റോഡരികിലൂടെ നടന്നുപോയ യുവതി ഓട്ടോ ഇടിച്ച് മരിച്ചു; കൂടെയുണ്ടായിരുന്ന യുവതിക്ക് പരുക്ക്
Mail This Article
ശ്രീകണ്ഠപുരം (കണ്ണൂർ) ∙ ചെമ്പേരിയിൽ റോഡരികിലൂടെ നടന്നുപോയ യുവതി ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. ചെമ്പേരി വള്ളിയാട് വലിയവളപ്പിൽ സജീവന്റെ ഭാര്യ ദിവ്യ (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ന് ആണ് അപകടം. റോഡരികിലൂടെ നടന്നു പോയ ദിവ്യയെ അമിത വേഗത്തിൽ എത്തിയ ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ആശ (26) എന്ന യുവതിക്കും പരുക്കേറ്റു. ചെമ്പേരി ലൂർദ്മാതാ ഫൊറോന പള്ളി തിരുനാളിൽ പങ്കെടുത്തു മടങ്ങുംവഴിയാണ് അപകടം.
ഉടൻ ചെമ്പേരി വിമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. നിടിയേങ്ങയിലെ പരേതനായ കോരൻ, പെടയങ്ങോട്ടെ ആർ.കെ.മാധവി ദമ്പതികളുടെ മകളാണ്. മകൻ നിവേദ്(വിദ്യാർഥി). സഹോദരങ്ങൾ: സുമിത്ര, നാരായണൻ,സരസ്വതി, കൃഷ്ണൻ, ഉഷ. മൃതദേഹം ഇന്ന് രാവിലെ 8 മുതൽ 10 വരെ സജീവന്റെ വള്ളിയാട്ടെ വീട്ടിലും തുടർന്ന് ഇരിക്കൂർ പെടയങ്ങോട്ടെ ദിവ്യയുടെ വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് 2ന് ചേപ്പറമ്പ് സമുദായ ശ്മശാനത്തിൽ.