നിർമലയുടെ വാദം തെറ്റ്; നികുതിവിഹിതം സൗജന്യമല്ല, സംസ്ഥാനത്തിന്റെ അവകാശം: മറുപടിയുമായി കേരളം
Mail This Article
ന്യൂഡൽഹി ∙ കേരളത്തിനു നൽകിയ കോടികളുടെ കേന്ദ്രഫണ്ടിന്റെ കണക്കുനിരത്തിയ ധനമന്ത്രി നിർമല സീതാരാമനു മറുപടിയുമായി സംസ്ഥാന സർക്കാർ. നിർമലയുടെ അവകാശവാദം തെറ്റാണെന്നും നികുതിവിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല, അവകാശമാണെന്നും കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി.
‘‘നികുതിവിഹിതം കുറഞ്ഞെന്ന ആക്ഷേപം സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടില്ല. വിഹിത ശതമാനം കണക്കാക്കിയതിൽ കേരളത്തോടു നീതികേട് കാണിച്ചു. നിർമല അവതരിപ്പിച്ച ഗ്രാന്റിന്റെ കണക്കുകൾ പെരുപ്പിച്ചു കാട്ടിയതാണ്. കടമെടുക്കുന്നതു കാരണം സമ്പദ‌്‌രംഗം തകരുമെന്ന കേന്ദ്രത്തിന്റെ വാദം അടിസ്ഥാന രഹിതമാണ്’’– കേരളം വ്യക്തമാക്കി.
യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ 224 ശതമാനം നികുതിവിഹിതം കേരളത്തിന് അധികം നൽകിയെന്നാണു കഴിഞ്ഞ ദിവസം രാജ്യസഭയിൽ നിർമല വ്യക്തമാക്കിയത്. 2014–24 എൻഡിഎ സർക്കാരിന്റെ കാലത്ത് 1,50,140 കോടി രൂപ നികുതി വിഹിതമായി കേരളത്തിന് നൽകി. 46,303 കോടിയാണു യുപിഎ ഭരണകാലത്ത് (2004–14) നൽകിയ നികുതി വിഹിതമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.