ADVERTISEMENT

കൊച്ചി ∙തൃപ്പുണിത്തുറ പുതിയകാവ് ചൂരക്കാട് പടക്കപ്പുരയിലുണ്ടായ സ്ഫോടനത്തിൽ വഴിമാറിയത് വൻദുരന്തം. മിക്ക വീടുകളിലും പ്രവർത്തിദിനമായതിനാൽ കുട്ടികളും മുതിർന്നവരും ഇല്ലാതിരുന്നതാണു ദുരന്തത്തിന് ഇരയായവരുടെ എണ്ണം കുറയാൻ കാരണം. രണ്ടുവശത്തും വീടുകൾ തിങ്ങി നിറഞ്ഞ സ്ഥലത്ത് അൽപം ഒഴിവുള്ള ഒരു പറമ്പിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഒരു മഹാദുരന്തമാണ് ഒഴിവായതെന്നാണ് അയൽക്കാർ അടക്കമുള്ളവർ പറയുന്നത്. 2 കിലോമീറ്റർ വരെ സ്ഫോടനശബ്ദം കേട്ടെങ്കില്‍, 200 മീറ്റർ ദൂരത്തിൽ‍ ജനാലകളോ വാതിലുകളോ തകരാത്ത ഒറ്റവീടുകൾ പോലുമില്ല. ഈ ഭാഗത്ത് ഒരു ഡേ കെയര്‍ കൂടി പ്രവർത്തിക്കുന്നുണ്ട് എന്നറിയുമ്പോഴാണു ദുരന്തം എത്രത്തോളം ഭീകരമാകാമായിരുന്നുവെന്നു മനസിലാകുന്നത്. ഇതിനിടെ, അനുമതിയല്ലാതെ വെടിക്കെട്ട് നടത്തിയതിനും സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനും പുതിയകാവ് ക്ഷേത്രഭാരവാഹികൾക്കും കരാറുകാർക്കുമെതിരെ പൊലീസ് കേസെടുത്തു. 

ഞായറാഴ്ച വൈകിട്ട് ഒരു വെടിക്കെട്ട് നടന്നത് അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇന്നലെത്തന്നെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച രാവിലെ 11 മണിയോടെ അപകടമുണ്ടായത്. മിക്ക വീടുകളിലും ആളുകൾ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് സ്ഫോടക വസ്തുക്കൾ നിറച്ച ലോറി ഇവിടേക്ക് എത്തുന്നതും സാധനങ്ങൾ ഇറക്കുന്നതും. പുതിയകാവ് – കോട്ടയം റൂട്ടിൽ ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ വീതിയുള്ള റോഡിലൂടെയാണ് ഈ ലോറി ഇവിടേക്ക് എത്തിയത്. പറമ്പിൽ കോൺക്രീറ്റിന്റെ ഒരു ചെറിയ ഗോഡൗണ്‍ ഒരു വശത്തും മറുവശത്ത് താത്‌കാലികമായി കെട്ടിയുണ്ടാക്കിയ ഒരു ഷെഡുമാണ് ഉണ്ടായിരുന്നത്. സമീപത്തായി ഒരു കാറും നിർത്തിയിട്ടിയിരുന്നു. ലോറിയിൽനിന്ന് ഷെഡിലേക്കു സ്ഫോടകവസ്തുക്കൾ മാറ്റുന്നതിനിടെ, കനത്ത ചൂടുമൂലം പൊട്ടിത്തെറിച്ചതാകാനാണ് സാധ്യതയെന്നാണു പ്രാഥമിക നിഗമനം. 2 കിലോമീറ്റർ വരെ സ്ഫോടനത്തിന്റെ ശബ്ദം ഉയർന്നു കേട്ടെങ്കിലും ഉത്സവം നടക്കുന്നതിനാൽ അവിടെനിന്നുള്ളതായിരിക്കും എന്നാണ് മിക്കവരും കരുതിയത്.

മുൻസിപ്പൽ ചെയർപേഴ്‌സൺ രമ സന്തോഷ് സ്ഫോടനത്തിൽ തകർന്ന വീടുകൾ പരിശോധിക്കുന്നു.ചിത്രം∙മനോരമ
മുൻസിപ്പൽ ചെയർപേഴ്‌സൺ രമ സന്തോഷ് സ്ഫോടനത്തിൽ തകർന്ന വീടുകൾ പരിശോധിക്കുന്നു.ചിത്രം∙മനോരമ

പല പ്രദേശത്തുനിന്നും ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടുമ്പോഴും സ്ഫോടക വസ്തുക്കൾ നിറച്ച ലോറിനിന്നു കത്തുകയായിരുന്നു. ഇതിന്റെ ചൂടിൽ സമീപം നിന്ന വലിയ മാവ് കരിഞ്ഞുണങ്ങി. വീടുകളിലുണ്ടായിരുന്നവർ ജനാലച്ചില്ലുകൾ പൊട്ടിത്തെറിക്കുന്നതും അടച്ചിട്ട വാതിലുകൾ തകരുന്നതും കേട്ടു ഞെട്ടി. പലർക്കും ചില്ലുകൾ വീണു മുറിവേറ്റു. ജോലി സ്ഥലത്തും മറ്റുമായിരുന്നവർ വിവരമറിഞ്ഞ് എത്തിയപ്പോഴും കാണുന്നത് തങ്ങളുടെ വീടുകൾ തകർന്നു കിടക്കുന്നതാണ്. ‘‘2 ലക്ഷം രൂപയുടെ ആയുർവേദ മരുന്നാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. അതുമുഴുവൻ പോയി. ജനാലകളും വാതിലുകളുമെല്ലാം തകർന്നു. ഇതിന് ആര് എനിക്ക് നഷ്ടപരിഹാരം തരും? ഈ വീടിന് ഇനി ഉറപ്പുണ്ടെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ?’’, സമീപത്തു താമസിക്കുന്ന ആയുർവേദ ഡോക്ടർ കൂടിയായ വൽസലകുമാരി പറഞ്ഞു. ഇവരുടെ ആയുർവേദ ക്ലിനിക്കിലേക്കുള്ള മരുന്നുകളാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇവരുടെ ഇരുനില വീടിന്റെ ഒട്ടുമിക്ക ഭാഗങ്ങളും തകർന്നു. ഇതിനു സമാനമായ ദുരന്തങ്ങളാണ് സമീപത്തെ മറ്റു വീടുകളിലും. ദുരന്തമുണ്ടായതിന്റെ 200 മീറ്ററോളം ഇപ്പുറം താമസിക്കുന്ന വീട്ടമ്മയ്‌ക്കും കുഞ്ഞിനും മണിക്കൂറുകൾ കഴിഞ്ഞിട്ടും അമ്പരപ്പ് വിട്ടുമാറിയിട്ടില്ല. വർക്ക് ഫ്രം ഹോം ആയതിനാൽ കുഞ്ഞിനെ അടുത്തിരുത്തി ജോലി ചെയ്യുന്നതിനിടെയായിരുന്നു സ്ഫോടന ശബ്ദവും ജനാലകൾ പൊട്ടിത്തെറിച്ചതും. ഇവരുടെ നെറ്റിയിൽ അടക്കം മുറിവുകളുണ്ട്. അപ്പോൾ മുതൽ പേടിച്ച് അമ്മയുടെ കൈകളിൽനിന്ന് ഇറങ്ങിയിട്ടില്ല കുഞ്ഞ്. 

തൃപ്പൂണിത്തുറയിൽ പടക്കപ്പുരയിലുണ്ടായ സ്ഫോടനത്തെതുടർന്ന തകർന്ന കെട്ടിടം. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ
തൃപ്പൂണിത്തുറയിൽ പടക്കപ്പുരയിലുണ്ടായ സ്ഫോടനത്തെതുടർന്ന തകർന്ന കെട്ടിടം. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

പുതിയകാവ് ക്ഷേത്രത്തിനു സമീപമുള്ള കടയിൽ ജോലി ചെയ്യുന്ന സ്ത്രീ നെടുവീർപ്പോടെയും ആശ്വാസത്തോടെയും പറഞ്ഞത്, ഒരു ഡേ കെയർ അവിടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നാണ്. ‘‘ആരുടെയോ ഭാഗ്യത്തിനാണ് അവിടെയൊന്നും സംഭവിക്കാതിരുന്നത്’’– അവർ പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി കണക്കാക്കി വരികയാണെന്ന് തൃപ്പൂണിത്തുറ മുന്‍സിപ്പൽ ചെയര്‍പേഴ്സൺ രമ സന്തോഷ് ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു. ഒരു മീറ്റിങ് കഴിഞ്ഞ് പത്തരയോടെ ഓഫിസിൽ എത്തിയപ്പോഴാണ് ക്യാബിനു പിന്നിൽ ശക്തമായി അടിക്കുന്ന ശബ്ദം പോലൊന്ന് കേട്ടത്. എങ്കിലും എന്താണെന്ന് മനസ്സിലായില്ല. അപ്പോഴാണ് വീട്ടിൽനിന്ന് വിളിച്ച് വലിയ സ്ഫോടന ശബ്ദം കേട്ടുവെന്നും സാധനങ്ങൾ താഴെപ്പോയെന്നും പറഞ്ഞത്. ഇവിടെ ഇത്തരമൊരു പൊട്ടിത്തെറി നടന്നതായി പെട്ടെന്നു തന്നെ അറിഞ്ഞു. ഞാൻ അപ്പോൾ തന്നെ ഇവിടെയെത്തി. ഒറ്റ സ്ഫോടനമാണ് നടന്നത്. ഞാൻ എത്തുമ്പോഴും തീ ആളുന്നുണ്ടായിരുന്നു. ഫയർഫോഴ്സും സ്ഥലത്തെത്തി’’– അവർ പറഞ്ഞു. ഇതിനിടെ എറണാകുളം കലക്‌ർ എൻ.എസ്.കെ ഉമേഷ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്.ശ്യാം സുന്ദർ തുടങ്ങിയവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വീടുകൾക്കു കേടുപാടുകൾ സംഭവിച്ചവരെ സമീപത്തെ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിലേക്കു മാറ്റുകയാണെന്നു രമ സന്തോഷ് വ്യക്തമാക്കി. നഷ്ടം വന്നതു കണക്കാക്കാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. തങ്ങൾക്കുള്ള നഷ്ടം അറിയിക്കാൻ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് എന്ന് അവർ പറഞ്ഞു. 

തൃപ്പൂണിത്തുറയിൽ പടക്കപ്പുരയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് സമീപത്തെ വീട്ടിലെ കാറിനുണ്ടായ കേടുപാട്. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ
തൃപ്പൂണിത്തുറയിൽ പടക്കപ്പുരയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് സമീപത്തെ വീട്ടിലെ കാറിനുണ്ടായ കേടുപാട്. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ

ഇത്ര വലിയ അപകടസാധ്യത ഉള്ള ഒന്നാണ് തങ്ങൾക്കു സമീപം ഉണ്ടായിരുന്നതെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് പല വീട്ടുകാരും പ്രതികരിച്ചത്. സ്ഥലത്ത് ‌ഈ സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാക്കുന്നതെന്ന് രമ സന്തോഷും പറഞ്ഞു.

English Summary:

Firecracker unit blast in Thrippunithura, People's response to incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com