ADVERTISEMENT

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിനു ഭാരതരത്നം നൽകിയുള്ള കേന്ദ്രസർ‌ക്കാർ പ്രഖ്യാപനത്തിനു പിന്നാലെ ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും വിമർശിച്ച് അദ്ദേഹത്തിന്റെ ചെറുമകൻ എൻ.വി.സുഭാഷ്. കോൺഗ്രസ് പാർട്ടിയുടെ പരാജയങ്ങൾക്കു നരസിംഹ റാവുവിനെ ബലിയാടാക്കുന്നതിൽ ഗാന്ധി കുടുംബം പ്രധാന പങ്കു വഹിച്ചുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. 

‘‘പി.വി.നരസിംഹ റാവു കോൺഗ്രസ് പാർട്ടിക്കാരനാണെങ്കിലും പ്രധാനമന്ത്രി മോദി അദ്ദേഹത്തെ ആദരിച്ചു. യുപിഎ സർക്കാരിനെയും പ്രത്യേകിച്ച് ഗാന്ധി കുടുംബത്തെയുമാണു ഞാൻ കുറ്റപ്പെടുത്തുന്നത്. 2004 മുതൽ 2014 വരെ, കേന്ദ്രത്തിൽ യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഭാരതരത്‌ന അദ്ദേഹത്തിനു നൽകിയില്ല. ഭാരത രത്നയും മറ്റു പുരസ്കാരങ്ങളും ഒന്നും അദ്ദേഹത്തിനു നൽകേണ്ട. എന്നാൽ നരസിംഹ റാവുവിനെ കോൺഗ്രസ് പാർട്ടിയുടെ പരാജയങ്ങളുടെ ബലിയാടാക്കുന്നതിൽ ഗാന്ധി കുടുംബം വളരെ നിർണായക പങ്കാണു വഹിച്ചത്’’ – സുഭാഷ് പറഞ്ഞു. 

മറ്റു നേതാക്കളെ നിരന്തരം അംഗീകരിക്കുന്ന മോദിയുടെ നിലപാട് അഭിനന്ദനാർഹമാണെന്നും സുഭാഷ് പറഞ്ഞു. ഈ ബഹുമതി അഭിമാനകരമാണ്. ഞങ്ങൾക്കു ലഭിച്ച വലിയൊരു ബഹുമതിയാണിത്. ഭാരതരത്ന ഇനിയും വൈകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഈ സമയത്തു ഞാൻ വളരെ വീകാരധീനനാണെന്നും അദ്ദേഹം പറഞ്ഞു.

നരസിംഹ റാവുവിനു ഭാരതരത്ന നൽകിയതിനു പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബത്തിലെ നേതാക്കളെ ഒഴിച്ചു മറ്റുള്ള നേതാക്കളെയൊന്നും കോൺഗ്രസ് അംഗീകരിക്കില്ല എന്നായിരുന്നു പ്രധാന വിമർശനം. നരംസിംഹ റാവുവിനു ഭാരതരത്ന നൽകിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്നലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സോണിയ ഗാന്ധി മറുപടി നൽകിയിരുന്നു.

English Summary:

Pv narasimha raos grandson attack gandhi family after bharat ratna announcement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com