ADVERTISEMENT

കൊച്ചി∙ എറണാകുളം കത്രിക്കടവ്–തമ്മനം റോഡിലുള്ള എടശേരി ബാറിൽ ജീവനക്കാർക്കു നേരെ വെടിയുതിർത്തു കടന്നുകളഞ്ഞ സംഘത്തെ പിടികൂടാനുള്ള ശ്രമം ഊർജിതം. തൊടുപുഴ കറുക സ്വദേശിയുടെ പേരില്‍ റജിസ്റ്റർ ചെയ്തിട്ടുള്ള കെഎൽ 51 ബി 2194 നമ്പറിലുള്ള വെള്ള വാഹനത്തിലാണ് അക്രമികൾ എത്തിയത്.  ഇതു റെന്റ് എ കാർ ആണെന്നാന്നു പൊലീസ് പറയുന്നത്. മുവാറ്റുപുഴ മടവൂരിൽ നിന്നു പൊലീസ് ഈ വാഹനം കണ്ടെത്തിയിട്ടുണ്ട്. ഇതിലുണ്ടായിരുന്ന നാലു പേരെയാണു പൊലീസ് തിരയുന്നത്. അക്രമികൾ ഉടൻ പിടിയിലാകുമെന്നു പൊലീസ് വ്യക്തമാക്കി. 

ബാറിലെ ജീവനക്കാരെ വെടിവയ്ക്കാനുപയോഗിച്ചത് എയർ പിസ്റ്റൾ ആയിരുന്നു എന്ന നിഗമനത്തിൽ ആയിരുന്നു പൊലീസ്. എന്നാൽ ഇത് റിവോൾവർ ആകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. അതുകൊണ്ടു തന്നെ തോക്കിന്റെ ഉറവിടവും അക്രമികളുടെ ലക്ഷ്യവും അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വിശദമായ അന്വേഷണത്തിലാണു പൊലീസ്. ബാറിൽ നിന്നും മദ്യം കഴിച്ചു പുറത്തിറങ്ങിയ ശേഷമാണ് ആക്രമണ സംഭവങ്ങൾക്ക് തുടക്കം. ബാറിന്റെ സേവനം അവസാനിപ്പിക്കുന്ന സമയം ആയതിനാൽ എല്ലാവരും പുറത്തിറങ്ങുന്ന സമയമായിരുന്നു. 11.30ഓടെയായിരുന്നു ഇത്. എന്നാൽ വീണ്ടും മദ്യം ആവശ്യപ്പെട്ട് നാലംഗ സംഘം ഗെയ്റ്റിനു സമീപം ബഹളമുണ്ടാക്കിയതോടെ മാനേജർ‍ ജിതിൻ ഇടപെടുകയായിരുന്നു. 

രണ്ടു ഗേറ്റുകളാണ് ഇവിടുത്തെ പ്രധാന ബാർ–റെസ്റ്റൊറന്റിലേക്ക് കയറാനുള്ളത്. ഒരു വാതിൽ ലോക്കൽ ബാറിലേക്കും. ഇതിൽ ഇടശേരി മാൻ‍ഷൻ എന്ന ലോഡ്ജിങ് സൗകര്യമുള്ള കെട്ടിടത്തിലേക്കുള്ള ഗെയ്റ്റിനു സമീപമാണ് അക്രമം അരങ്ങേറിയത്. ഇവിടെ നിന്നും ബാർ–റെസ്റ്റോറന്റിലേക്ക് കടക്കാം. ബാറിൽ നിന്നു പുറത്തിറങ്ങിയ നാലംഗ സംഘം വീണ്ടും മദ്യം ആവശ്യപ്പെട്ടു ബഹളമുണ്ടാക്കിയതോടെ ജിതിൻ ഇടപെടുകയും ക്രൂരമായ മർദ്ദനമേൽക്കുകയുമായിരുന്നു. മാനേജരെ മർദ്ദിക്കുന്നതു കണ്ട് ഓടിയെത്തിയ  ജീവനക്കാരായ സുജിൻ ജോൺസന് വയറ്റില്‍ രണ്ടു തവണയും അഖിൽ നാഥിന് തുടയിൽ ഒരു തവണയുമാണ് വെടിയേറ്റത്. ഇവരെ മെ‍ഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ജിതിനെ ലിസി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയിൽ പുരോഗമനമുണ്ടെന്നാണു വിവരം. 

കൈത്തോക്കു കൊണ്ട് പരിക്കേല്‍പ്പിച്ചെന്നാണ് പൊലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുളളത്. കരുതിക്കൂട്ടിയുള്ള വധശ്രമം, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അടുത്തിടെയായി ബാറുകൾ കേന്ദ്രീകരിച്ച് എറണാകുളത്ത് ഒട്ടേറെ െവടിവയ്പു സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ പുതിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.  

English Summary:

Kochi edassery bar firing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com