ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കമന്റ്: എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെ ചോദ്യം ചെയ്തു, 13ന് സ്റ്റേഷനിൽ ഹാജരാകണം
Mail This Article
കോഴിക്കോട്∙ ഗോഡ്സെയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമത്തിൽ കമന്റിട്ട കാലിക്കറ്റ് എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ മൊഴിയെടുത്തു. ഷൈജയുടെ ചാത്തമംഗലത്തെ വീട്ടിലെത്തിയാണു കുന്ദമംഗലം പൊലീസ് മൊഴി എടുത്തത്. ഈ മാസം 13ന് സ്റ്റേഷനിൽ ഹാജരാകാൻ ഷൈജയോട് പൊലീസ് ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12.50 ഓടെയാണു കുന്ദമംഗലം പൊലീസ് ഷൈജ ആണ്ടവന്റെ വീട്ടിലെത്തിയത്.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ, ‘ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന കുറിപ്പോടെ കൃഷ്ണരാജ് എന്നയാൾ ഗോഡ്സെയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് ഷൈജ ആണ്ടവൻ ‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്ന് കമന്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇവർ കമന്റ് ഡിലീറ്റ് ചെയ്തു. എന്നാൽ വിദ്യാർഥി സംഘടനകൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’ എന്നെഴുതിയ ബാനറുൾപ്പെടെ നിരവധി ബാനർ എൻഐടി ഗെയ്റ്റിന് സമീപത്ത് യുവജ വിദ്യാർഥി പ്രസ്ഥാനങ്ങൾ സ്ഥാപിച്ചിരുന്നു. എൻഐടി സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിൽ അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടർക്ക് കത്തും നൽകിയിരുന്നു. എൻഐടിയുടെ ചരിത്രത്തിൽ ആദ്യമായാണ് അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് സ്റ്റുഡന്റ് അഫയേഴ്സ് കൗൺസിൽ ആവശ്യപ്പെട്ടത്.