ADVERTISEMENT

തിരുവനന്തപുരം∙ ഗവർണറുടെ നിർദേശപ്രകാരം കാർഷിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസർ ഡോ.ബി.അശോക് തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ജനറൽ കൗൺസിൽ യോഗം സേർച് കമ്മിറ്റിക്കുള്ള യൂണിവേഴ്സിറ്റി പ്രതിനിധിയെ നിശ്ചയിക്കാതെ പിരിഞ്ഞു. ഫെബ്രുവരി 13ന് വീണ്ടും നോട്ടിസ് നൽകി സ്പെഷൽ കൗൺസിൽ യോഗം ചേരുമെന്ന് വിസി യോഗത്തെ അറിയിച്ചു.

20 ഔദ്യോഗിക അംഗങ്ങളും 15 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടെ 52 പേരുള്ള കൗൺസിലിന്റെ ക്വാറം 10 ആണ്. സിപിഎമ്മിന്റെയും സിപിഐയുടെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മുഴുവനും മുൻ നിശ്ചയപ്രകാരം വിട്ടുനിന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട 4 പ്രതിനിധികളും ചില ഔദ്യോഗിക അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ഗവർണറുടെ പ്രതിനിധികളെ ഇതേവരെ നാമനിർദേശം ചെയ്തിട്ടില്ല. യോഗത്തിൽനേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഓൺലൈനായി പങ്കെടുക്കാൻ അവസരം നൽകിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി ബി.അശോക് വിസിയുടെ താൽക്കാലിക ചുമതലയിൽ തുടരുകയാണ്.

നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി നിയമഭേദഗതി അവഗണിച്ച് നിലവിലെ നിയമം അനുസരിച്ച് ഗവർണർ സേർച് കമ്മിറ്റി രൂപീകരിക്കുന്ന നടപടിയെയാണ് എൽഡിഎഫ് എതിർക്കുന്നത്. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യമുള്ളതായി ചില കൗൺസിൽ അംഗങ്ങള്‍ അറിയിച്ചതു പരിഗണിച്ചാണ് തീരുമാനം എടുക്കുന്നത് 13ലേക്ക് മാറ്റുന്നതായി വിസി യോഗത്തെ അറിയിച്ചു.

യോഗം ചേർന്ന ശേഷം തീരുമാനമെടുക്കാതെ വീണ്ടും യോഗം വിളിച്ചുചേർക്കുമെന്ന വിസിയുടെ റൂളിങ് നിയമ വിരുദ്ധമാണെന്ന് കോൺഗ്രസ്‌ അംഗങ്ങൾ അഭിപ്രായപെട്ടെങ്കിലും വിസി വഴങ്ങിയില്ല. ഈ മാസം 16ന് കേരള സർവകലാശാലയിലും 17ന് കുസാറ്റിലും സേർച്ച് കമ്മിറ്റി പ്രതിനിധിയുടെ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുണ്ട്.

English Summary:

Agriculture University: General Council Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com