ADVERTISEMENT

പത്തനംതിട്ട∙ റെയിൽവേയിലെ മെക്കാനിക്കൽ വിഭാഗവും ഇലക്ട്രിക്കൽ വിഭാഗവും തമ്മിലുള്ള പോര് മൂലം മെമു ട്രെയിനുകളുടെ വൃത്തിയാക്കൽ അവതാളത്തിൽ. പരമ്പരാഗത പാസഞ്ചർ ട്രെയിനുകൾ ഘട്ടം ഘട്ടമായി പിൻവലിച്ച് മെമു സർവീസുകളാക്കി കൊണ്ടിരിക്കുന്ന റെയിൽവേ ഇവയുടെ വൃത്തിയാക്കൽ ചുമതല സംബന്ധിച്ച് കൃത്യമായ തീരുമാനം എടുക്കാത്തതാണു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മെമു ട്രെയിനുകൾ ഇലക്ട്രിക്കൽ വിഭാഗത്തിന്റെ കീഴിലാണ് വരുന്നതെങ്കിലും ക്ലീനിങ് ജോലിക്കായി അവർക്കു ജീവനക്കാരില്ല. മറ്റു ട്രെയിനുകളുടെ ചുമതലയുള്ള മെക്കാനിക്കൽ വിഭാഗമാണു ക്ലീനിങ് ജോലികൾക്കു കരാർ നൽകുന്നത്. എന്നാൽ മെമു ട്രെയിനുകൾ വർധിച്ച സാഹചര്യത്തിൽ മെക്കാനിക്കൽ വിഭാഗത്തെ ഇവയുടെ വൃത്തിയാക്കൽ ജോലി ഏൽപ്പിക്കാമെങ്കിലും റെയിൽവേ അത് ചെയ്യുന്നില്ല. ഫലത്തിൽ മെമു ട്രെയിനുകൾ വൃത്തിയാക്കണമെങ്കിൽ തിരികെ മെമു ഷെഡിലെത്തണം.

ഇതേ പ്രശ്നം കാരണം എറണാകുളം–പാലക്കാട് മെമു പൊള്ളാച്ചിയിലേക്കു നീട്ടാനുള്ള ശുപാർശയിൽ തീരുമാനം വൈകുകയാണ്. ഇപ്പോൾ ഈ ട്രെയിൻ വൃത്തിയാക്കുന്നത് പാലക്കാടാണ്. പൊള്ളാച്ചിയിലേക്കു നീട്ടണമെങ്കിൽ ട്രെയിൻ എറണാകുളത്ത് വ‍ൃത്തിയാക്കി വെള്ളം പിടിക്കണം. എന്നാൽ ഇത് ഏറ്റെടുക്കാൻ തിരുവനന്തപുരം ഡിവിഷനിലെ മെക്കാനിക്കൽ വിഭാഗം തയാറല്ല. 

400 കോടി രൂപ മുടക്കി ഗേജ് മാറ്റം നടത്തിയ പാലക്കാട്–പൊള്ളാച്ചി പാതയിൽ ആവശ്യത്തിന് ട്രെയിനില്ലാതെ ജനം വലയുകയാണ്. രാവിലെയുള്ള 2 ട്രെയിനുകളും വൈകിട്ട് നാലിനുള്ള ചെന്നൈ ട്രെയിനും പോയി കഴിഞ്ഞാൽ പാലക്കാട് നിന്നു പൊള്ളാച്ചി പാതയിൽ മണിക്കൂറുകളോളം ട്രെയിനില്ല. ഇതിന് പരിഹാരമായാണ് അധികൃതർ വൈകിട്ട് 6.35ന് പാലക്കാട് എത്തുന്ന എറണാകുളം മെമു, പൊളളാച്ചി വരെ നീട്ടാൻ ശുപാർശ ചെയ്തത്. മെമു ട്രെയിൻ പഴനി വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷമായി വിവിധ റെയിൽവേ ഒാഫിസുകൾ കയറിയിറങ്ങുകയാണെന്നു പാലക്കാട്–പൊള്ളാച്ചി റെയിൽവേ ലൈൻ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ്  മുരുകൻ ഏറാട്ട് പറയുന്നു. 

തിരുച്ചെന്തൂർ–പാലക്കാട് ട്രെയിൻ ഷൊർണൂരേക്കു നീട്ടുക, ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ പാലക്കാടേക്കു നീട്ടുക എന്നീ ആവശ്യങ്ങളും നടപ്പായിട്ടില്ല. ബെംഗളൂരു–കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് പാലക്കാട് ടൗൺ വരെ നീട്ടിയാൽ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസിൽ എത്തുന്നവർക്കു പാലക്കാട് നിന്നു ബെംഗളൂരുവിലേയ്ക്കു കണക്‌ഷൻ ലഭിക്കുമെന്ന സൗകര്യവുമുണ്ട്. വർഷങ്ങളായി കാലിയായി ഒാടിയിട്ടും ഉദയ് എക്സ്പ്രസ് പാലക്കാടേക്ക് നീട്ടാൻ റെയിൽവേ തയാറാകുന്നില്ലെന്നാണ് പരാതി.

English Summary:

Cleaning of memu trains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com