വിശ്വാസ വോട്ടെടുപ്പിന്റെ പിരിമുറുക്കം മറക്കാൻ തേജസ്വിയുടെ ബംഗ്ലാവിൽ എംഎൽഎമാർക്കായി ‘ഗിറ്റാർ’ പാർട്ടി– വിഡിയോ

Mail This Article
പട്ന∙ ബിഹാർ രാഷ്ട്രീയത്തിന്റെ ഭാവി നിർണയിക്കുന്ന വിശ്വാസ വോട്ടെടുപ്പു നാളെ നടക്കാനിരിക്കെ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വീട്ടിൽ എംഎൽഎമാർ പാട്ടും ആഘോഷവുമായി ഒത്തുകൂടി. ഇന്നലെ രാത്രിയായിരുന്നു എംഎൽഎമാരുടെ സംഗമം. സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോയിൽ തേജസ്വി യാദവും മറ്റു എംഎൽഎമാരും പല ഗാനങ്ങളും ആലപിക്കുന്നതു കാണാം.
ഗിറ്റാറിന്റെ അകമ്പടിയോടെയാണു എംഎൽഎമാർ പാട്ടുകൾ പാടിയത്. പാക്കിസ്ഥാൻ ഗായകനായ നുസ്റത്ത് ഫത്തെ അലിഖാന്റെ പാട്ടുകളാണ് എംഎൽഎമാർ ആലപിക്കുന്നത്. തേജസ്വി യാജദവിനൊപ്പം മുകേഷ് കുമാർ യാദവ്, യൂസഫ് സലാഹുദ്ദീൻ, അനിരുദ്ധ് കുമാർ യാദവ്, ചേതൻ ആനന്ദ് എന്നീ എംഎൽഎമാരെയും വിഡിയോയിൽ കാണാം. തേജസ്വി യാദവിന്റെ വസതിയായ ദേശരത്നി മാർഗ് ബംഗ്ലാവിൽ നിന്നാണു വിശ്വാസ വോട്ടെടുപ്പിനായി എംഎൽഎമാര്‍ നിയമസഭയിലേക്കു പുറപ്പെടുന്നത്.
അതേസമയം, ആർജെഡി പ്രതിനിധിയായ സ്പീക്കർ അവധ് ബിഹാരി ചൗധരി രാജി വയ്ക്കാത്ത സാഹചര്യത്തിൽ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനു മുൻപു സ്പീക്കർക്ക് എതിരായ അവിശ്വാസ പ്രമേയം വോട്ടിനിടും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷമാകും സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കുക.
ആർജെഡിയുടെ ചാക്കിടൽ പേടിച്ചു ബിജെപി എംഎൽഎമാരെ പരിശീലനത്തിനെന്ന പേരിൽ ഗയയിലേക്ക് മാറ്റിയിട്ടുണ്ട്. ജനതാദൾ (യു) എംഎൽഎമാരെ ഒന്നിച്ചു കൂട്ടാനായി പാർട്ടിയുടെ മന്ത്രിമാർ തുടർച്ചയായി വിരുന്നുകൾ നടത്തുന്നുണ്ട്. എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചി ഇടഞ്ഞു നിൽക്കുകയാണെങ്കിലും തൽക്കാലം മുന്നണി വിടാനുള്ള സാധ്യതയില്ല. 243 അംഗ നിയമസഭയിൽ നിലവിൽ എൻഡിഎയ്ക്ക് 128, മഹാസഖ്യത്തിന് 114 എന്നിങ്ങനെയാണ് അംഗബലം. എഐഎംഐഎം ഇരുമുന്നണിയിലുമില്ല.