന്ന് കെപിസിസി ഇടപെടുകയായിരുന്നു.